News - 2025

നോമ്പില്‍ പ്രാർത്ഥന പ്രചാരണത്തിന് വാതിലുകൾ തുറന്നിടാൻ സ്പെയിനിലെ മഠങ്ങൾ

പ്രവാചകശബ്ദം 16-02-2024 - Friday

മാഡ്രിഡ്: നോമ്പുകാലത്ത് പ്രാർത്ഥനാ പ്രചാരണത്തിന് വേണ്ടി സ്പെയിനിലെ ഡി ക്ലൗസുറാ ഫൗണ്ടേഷന്റെ ക്യാമ്പയിൻ ശ്രദ്ധ നേടുന്നു. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച പ്രാർത്ഥനാ വർഷത്തിന്റെ ഭാഗമായുള്ള ക്യാമ്പയിന് "സ്ലോ ഡൗൺ. സ്റ്റോപ്പ്. പ്രേ" എന്നതാണ് ആപ്തവാക്യം നല്‍കിയിരിക്കുന്നത്. നോമ്പുകാലത്ത് വിശ്വാസി സമൂഹത്തിന് ദൈവവുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കുന്നതിന് വേണ്ടി മിണ്ടാമഠങ്ങൾ ഉൾപ്പെടെ നൂറോളം സന്യാസ മഠങ്ങളുടെ ചാപ്പൽ വാതിലുകൾ മാർച്ച് ഏഴാം തീയതി നോമ്പുകാലത്തെ മൂന്നാമത്തെ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് തുറന്നിടും. ഇതുവഴി വിവിധ സന്യാസ സമൂഹങ്ങളുടെ പ്രാർത്ഥനാരീതികൾ മനസ്സിലാക്കാൻ വിശ്വാസി സമൂഹത്തിന് അവസരം നല്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.

വിസിറ്റേഷൻ സിസ്റ്റേഴ്സ്, പൂവർ ക്ലാരാസ്, ഫ്രാൻസിസ്കൻ കൺവൻഷനിസ്റ്റ് തുടങ്ങിയ സന്യാസ സമൂഹങ്ങള്‍ ക്യാമ്പയിന്റെ ഭാഗമാണ്. ക്യാമ്പയിന്റെ ഭാഗമായുള്ള മറ്റ് സന്യാസ സമൂഹങ്ങളുടെ പേരുകൾ ഡി ക്ലൗസുറാ ഫൗണ്ടേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പെയിനിലെ എണ്ണായിരത്തോളം വരുന്ന സന്യസ്തരെ പ്രതിനിധീകരിച്ച് ബെനഡിക്റ്റൻ, അഗസ്റ്റീനിയൻ, കമാൾഡോളിസ്, സിസ്റ്റേർസിയൻ സന്യസ്തർ - സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന അവരുടേതായ ശൈലിയില്‍ ചെല്ലുന്ന വീഡിയോ ഫൗണ്ടേഷൻ പുറത്തിറക്കിയിരുന്നു.


Related Articles »