News - 2025
ദേവാലയങ്ങള്‍ അടച്ചിടുന്നത് നീട്ടാനുള്ള തീരുമാനത്തിനെതിരെ ബ്രിട്ടീഷ് മെത്രാന്മാര്‍
സ്വന്തം ലേഖകൻ 13-05-2020 - Wednesday
ലണ്ടന്‍: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ യുകെയിലെ ദേവാലയങ്ങള്‍ ജൂലൈ നാലു വരെ അടച്ചിടണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇംഗ്ളണ്ടിലേയും, വെയില്‍സിലേയും മെത്രാന്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചു. മെയ് 11ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ദേവാലയങ്ങള്‍ അടച്ചിടുന്നത് തുടരണമെന്ന സര്‍ക്കാര്‍ തീരുമാനത്തോടുള്ള അതൃപ്തി മെത്രാന്‍ സമിതി അറിയിച്ചത്. മറ്റുള്ള രാഷ്ട്രങ്ങളില്‍ ദേവാലയങ്ങള്‍ ഇതിനോടകം തന്നെ തുറന്ന കാര്യം ചൂണ്ടിക്കാട്ടിയ സഭ വിശദമായ പദ്ധതിക്കനുസൃതമായിരിക്കണം സര്‍ക്കാര്‍ നിലപാട് എടുക്കേണ്ടതെന്നും പ്രസ്താവിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂർണ്ണമായി അനുസരിക്കുകയും, ദൗത്യസേനക്കൊപ്പം പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള കത്തോലിക്കാ സഭ, പൊതുആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് ദേവാലയങ്ങള്‍ സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കായി തുറക്കുന്നത് സംബന്ധിച്ച വിശദമായ ഒരു പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ദേവാലയങ്ങള്‍, കേശാലങ്കാര സ്ഥാപനങ്ങള്‍, പബ്ബുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവയെ സര്‍ക്കാരിന്റെ ലോക്ക് ഡൗൺ ഇളവ് നൽകൽ പദ്ധതിയിലെ അവസാന മൂന്നാമത്തെ ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ദേവാലയങ്ങള്‍ പൊതു ആരാധനകള്‍ക്കായി തുറക്കണമെന്ന ആവശ്യവുമായി നിരവധി കോളുകളാണ് മെത്രാന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദേവാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി അത്മായ കത്തോലിക്കര്‍ വീഡിയോ പുറത്തിറക്കിയിരിന്നു. അത് നവ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിന്നു. ജോണ്‍ ഹോപ്കിന്‍സ് കൊറോണ സെന്ററിന്റെ കണക്കനുസരിച്ച് അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കൊറോണ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് യുകെയിലാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക