India - 2025
വൈപ്പിൻ ബേസിക് ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള മനുഷ്യ ചങ്ങല ഇന്ന്
പ്രവാചകശബ്ദം 05-01-2025 - Sunday
വൈപ്പിൻ: മുനമ്പം ഭൂസംരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ ബേസിക് ക്രിസ്റ്റ്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള മനുഷ്യ ചങ്ങല ഇന്ന്. സംസ്ഥാന പാതയിൽ ഫോർട്ട് വൈപ്പിൻ മുതൽ മുനമ്പം ഭൂസമരപന്തൽവരെ 25 കിലോമീറ്റർ ദൈർഘ്യത്തിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. വൈകിട്ട് നാലിന് ആരം ഭിക്കുന്ന മനുഷ്യച്ചങ്ങലയിൽ കാൽ ലക്ഷത്തോളം പേർ കണ്ണികളാകും. ഫോർട്ട് വൈപ്പിനിൽ വരാപ്പുഴ രൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കലും മുനമ്പത്ത് സമരപ്പന്തലിൽ കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിലും ഉദ്ഘാടനം ചെയ്യും.
ഇതിന്റെ ഭാഗമായി ഇന്നലെ പളളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ അവലോകന യോഗം നടത്തി. അതേസമയം മുനമ്പത്തു ജുഡീഷൽ കമ്മീഷൻ്റെ സന്ദർശനത്തിൽ പ്രതീക്ഷയുണ്ടെന്ന് ഭൂസംരക്ഷണ സമിതി വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നുകൂടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി പറഞ്ഞു. മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 85-ാം ദിനത്തിലേക്കെത്തി. ഇന്നലത്തെ സമരം ഫാ. ആൻ്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു.
