Life In Christ - 2025
സഭയുടെ നിശബ്ദ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് സ്പാനിഷ് മേയർമാർ
സ്വന്തം ലേഖകൻ 18-04-2020 - Saturday
മാഡ്രിഡ്: കൊറോണ പ്രതിസന്ധിക്കിടയില്‍ കത്തോലിക്ക സഭ തുടരുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് മാഡ്രിഡിലേയും സമീപ നഗരങ്ങളിലേയും മേയര്‍മാരുടെ നന്ദിയും അഭിനന്ദനവും. മാഡ്രിഡ് മേയറും കേന്ദ്ര വലതുപക്ഷ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധിയുമായ ജോസ് ലൂയിസ് മാര്‍ട്ടിനെസ്-അല്‍മെയിഡ മാഡ്രിഡ് അതിരൂപതയില്‍ വൈദികർ നടത്തിയ നിശബ്ദവും വീരോചിതവുമായ സേവനത്തിന് ഓരോ വൈദികർക്കും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് കത്തെഴുതിയത്.
പീപ്പിള്‍സ് പാര്‍ട്ടിയംഗവും അരാഞ്ചുവെസ് മേയറുമായ മരിയ ജോസ് ഫുയന്റെയും സമാനമായ കത്തയച്ചിരുന്നുവെന്ന് ഗെറ്റാഫെ രൂപത അറിയിച്ചു. കൊറോണ മൂലം മരണപ്പെട്ട പ്രിയപ്പെട്ടവരുടെ അന്തിമ വിടവാങ്ങലിനായി ദിവസവും നിങ്ങള്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിന് എന്റെ അഭിനന്ദനവും നന്ദിയും അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മേയറിന്റെ കത്തില്‍ പറയുന്നത്. സ്പാനിഷ് സോഷ്യല്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയംഗവും സിയംപൊസുവലോസ് മേയറുമായ റാക്ക്വല്‍ ജിമേനോ സമൂഹമാധ്യമങ്ങളിലൂടെയാണ് സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചത്.
സിയംപൊസുവലോസിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും, വിലമതിക്കുവാനാവാത്ത പ്രവര്‍ത്തനങ്ങളാണ് സഭ നടത്തുന്നതെന്നും ഈ പോരാട്ടത്തില്‍ മഹത്തായ പങ്ക് വഹിക്കുന്നതിനു സഭക്ക് കഴിയുമെന്നുമാണ് ജിമേനോയുടെ പോസ്റ്റില്‍ പറയുന്നത്. മേയര്‍ സാന്റിയാഗോ ലോറന്റെയുടെ നേതൃത്വത്തിലുള്ള ലെഗാനിസ് സിറ്റി കൗണ്‍സില്‍, ഇടവക വൈദികർ നടത്തുന്ന സേവനങ്ങള്‍ക്ക് ട്വിറ്ററിലൂടെയാണ് നന്ദി അര്‍പ്പിച്ചത്. പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും ഇടയില്‍ വിവിധ സന്നദ്ധ സേവനങ്ങളാണ് സഭാനേതൃത്വം തുടരുന്നത്. അനുദിനം പ്രാര്‍ത്ഥനയും, രോഗികൾക്ക് വിശുദ്ധ കുര്‍ബാന നല്‍കലും, രോഗികളുടെ കുടുംബങ്ങള്‍ക്ക് ആത്മീയമായ സാന്ത്വനവുമേകിക്കൊണ്ട് ആയിരകണക്കിന് വൈദികരാണ് സ്പെയിനില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.