News - 2024

കൊറോണ ഇരകള്‍ക്കായി ശമ്പളം ദാനം ചെയ്തുക്കൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖകന്‍ 14-05-2020 - Thursday

വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ശമ്പളം കൊറോണ ബാധിതരുടെ ക്ഷേമത്തിന് സംഭാവന ചെയ്തുകൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ തീരുമാനം. നേരത്തെ പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കി നൽകിയ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തങ്ങളുടെ ശമ്പളം കൊറോണ പകര്‍ച്ചവ്യാധിക്കിരയായവര്‍ക്ക് സംഭാവന ചെയ്യുവാൻ വത്തിക്കാനിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ചിലര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തപ്പോള്‍ മറ്റ് ചിലര്‍ രണ്ട് മാസത്തെ ശമ്പളമാണ് നല്‍കിയത്. ശമ്പളം സംഭാവന ചെയ്ത വത്തിക്കാന്‍ ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ക്രാജേവ്സ്കി നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഒരു സംഘം പോലീസുകാര്‍ ഉള്‍പ്പെടെ താന്‍ സമീപിക്കാത്തവര്‍ പോലും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് വത്തിക്കാന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഫണ്ടിന്റെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശുദ്ധ പിതാവ് തീരുമാനിക്കുമെന്ന്‍ കര്‍ദ്ദിനാള്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള നിര്‍ധനര്‍ക്ക് വേണ്ടിയായിരിക്കും സംഭാവനകള്‍ വിനിയോഗിക്കുക. റൊമാനിയ, സാംബിയ എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍ ലഭ്യമാക്കുവാനും ഈ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണക്കിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ചെയ്യണമെന്ന് ഏപ്രില്‍ 6ന് ആരാധനാപരമായ ചടങ്ങുകളില്‍ പാപ്പയെ സഹായിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വത്തിക്കാനിലെ വിവിധ കർമ്മ മണ്ഡലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ദ്ദിനാള്‍ ക്രാജേവ്സ്കി കത്തയച്ചിരുന്നു. റോമന്‍ കൂരിയയിലെ മേധാവികള്‍ക്കും, വിവിധ വിഭാഗങ്ങളുടെ തലവന്‍മാര്‍ക്കും, സെക്രട്ടറിമാര്‍ക്കും മറ്റ് പിതാക്കന്‍മാര്‍ ഉള്‍പ്പെടെ ഏതാണ്ട് 250 പേര്‍ക്കാണ് കര്‍ദ്ദിനാള്‍ കത്തയച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »