News - 2025
കൊറോണ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ചേരിത്തിരിവ് ഒഴിവാക്കി കൂടെ?: അഭ്യര്‍ത്ഥനയുമായി ഇറാഖി പാത്രിയർക്കീസ്
സ്വന്തം ലേഖകന്‍ 02-05-2020 - Saturday
ബാഗ്ദാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ഇറാഖിലെ കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ റാഫേൽ സാക്കോ. ലോകത്തെയും ഇറാഖിനെയും വളഞ്ഞിരിക്കുന്ന ഒരു മഹാമാരിയുടെ അടിയന്തിര ഘട്ടത്തില്‍ നിലവിലുള്ള ഒരു രാഷ്ട്രീയപക്ഷവുമായി കൂട്ടുചേരാതെ മക്കളുടെ ഭാവിക്കായി രാജ്യത്തെ പടുത്തുയര്‍ത്താന്‍ പോരുന്ന ഒരു സ്വതന്ത്രമായ നേതൃത്വം നാടിനെ രക്ഷിക്കാന്‍ അനിവാര്യമാണ്. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമോ, രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയോ ഇല്ലാതിരിക്കെ സമഗ്രതയും, ദേശസ്നേഹവും, നിഷ്പക്ഷതയും, വിശ്വാസ്യതയുമുള്ള വ്യക്തികള്‍ ഒത്തുചേര്‍ന്ന് ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കേണ്ട അടിയന്തിര ഘട്ടത്തിലൂടെയാണ് ഇറാഖ് കടന്നുപോകുന്നതെന്നു അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു.
പ്രായാധിക്യമെത്തിയ തന്‍റെ സ്വപ്നമാണ് അത്. രണ്ടായിരത്തിലധികം കൊറോണ രോഗബാധിതരെ ഇറാഖില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംഘര്‍ഷങ്ങളും വ്യക്തിതാല്പര്യങ്ങളും അടിയന്തിരമായി ഒഴിവാക്കുകയും, ജീവന്‍ എടുക്കുകയും സാമ്പത്തിക സാമൂഹിക തകര്‍ച്ചകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പൊതുശത്രുവായ വൈറസിനെ ഇല്ലാതാക്കുവാനും രാഷ്ട്രത്തെ രക്ഷിക്കുവാനും ഐക്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പാതയില്‍ ഇറാഖികള്‍ ഒരുമിക്കണമെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. പീഡിപ്പിക്കപ്പെട്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടും നാടുവിട്ടുപോകേണ്ടിവന്ന പത്തു ലക്ഷത്തില്‍പ്പരം ക്രൈസ്തവരെ ഓര്‍ത്ത് തന്‍റെ മനസ്സു തകരുമ്പോഴും, ശേഷിക്കുന്ന ഇറാഖിലെ എല്ലാ ജനങ്ങളെ മഹാമാരിയില്‍നിന്നും എല്ലാത്തരം പീഡനങ്ങളില്‍നിന്നും രക്ഷിക്കുവാനാണ് താന്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക