News

മിസ് യുഎസ്എ ആയിരുന്ന മുസ്ലീം യുവതി കത്തോലിക്ക സഭയില്‍ ചേര്‍ന്നു

സ്വന്തം ലേഖകന്‍ 11-05-2016 - Wednesday

വാഷിംഗ്ടണ്‍: 2010-ല്‍ മിസ് യുഎസ്എയായി റിമ ഫാഖിഹ് സൗന്ദര്യ കിരീടം ചൂടിയപ്പോള്‍ അതു ചരിത്രത്തിന്റെ കൂടെ ഭാഗമായിരുന്നു. അന്നാണ് ആദ്യമായി ഒരു മുസ്ലീം വനിത മിസ് യുഎസ്എ ആകുന്നത്. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ റിമ ഫാഖിഹ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മുമ്പ് നേട്ടം ഭൗതീക കാര്യത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ആത്മീയ കാര്യത്തിലാണെന്നു മാത്രം. മുസ്ലീം മതവിശ്വാസിയായിരുന്ന റിമ ഫാഖിഹ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക സഭയുടെ ഭാഗമായി തീരുകയും ചെയ്തു.

ലബനോനില്‍ ക്രൈസ്തവ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കുന്ന വാസിം സാലിബിയെന്ന യുവാവുമായി റിമ ഫാഖിഹിന്റെ വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. ഒരു അമേരിക്കക്കാരിയാണെന്നു പറയുവാനല്ല മറിച്ച് അറബ് അമേരിക്കനാണെന്നു പറയുവാനാണ് ഇഷ്ടപ്പെടുന്നതെന്നു റിമ മിസ് യുഎസ്എ പട്ടം ലഭിച്ചപ്പോൾ പ്രതികരിച്ചിരുന്നു. മുസ്ലീം വിശ്വാസികളായ പിതാവും മാതാവും മതത്തെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ മിഷിഗാന്‍ സര്‍വകലാശാലയിലാണു പഠിപ്പിക്കുവാന്‍ വിട്ടതെന്നും റിമ ഓര്‍ക്കുന്നു. മുസ്ലീം സമുദായക്കാര്‍ ഏറെയുള്ള സര്‍വകലാശാലയാണിത്. എന്നാല്‍ സ്‌കൂള്‍ പഠനം റിമ പൂര്‍ത്തിയാക്കിയത് കത്തോലിക്ക സഭ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ്.

"നമ്മള്‍ മതപരമായ കാര്യങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്. ആത്മീയതയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ജീവിതമാണ് ആവശ്യം. എന്റെ കുടുംബത്തില്‍ ക്രൈസ്തവരായ പല ബന്ധുക്കളുമുണ്ടായിരുന്നു. ഇതിനാല്‍ തന്നെ രക്ഷകനെ കണ്ടെത്തുവാന്‍ എനിക്കു വേഗത്തില്‍ കഴിഞ്ഞു". റിമയുടെ വാക്കുകളാണിത്. "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യുവാൻ സാധിക്കും" എന്ന ഫിലിപ്പി ലേഖനത്തിൽ നിന്നുള്ള ബൈബിൾ വചനം ട്വീറ്റ് ചെയ്തുകൊണ്ടാണു പുതിയ വാര്‍ത്ത റിമ ഫാഖിഹ് അറിയിച്ചത്.

റിമയുടെ സഹോദരിയുടെ ഭര്‍ത്താവു ക്രൈസ്തവനാണ്. സഹോദരിയുടെ രണ്ടു മക്കളും മാമോദീസ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. റിമയുടെ അമ്മയുടെ ഒരു സഹോദരനും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ദൈവം സഭയിലെ പുരോഹിതനായി ഉയര്‍ത്തിയതായും റിമ ഓര്‍ക്കുന്നു. ഒരു മുസ്ലീമായിരുന്നപ്പോളും ക്രിസ്തു സ്നേഹം തന്നെ മാടിവിളിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്നും റിമ സാക്ഷ്യപ്പെടുത്തുന്നു. ഈസ്റററും ക്രിസ്തുമസും തന്നിലേക്കു കൊണ്ടുവന്ന സന്തോഷവും റിമ അനുസ്മരിക്കുന്നു. അതേസമയം നിരവധി ആളുകള്‍ യുഎസില്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ട്.


Related Articles »