News - 2025

ശുശ്രൂഷയ്ക്കിടെ കൊറോണ: ഇറ്റലിയുടെ പ്രിയ ആഫ്രിക്കന്‍ കന്യാസ്ത്രീ വിടവാങ്ങി

സ്വന്തം ലേഖകന്‍ 01-05-2020 - Friday

റിയറ്റി, ഇറ്റലി: കാല്‍ നൂറ്റാണ്ടിലധികം ഇറ്റലിയിലെ വൃദ്ധ ജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആഫ്രിക്കന്‍ സ്വദേശിനിയായ കന്യാസ്ത്രീ സിസ്റ്റര്‍ അനസ്റ്റാസ്യ ക്രിസ്റ്റ്യന്‍ മലിസ (60) അന്തരിച്ചു. കൊറോണ രോഗബാധയെ തുടര്‍ന്നായിരിന്നു ടാന്‍സാനിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ അനസ്റ്റാസ്യ വിടവാങ്ങിയത്. കഴിഞ്ഞ ഒരു മാസമായി റിയറ്റിയിലെ സാന്റാ ലൂസിയ നേഴ്സിംഗ് ഹോമില്‍ ചികിത്സയിലായിരിന്നു. പ്രായമായ നിരവധി കൊറോണ ബാധിതരുള്ള സാന്റാ ലൂസിയ നേഴ്സിംഗ് ഹോമിലെ വയോജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യവേയാണ് സിസ്റ്റര്‍ അനസ്റ്റാസ്യക്ക് കൊറോണ പിടിപെടുന്നത്.

കൊറോണ സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം റിയറ്റിയിലെ സാന്‍ കാമില്ലോ ഡെ ലെല്ലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‍ ഐ.സി.യു വിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. ഒരുമാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സിസ്റ്റര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞത്. പുവര്‍ ക്ലെയേഴ്സ് സഭാംഗമായിരുന്ന സിസ്റ്റര്‍ അനസ്റ്റാസ്യയെ 'സിസ്റ്റര്‍ അന്ന' എന്നാണ് റിയറ്റിക്കാര്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്. തന്റെ മുപ്പതിനാലാമത്തെ വയസ്സില്‍ ടാന്‍സാനിയയില്‍ നിന്നും ഇറ്റലിയിലെത്തിയ സിസ്റ്റര്‍ അനസ്റ്റാസ്യ 26 വര്‍ഷങ്ങളായി ഇറ്റലിയില്‍ സേവനം തുടരുകയായിരിന്നു.

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അസീസ്സിയില്‍ നിന്നും റിയറ്റിയിലെത്തുന്നത്. തുടര്‍ന്നു റിയറ്റിയിലെ സാന്റാ ലൂസിയ നേഴ്സിംഗ് ഹോമിലെ വയോധികരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരിന്നു. “ഊഷ്മളമായ പുഞ്ചിരിയുള്ള ആഫ്രിക്കന്‍ കന്യാസ്ത്രീ” എന്നാണ് ഇറ്റലിയിലെ അസീസിയിലും, റിയറ്റിയിലുമുള്ളവര്‍ സിസ്റ്റര്‍ അനസ്റ്റാസ്യയെപ്പറ്റി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിസ്റ്റര്‍ അനസ്താസ്യക്ക് സമാനമായി ശുശ്രൂഷയ്ക്കിടെ നിരവധി വൈദികരും കന്യാസ്ത്രീകളുമാണ് ഇറ്റലിയില്‍ കൊറോണ മൂലം മരണപ്പെട്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »