News - 2025
കോവിഡ് ഇരകൾക്ക് തങ്ങളുടെ അലവന്‍സ് നൽകാന്‍ ഇറാഖി വൈദികരുടെ തീരുമാനം
സ്വന്തം ലേഖകന്‍ 25-04-2020 - Saturday
ബാഗ്ദാദ്: തങ്ങൾക്ക് ലഭിക്കുന്ന അലവന്‍സ് തുക കൊറോണ വൈറസ് ഇരകൾക്കും പാവപ്പെട്ടവർക്കും നൽകാൻ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർ തീരുമാനിച്ചു. ദുരിത കാലത്ത് ക്ലേശമനുഭവിക്കുന്നവരെ സഹായിക്കാനായി കൽദായ സഭയുടെ തലവനായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ രൂപീകരിച്ച ഫണ്ടിലേക്കായിരിക്കും വൈദികർ സംഭാവനകൾ നൽകുന്നത്. കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയും, സഹായ മെത്രാന്മാരും വൈദികരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അലവന്‍സ് നൽകുന്നതിനെ പറ്റിയുള്ള അന്തിമമായ തീരുമാനത്തിലെത്തിയത്. കൂടിക്കാഴ്ചയിൽ ഇപ്പോഴത്തെ സ്ഥിതിഗതികൾ അവർ വിലയിരുത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹ്യ അകലം പാലിക്കുക, സർക്കാർ നൽകുന്ന ആരോഗ്യ നിർദേശങ്ങൾ അനുസരിക്കുക തുടങ്ങിയ കാര്യങ്ങൾ കർദ്ദിനാൾ സാക്കോ ഊന്നി പറഞ്ഞു.
ഇടവകകളിലെ വേദപാഠം, യുവജനങ്ങൾക്കു വേണ്ടിയുള്ള മറ്റു പരിപാടികൾ തുടങ്ങിയവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്. വിശ്വാസികളുമായുള്ള ബന്ധം നിലനിർത്തുന്നതിനുവേണ്ടി ഇന്റർനെറ്റും, സാമൂഹ്യമാധ്യമങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ പറ്റി കൽദായ സഭ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്ന് കർദ്ദിനാൾ സാക്കോ വിശദീകരിച്ചു. കൊറോണയെന്ന പൊതു ശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ വ്യക്തിതാൽപര്യങ്ങൾ മാറ്റിവെച്ചു ഐക്യത്തിന്റെ പാതയിൽ മുന്നോട്ടു നീങ്ങണമെന്ന് അദ്ദേഹം ക്രൈസ്തവ വിശ്വാസികളോടും, ഇറാഖി ജനതയോടും ആവശ്യപ്പെട്ടു. ഒടുവില്‍ പുറത്തുവന്നിരിക്കുന്ന കണക്കുകൾ പ്രകാരം ഇറാഖിൽ 1677 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 83 പേർ മരണമടഞ്ഞു. 1171 പേർ രോഗമുക്തി നേടി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക