Faith And Reason - 2024

അമേരിക്കയും കാനഡയും പരിശുദ്ധ കന്യകാമറിയത്തിന്: പുനർ സമർപ്പണം മെയ് 1ന്

സ്വന്തം ലേഖകൻ 24-04-2020 - Friday

വാഷിംഗ്ടൺ ഡിസി: അമേരിക്കയെ "സഭയുടെ അമ്മയായ മറിയത്തിന്" പുനർസമർപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് അമേരിക്കൻ ദേശീയ മെത്രാൻ സമിതിയുടെ അധ്യക്ഷനും ലോസ്ആഞ്ചലസ് ആർച്ചുബിഷപ്പുമായ ജോസ് ഗോമസ്. മെയ് മാസം ഒന്നാം തീയതിയാണ് പുനർ സമർപ്പണം നടത്തുക. തന്നോടൊപ്പം അതേദിവസം പുനർസമർപ്പണത്തിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടുകൊണ്ട്  മെത്രാൻ സമിതി അംഗങ്ങൾക്ക് ഏപ്രിൽ 22നു അദ്ദേഹം കത്തയച്ചിട്ടുണ്ട്. ഇതേ ദിവസം തന്നെ കനേഡിയൻ മെത്രാൻ സമിതിയും രാജ്യത്തെ മാതാവിന് പുനർസമർപ്പിക്കും. എല്ലാവർഷവും മെയ് മാസം ദൈവ മാതാവിന്റെ പ്രത്യേക മാധ്യസ്ഥം സഭ തേടാറുണ്ട്. ഈവർഷം കൊറോണ പകർച്ചവ്യാധിയെ നേരിടുമ്പോൾ ആത്മാർത്ഥതയോടുകൂടി ദൈവ മാതാവിന്റെ മാധ്യസ്ഥം വീണ്ടും തേടുകയാണെന്ന് ആർച്ച് ബിഷപ്പ് ജോസ് ഗോമസ് കത്തിലൂടെ പറഞ്ഞു.

കനേഡിയൻ മെത്രാൻ സമിതിയുടെ നേതൃത്വവുമായി, അമേരിക്കൻ മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മെയ് ഒന്നാം തീയതി പുനർസമർപ്പണത്തിനായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മെത്രാൻ സമിതിയുടെ ആരാധനാലയങ്ങൾക്ക് വേണ്ടിയുള്ള സെക്രട്ടറിയേറ്റും, കമ്മ്യൂണിക്കേഷൻ വിഭാഗവും വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും ആർച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു. വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച്, രാജ്യത്തെ മാതാവിനു സമർപ്പിക്കുമെന്ന് ഇറ്റാലിയൻ മെത്രാൻ സമിതിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്, സഭയുടെ അമ്മ എന്ന വിശേഷണം  രണ്ടാംവത്തിക്കാൻ സൂനഹദോസ് നടക്കുന്നതിനിടയിൽ പോൾ ആറാമൻ മാർപാപ്പയാണ് നൽകിയത്. പെന്തക്കുസ്താ കഴിഞ്ഞു വരുന്ന തിങ്കളാഴ്ച ദിവസം സഭയുടെ മാതാവായ, മറിയത്തെ ആരാധനക്രമത്തിൽ അനുസ്മരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ 2018ൽ ആഗോള സഭയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. മെയ് ഒന്നാം തീയതി, രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും രോഗബാധിതരാകാൻ സാധ്യതയുള്ളവർക്കും, മറിയത്തിന്റെ സംരക്ഷണം തേടാനുള്ള അവസരമായി എടുക്കാമെന്ന് ആർച്ച് ബിഷപ്പ് ജോസ് ഗോമസ് കത്തിൽ കൂട്ടിച്ചേർത്തു.

കോവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ദൈവമാതാവിന് പുനർ സമർപ്പിക്കുവാൻ മുന്നോട്ട് വരുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ പുനർ സമർപ്പണം നടത്തിയിരിക്കുന്നത് 26 ലക്ഷം പേരെ ബാധിച്ചിരിക്കുന്ന കോവിഡ് 185000 ആളുകളുടെ ജീവനാണ് ഇതിനോടകം അപഹരിച്ചിരിക്കുന്നത്.


Related Articles »