India - 2025
10000 മാസ്‌കുകളും 1000 കുപ്പി സാനിറ്റൈസറുകളും നെയ്യാറ്റിന്‍കര രൂപത കൈമാറി
25-04-2020 - Saturday
നെയ്യാറ്റിന്‍കര: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര രൂപത 10000 ഫെയ്‌സ് മാസ്‌കുകളും 1000 കുപ്പി സാനിറ്റൈസറുകളും നെയ്യാറ്റിന്‍കര രൂപത ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍.വിനോദിന് കൈമാറി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടപദ്ധതിയുടെ ഭാഗമായാണ് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസും രൂപതാ ടെമ്പറാലിറ്റിയുടെ ചുമതലയുള്ള മോണ്‍.അല്‍ഫോന്‍സ് ലിഗോരിയും പ്രൊക്യുറേറ്റര്‍ ഫാ.ക്രിസ്റ്റഫറും ചേര്‍ന്ന് ഫേസ് മാസ്‌കുകളും സാനിറ്റൈസറുകളും കൈമാറിയത്.
ഒന്നാം ഘട്ടപദ്ധതിയുടെ ഭാഗമായി നെയ്യാറ്റിന്‍കര രൂപത ലോക്ക് ഡൗണില്‍ കഴിയുന്ന നിര്‍ധനരായവര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ കമ്യൂണിറ്റി കിച്ചന്‍ പദ്ധതിയുമായി കൈകോര്‍ത്തുകൊണ്ട് നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നഗരസഭ ഉള്‍പ്പെടെയുളള വിവിധ പഞ്ചായത്തുകള്‍ക്കായി ഭക്ഷണ സാധനങ്ങളും പലവ്യജ്ഞനവും വിതരണം ചെയ്തിരുന്നു.
കൂടാതെ നിംസ് മെഡിസിറ്റിയുമായി ചേര്‍ന്ന്, വാഴിച്ചാല്‍ ഇമ്മാനുവേല്‍ കോളജിന്റെ നേതൃത്വത്തില്‍ 501 മുട്ടകള്‍ വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് നെയ്യാറ്റിന്‍കര രൂപത വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് രൂപതാ ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ അറിയിച്ചു.