News - 2024

ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും ഭക്ഷണം നിരസിച്ച പാക്ക് നടപടി അപലപിച്ച് അമേരിക്ക

സ്വന്തം ലേഖകന്‍ 15-04-2020 - Wednesday

ഇസ്ലാമാബാദ്/ വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ പടരുന്നതിനിടെ ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങളില്‍പ്പെട്ട മതന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണം നിരസിച്ച പാക്കിസ്ഥാന്‍ നടപടിയില്‍ വ്യാപക വിമര്‍ശനം. കറാച്ചി ആസ്ഥാനമായുള്ള സേയ്ലാനി വെല്‍ഫെയര്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന, ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണം നിരസിച്ചുവെന്ന വാര്‍ത്തയാണ് പാക്കിസ്ഥാനെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. വിഷയത്തില്‍ ഭരണകൂടം നിശബ്ദത പാലിച്ചുവെന്ന ആരോപണം ശക്തമാണ്. അതേസമയം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

നടപടിയെ അപലപിച്ച് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം (U.S.C.I.R.F) രംഗത്തെത്തി. കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പാകിസ്ഥാനില്‍ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവര്‍ക്ക് മതവിശ്വാസത്തിന്റെ പേരില്‍ ഭക്ഷണം നിരസിച്ചത് ഹീനമായ നടപടിയാണെന്ന് മതസ്വാതന്ത്ര്യ സംഘടന കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു. ഭക്ഷണം മതഭേദമന്യേ തുല്ല്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കമ്മീഷന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പട്ടിണിമൂലം ജനങ്ങള്‍ മരണമടയുന്നത് തടയുക എന്നതാണ് വികസ്വര രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞകാര്യം ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കുവാന്‍ സര്‍ക്കാരിന് ഇപ്പോള്‍ അവസരം കൈവന്നിരിക്കുകയാണെന്നും, മതന്യൂനപക്ഷങ്ങളെ അവഗണിക്കരുതെന്നും സംഘടനയുടെ മറ്റൊരു കമ്മീഷ്ണറായ ജോണി മൂര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ക്രൈസ്തവരും ഹൈന്ദവരും വിവിധ തരത്തിലുള്ള വിവേചനം നേരിട്ടു സമൂഹത്തില്‍ നിന്ന്‍ പിന്തള്ളപ്പെടുന്നുണ്ടെന്നു അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »