Faith And Reason

കോവിഡ് 19: കന്യകാമറിയത്തിലേക്കു തിരിയാൻ സൗദിയിലെ മുസ്ലിം ഗവർണറുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 17-04-2020 - Friday

റിയാദ്: കൊറോണ വൈറസ് നിയന്ത്രണാതീതമായ പ്രതിസന്ധിഘട്ടത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം മാതൃകയാക്കി സ്വീകരിക്കണമെന്ന് മക്കയിലെ ആസിര്‍ ഗവർണറായ തുർക്കി ബിൻ തലാൽ. ഇസ്ലാമിക വിശ്വാസിയായ അദ്ദേഹം സൗദി ഗസറ്റിൽ എഴുതിയ ഒരു ലേഖനത്തിലൂടെയാണ് തന്റെ അഭിപ്രായം മുന്നോട്ടുവച്ചത്. വൈറസിനെ പ്രതിരോധിക്കാൻ വിശ്വാസത്തിൽ ആശ്രയിക്കുന്നതിന്റെയും, ധൈര്യത്തോടെ കോവിഡ്-19 നെ നേരിടുന്നതിന്റെയുമെല്ലാം സംഭവബഹുലമായ നിരവധി കഥകൾ ഈ നാളുകളിൽ നാം കേൾക്കുന്നുണ്ടെന്നും, എന്നാൽ യേശുവിന്റെ അമ്മയായ മറിയം പ്രതിസന്ധികളെ അതിജീവിച്ച സംഭവം, നമുക്ക് പിടിച്ചുനിൽക്കാൻ ശക്തി നൽകുന്ന വളരെ പ്രത്യേകതയുള്ള ഒരു ജീവിതകഥയാണെന്നു തുർക്കി ബിൻ തലാൽ പറഞ്ഞു.

ഗർഭിണിയായി ഇരിക്കുന്ന സമയത്ത് അടക്കം നിരവധി പ്രശ്നങ്ങളെ മറിയത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ദൈവിക സ്വരം ശ്രവിച്ചതിനാലാണ്, മറിയത്തിന് ക്ലേശങ്ങളെയെല്ലാം അതിജീവിച്ച് അവസാന വിജയം നേടാൻ സാധിച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു. ഏറെ ബഹുമാനത്തോടെ കൂടിയാണ് ഇസ്ലാം മതവിശ്വാസികൾ പരിശുദ്ധ കന്യകാമറിയത്തെ നോക്കി കാണുന്നത്. ബൈബിളിൽ നൽകുന്നത് പോലെ തന്നെ, മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലും കന്യകാമറിയത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. എന്നാൽ അടിസ്ഥാനപരമായ മറ്റ് പല വിശ്വാസസത്യങ്ങളെ സംബന്ധിച്ചും ബൈബിളിൽ നിന്ന് വൈരുധ്യമുള്ള കാര്യങ്ങളാണ് ഖുർആൻ പഠിപ്പിക്കുന്നത്.

യേശുക്രിസ്തു മണ്ണിൽ നിന്ന് പക്ഷിയെ ഉണ്ടാക്കുന്നത് അടക്കമുള്ള നിരവധി കഥകൾ ഖുർആനിലുണ്ട്. എന്നാൽ ഇതെല്ലാം ആദ്യകാലങ്ങളിലെ ചില പാഷണ്ഡതകളിൽ നിന്നും എടുത്തിട്ടുള്ളതാണെന്നാണ് ചരിത്രകാരൻമാരുടെ ഭാഷ്യം. ക്രിസ്തുവിന്റെ ദൈവികതയെ ഇസ്ലാം മത വിശ്വാസികൾ അംഗീകരിക്കുന്നില്ല. പരിശുദ്ധ കന്യാമറിയത്തിലൂടെ മുസ്ലിം മത വിശ്വാസികൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമെന്ന് കരുതുന്ന നിരവധി ആളുകളുണ്ട്. ക്രിസ്തുവിലൂടെ ദൈവം ലോകത്തെ രക്ഷിച്ചു. ആ രക്ഷകനെ മറിയത്തിലൂടെ ലോകമറിയുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. ഖുർആനില്‍ മറിയത്തെ പോലെ പ്രാധാന്യം നൽകുന്ന ഏക സ്ത്രീ മുഹമ്മദിൻറെ മകളായ ഫാത്തിമ മാത്രമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവർ പോർച്ചുഗൽ തിരിച്ചു പിടിച്ചപ്പോൾ, അവിടം ഭരിച്ചിരുന്ന അന്നത്തെ മുസ്ലിം രാജാവിന്റെ മകളായിരുന്ന ഫാത്തിമ, ഹെര്‍മിഗസ് എന്ന ക്രൈസ്തവ പോരാളിയുമായി പ്രണയത്തിലാവുകയും, അദ്ദേഹത്തെ വിവാഹം ചെയ്യുകയും ചെയ്തു. അയാൾ അവർ ജീവിച്ചിരുന്ന പട്ടണത്തിന് ഫാത്തിമ എന്ന് പേരിട്ടു. പ്രസ്തുത പട്ടണത്തിലാണ് 1917ൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. മിഷ്ണറിമാരുടെ പ്രവർത്തനം കൊണ്ട് മാത്രമല്ല മാതാവിനോടുള്ള ഭക്തി കൊണ്ടും ഇസ്ലാം മത വിശ്വാസികൾ കത്തോലിക്കാ സഭയിലേക്ക് കടന്നുവരുമെന്ന് ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ ഉറച്ചുവിശ്വസിച്ചിരുന്നു.

മുസ്ലിം മത വിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി തന്നെയാണ് ഫാത്തിമ എന്ന സ്ഥലത്ത് തന്നെ മാതാവ് പ്രത്യക്ഷപ്പെട്ടതെന്ന് ഷീൻ കരുതിയിരുന്നു. ഇസ്ലാം മത വിശ്വാസികൾക്ക് പ്രത്യാശയുടെ സന്ദേശവുമായാണ് 'ഔർ ലേഡി ഓഫ് ഫാത്തിമ' എന്നറിയപ്പെടാൻ പരിശുദ്ധ കന്യകാമറിയം തീരുമാനിച്ചതെന്നും മറിയത്തെ ബഹുമാനിക്കുന്ന ഇസ്ലാംമത വിശ്വാസികൾ ഒരിക്കൽ, ദൈവപുത്രനായ ക്രിസ്തുവിനെയും ബഹുമാനിക്കുമെന്നും ആർച്ച് ബിഷപ്പ് ഷീൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 2017-ല്‍ അബുദാബിയിലെ മുഷ്രിഫിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പള്ളി 'മേരി ദി മദർ ഒാഫ് ജീസസ്' പേരില്‍ പുനര്‍ നാമകരണം ചെയ്തത് വലിയ വാര്‍ത്തയായിരിന്നു.


Related Articles »