News - 2024

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കുവാന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 11-05-2020 - Monday

ലണ്ടന്‍: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങളോടുകൂടി പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കുവാന്‍ ഒരുങ്ങുന്നു. വിശുദ്ധ കുർബാനയിൽ ഒരേസമയത്ത് പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ പലസ്ഥലങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ദേവാലയത്തിൽ പ്രവേശിക്കും മുമ്പ് വിശ്വാസികൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം, കുർബാനയ്ക്കിടയിൽ സമാധാനം പരസ്പരം ആശംസിക്കാൻ പാടില്ല, കൈകളിൽ മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടുള്ളൂ എന്ന് തുടങ്ങിയ നിരവധി നിർദ്ദേശങ്ങളോടെയാണ് ദേവാലയങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്നത്.

ആറ് ആഴ്ച നീണ്ടുനിന്ന കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം ഫ്രഞ്ച് സർക്കാർ ഇന്ന് (മെയ് പതിനൊന്നാം തീയതി) മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദേവാലയങ്ങളിൽ ദിവ്യബലിയർപ്പണം ആരംഭിക്കാൻ ജൂൺ രണ്ടാം തീയതി വരെ കാത്തിരിക്കേണ്ടിവരും. മെയ് 31ാം തീയതിയിലെ പന്തക്കുസ്ത തിരുനാൾ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അതിന് തയ്യാറായിട്ടില്ല. അതേസമയം വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി ദേവാലയങ്ങളിലേക്ക് പ്രവേശിക്കാമെന്ന് സഭാ അധികൃതർ വിശ്വാസികളോട് വ്യക്തമാക്കിയിട്ടുണ്ട്.

സ്വിറ്റ്സർലൻഡിൽ ജൂൺ എട്ടാം തീയതി പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കുന്നതിനു മുമ്പ് പാലിക്കേണ്ട നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് രാജ്യത്തെ മെത്രാൻ സമിതി വിശ്വാസികളെ അറിയിച്ചു. ആദ്യകുർബാന സ്വീകരണം, വിവാഹം, മാമോദിസ തുടങ്ങിയ ചടങ്ങുകൾ സാമൂഹ്യ അകലം പാലിച്ചു വേണം നടത്താനെന്ന് കര്‍ശന നിര്‍ദേശമുണ്ട്. വിശുദ്ധ കുർബാനയ്ക്കുശേഷം ആളുകൾ സ്പർശിച്ച വസ്തുക്കളെല്ലാം അണുവിമുക്തമാക്കണം. എന്തെങ്കിലുമൊരു രോഗാവസ്ഥയിലുള്ളവർ വീട്ടിൽ തന്നെ ഇരിക്കുന്നതായിരിക്കും അഭികാമ്യമെന്ന് മെത്രാന്മാർ വ്യക്തമാക്കി.

ജർമനിയിൽ ഏപ്രിൽ 20നു ദിവ്യബലി അർപ്പണം ആരംഭിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും, ഏതാനും ചില രൂപതകൾ മെയ് പത്താം തീയതിയിലേക്ക് മാറ്റിവെക്കുകയായിരിന്നു. മെത്രാൻമാരുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കി എല്ലാ രൂപതകളും വിവിധ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം ബ്രിട്ടനിൽ പൊതു ദിവ്യബലിയർപ്പണമെന്നു പുനരാരംഭിക്കും എന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല. സാവകാശം വിശുദ്ധ കുർബാന പുനരാരംഭിക്കാൻ കഴിഞ്ഞെക്കുമെന്ന പ്രതീക്ഷയാണ് ബ്രിട്ടനിലെ മെത്രാന്മാർ പങ്കുവെച്ചിരിക്കുന്നത്.

ഇറ്റലിയിൽ മെയ് പതിനെട്ടാം തീയതി പൊതു ദിവ്യബലിയർപ്പണം പുനരാരംഭിക്കും. വിശ്വാസികൾ മാസ്ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം, പനിയുടെ ലക്ഷണമുള്ളവരും, കൊറോണ വൈറസ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ദേവാലയത്തിൽ എത്താൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ഇറ്റലിയിലെ മെത്രാൻ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം കുമ്പസാരമടക്കമുള്ള നടത്തേണ്ടത് എന്ന നിർദ്ദേശവും മെത്രാൻ സമിതി പുറപ്പെടുവിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »