India - 2025
ഹൃദയാഘാതം: എട്ടാം വർഷ വൈദികാർത്ഥി അന്തരിച്ചു
പ്രവാചക ശബ്ദം 27-06-2020 - Saturday
മഞ്ഞുമ്മൽ കാർമലീത്ത സഭയുടെ എട്ടാം വർഷ വൈദികാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മറയൂർ പയസ് നഗർ, സെന്റ് പയസ് ടെൻത് ആശ്രമത്തിലെ റീജൻസി വിദ്യാർത്ഥിയുമായ ബ്രദർ. പീറ്റർ നിക്സൺ ഡിസിൽവയാണ് ഇന്ന് രാവിലെ (2020 ജൂണ് 27 ശനി) എട്ടുമണിക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. എറണാകുളം ജില്ല, തേവര സെൻറ് ജോസഫ് ഇടവകാംഗം ആയിരുന്നു ബ്രദർ നിക്സൺ.
രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ആശ്രമത്തിലെ ഒരു വൈദികനോടൊപ്പം നടക്കാൻ ഇറങ്ങിയതായിരുന്നു. മറയൂർ കാന്തല്ലൂർ റോഡിലെ ഹെയർപിൻ വളവിൽ വെച്ച് തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വാഹനത്തിൽ വച്ച് മരണമടയുകയായിരുന്നു. തേവര മാളിയേക്കൽ കുടുംബാംഗം ആയിരുന്നു പരേതൻ. പിതാവ് 3 വർഷം മുൻപ് നിര്യാതനായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ടെസ്റ്റിംഗിനും തുടർന്നുള്ള പോസ്റ്റുമോർട്ടത്തിനുമായി മൃതദേഹം അടിമാലിയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്.