Life In Christ - 2025

വിശ്വാസികളുടെ നിരന്തര അഭ്യര്‍ത്ഥന: രാജ്യത്തെ ദൈവ മാതാവിന് സമർപ്പിക്കാൻ തയ്യാറെടുത്ത് ഇറ്റലി

സ്വന്തം ലേഖകൻ 22-04-2020 - Wednesday

റോം: കോവിഡ് അനേകായിരങ്ങളുടെ ജീവനെടുത്ത ഇറ്റലിയില്‍ വിശ്വാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന മാനിച്ച് രാജ്യത്തെ ദൈവമാതാവിന് സമര്‍പ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ തീരുമാനം. മെയ് ഒന്നാം തീയതി, ബെർഗാമോ പ്രവിശ്യയില്‍ സാന്താ മരിയ ഡെൽ ഫോണ്ടെ ബസിലിക്കയിൽ വച്ച് ഇറ്റാലിയൻ മെത്രാന്മാർ രാജ്യത്തെ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിനായി രാജ്യത്തെ സമർപ്പിക്കും. നിരവധി കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥലമാണ് ബെർഗാമോ. മാതാവിനോട് ഭക്തിയും, സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് വിശ്വാസികളുടെ മുന്നൂറോളം കത്തുകൾ ഈ നാളുകളിൽ ലഭിച്ചുവെന്നും, അവരിൽ പലരും മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് എന്തുകൊണ്ടാണ് രാജ്യത്തെ സമർപ്പിക്കാത്തത് എന്ന ചോദ്യം ഉന്നയിച്ചുവെന്നും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷനായ കർദ്ദിനാൾ ഗ്വാൾട്ടിറോ ബസേത്തി പറഞ്ഞു.

വിശ്വാസികളെ നയിക്കേണ്ട ചുമതല സാധാരണയായി ഇടയന്മാർക്കാണ്, എന്നാൽ പലപ്പോഴും വിശ്വാസികളാണ് എന്താണ് ചെയ്യേണ്ടതെന്ന് ഇടയന്മാർക്ക് പറഞ്ഞുകൊടുക്കുന്നത്. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന പ്രത്യേക മാസമായതിനാലാണ്, പ്രസ്തുത മാസം ഒന്നാം തീയതി തന്നെ ഇറ്റലിയെ മാതാവിന് സമർപ്പിക്കാൻ തീരുമാനമെടുത്തതെന്ന് മെത്രാൻ സമിതി ഏപ്രിൽ 20ന് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

അന്നേദിവസം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിവസമാണ് എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ, തൊഴിൽപരമായ ആശങ്കകൾ ഉള്ളവർക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥം തേടാനും സാധിക്കുമെന്നും ഇറ്റാലിയൻ മെത്രാന്മാർ പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രോഗികളെയും, ആരോഗ്യ പ്രവർത്തകരെയും, ഡോക്ടർമാരെയും, കുടുംബങ്ങളെയും, മരണമടഞ്ഞവരെയും മാതാവിനു സമർപ്പിക്കുന്നതായും മെത്രാൻ സംഘം കൂട്ടിചേർത്തു. കൊറോണാ വൈറസ് മൂലം ക്ലേശിക്കുന്ന ഒരു ജനസമൂഹം ചുറ്റുമുള്ളതിനാലാണ്, മരിയൻ സമർപ്പണത്തിനു വേണ്ടി ബെര്‍ഗാമോയിലെ തന്നെ സാന്താ മരിയ ഡെൽ ഫോണ്ടെ ദേവാലയം തന്നെ തെരഞ്ഞെടുത്തതെന്നും സമിതി വ്യക്തമാക്കി.

മരിയൻ പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് പതിനഞ്ചാം നൂറ്റാണ്ടിൽ സാന്താ മരിയ ഡെൽ ഫോണ്ടെ ദേവാലയം നിർമിക്കപ്പെട്ടിട്ടുള്ളത്. 1432 മെയ് മാസം ഇരുപത്തിയാറാം തീയതി ജിയനേറ്റ വരോളി എന്ന പെൺകുട്ടിക്കാണ് ദൈവ മാതാവ് പ്രത്യക്ഷപ്പെടുന്നത്. വെള്ളിയാഴ്ച ദിവസത്തെ ഉപവാസവും, മറ്റ് പാപപരിഹാര പ്രായശ്ചിത്തങ്ങളും പരിശുദ്ധ കന്യാമറിയം അന്ന് നിർദ്ദേശിച്ചിരുന്നു. ആദ്യം ചെറിയൊരു ദേവാലയമാണ് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പണികഴിപ്പിച്ചത്. പിന്നീട് നൂറു വർഷങ്ങൾക്ക് ശേഷം, 1575ൽ മിലാൻ മെത്രാനായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോയാണ് ഇന്ന് കാണുന്ന വിധമുള്ള ദേവാലയം പുനർനിർമ്മിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »