India - 2024

വിശുദ്ധ കുര്‍ബാനയില്‍ ജനപങ്കാളിത്തം കൂട്ടാന്‍ നടപടി വേണം: മാര്‍ ആന്‍റണി കരിയിലിന് അപേക്ഷയുമായി വിശ്വാസികള്‍

പ്രവാചക ശബ്ദം 01-07-2020 - Wednesday

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ പൊതു വിശുദ്ധ കുര്‍ബാന ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ജനപങ്കാളിത്തം സംബന്ധിച്ചു എടുത്ത തീരുമാനത്തില്‍ അതീവ ദുഃഖമുണ്ടെന്നും ജനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ സത്വര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍. ഇത് സംബന്ധിച്ചുള്ള അപേക്ഷ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതിരൂപതയിലെ ഇടവക ദേവാലയങ്ങളിൽ പരിശുദ്ധ കുർബാന അർപ്പിക്കാൻ അനുവാദം നല്‍കികൊണ്ട് സര്‍ക്കുലറിന് നന്ദി അറിയിച്ചുകൊണ്ട് ആരംഭിക്കുന്ന അപേക്ഷയില്‍ വലിയ ദേവാലയങ്ങൾക്ക് പ്രസിദ്ധമായ രൂപതയിലെ 95% പള്ളികളിലും സർക്കാർ നിർദ്ദേശിച്ചിട്ടുള്ളപ്രകാരം നൂറു വിശ്വാസികളെ വരെ ഉൾക്കൊള്ളിക്കാമെന്നിരിക്കെ ഏകപക്ഷീയമായി ഇരുപത്തിയഞ്ചായി ചുരുക്കിയതില്‍ ഏറെ ദുഃഖമുണ്ടെന്ന് സൂചിപ്പിക്കുന്നു. കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർ മാത്രമേ അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാവൂയെന്ന്‍ നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ടായിരിന്നു.

നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിന്റെ പൂര്‍ണ്ണരൂപം ‍

ജൂലൈ ഒന്നു മുതൽ നമ്മുടെ അതിരൂപതയിലെ ഇടവകദൈവാലയങ്ങളിൽ പരിശുദ്ധ കുർബാന അർപ്പിക്കാൻ അനുവാദം കൊടുത്തുകൊണ്ടുള്ള അങ്ങയുടെ ജൂൺ 27ലെ സർക്കുലറിന് നന്ദി പറയട്ടെ. കേരളത്തിലെ മറ്റു പല സീറോ മലബാർ രൂപതകളിലും വളരെ നേരത്തെതന്നെ പരിശുദ്ധകുർബാന ആരംഭിച്ചുകഴിഞ്ഞിരുന്നെങ്കിലും നമ്മുടെ അതിരൂപത മാത്രം ഇക്കാര്യത്തിൽ വളരെ വൈകിയാണ് ഒരു തീരുമാനമെടുത്തത് എന്ന വിഷമത്തിന് ഇനി പ്രസക്തിയില്ല.

അങ്ങയുടെ കല്പനയിൽ പറയുന്ന ചില കാര്യങ്ങൾ വിശ്വാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ് എന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കത്തെഴുതുന്നത്.

ഏറ്റവും പ്രധാനമായി പരിശുദ്ധകുർബാനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കാർമ്മികനും ശുശ്രൂഷികളും ഗായകരും അടക്കം 25 ആയി നിജപ്പെടുത്തിയത് കുർബാനയ്ക്കുവേണ്ടി തീക്ഷ്ണമായി ആഗ്രഹിക്കുന്ന അനേകർക്ക് ആ ആഗ്രഹം പൂർത്തീകരിക്കാൻ തടസ്സമായിത്തീരും. ഞങ്ങൾ മനസിലാക്കുന്നത് പള്ളിയുടെ വിസ്തീർണ്ണം അനുസരിച്ച് 100 പേർക്കുവരെ ദൈവാലയകർമ്മങ്ങളിൽ പങ്കെടുക്കാൻ കേരളസർക്കാർ അനുവാദം നൽകിയിട്ടുണ്ട് എന്നാണ്. ഭീമാകാരമായ ദൈവാലയങ്ങൾക്ക് പ്രസിദ്ധമായ നമ്മുടെ രൂപതയിലെ 95% പള്ളികളിലും സർക്കാർ നിർദ്ദേശിച്ചിട്ടുള്ളപ്രകാരം നൂറു വിശ്വാസികളെ വരെ ഉൾക്കൊള്ളിച്ചുകൊണ്ട് പരിശുദ്ധ കുർബാന നടത്താൻ സൗകര്യമുണ്ടെന്നിരിക്കെ ഏകപക്ഷീയമായി അത് ഇരുപത്തിയഞ്ചായി ചുരുക്കിക്കൊണ്ട് ഉത്തരവിറക്കിയതിന്റെ കാരണങ്ങൾ ഒന്നും അങ്ങയുടെ കല്പനയിൽ കാണുന്നില്ല.

നമ്മുടെ രൂപതയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആണ് ഈ നിർദേശങ്ങൾ നൽകുന്നതെന്ന് അങ്ങയുടെ സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും വിശ്വാസികളും എണ്ണം 25 ആയി പരിമിതപ്പെടുത്താൻ അങ്ങയെ നിർബന്ധിച്ച കാരണങ്ങൾ ഒന്നും തന്നെ സർക്കുലറിലില്ല. കേരളത്തിലെ മറ്റൊരു സീറോ മലബാർ രൂപതയിലും ഇല്ലാത്തതും എന്നാൽ നമ്മുടെ അതിരൂപതയിൽ വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താൻ അങ്ങയെ നിർബന്ധിക്കുന്നതുമായ എന്തെങ്കിലും പ്രത്യേകകാരണങ്ങൾ ഉള്ളതായി ഞങ്ങൾക്കറിയില്ല.

അതുകൊണ്ട് സർക്കാർ നിർദേശം അനുസരിച്ചും പള്ളിയുടെ വിസ്തീർണ്ണം പരിഗണിച്ചും പരമാവധി നൂറു പേരെ വരെ പങ്കെടുപ്പിച്ചുകൊണ്ട് പരിശുദ്ധകുർബാന നടത്താനുള്ള അനുവാദം നൽകിക്കൊണ്ട് അങ്ങയുടെ കല്പന ഭേദഗതി ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഇപ്പോഴത്തെ ഉത്തരവിലും കുമ്പസാരം അടക്കമുള്ള മറ്റു കൂദാശകളുടെ കാര്യം ഒന്നും സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ പല വൈദികരും വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിൽ വിമുഖത കാണിക്കാൻ സാധ്യതയുണ്ട് എന്നാണ് മുൻകാല അനുഭവങ്ങൾ വച്ച് ഞങ്ങൾ മനസിലാക്കുന്നത്. അതുകൊണ്ട് വിശ്വാസികളുടെ ആവശ്യമനുസരിച്ച് കുമ്പസാരിപ്പിക്കാനുള്ള നിർദേശം കൂടി വൈദികർക്ക് നൽകണം എന്നും അപേക്ഷിക്കുന്നു.

ദിവ്യകാരുണ്യ ആരാധന നടക്കുന്ന ഇടങ്ങളിൽ വിശ്വാസികൾക്ക് പഴയതുപോലെ പ്രവേശനം (ഒരേ സമയത്ത് പ്രവേശിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിക്കൊണ്ട്) അനുവദിക്കുകയാണെങ്കിൽ അത് സാധാരണവിശ്വാസികൾക്ക് വലിയൊരു അനുഗ്രഹമാകും എന്നതിൽ സംശയമില്ല.

അങ്ങയുടെ ഉത്തരവിൽ പറയുന്നത് ദിവ്യകാരുണ്യസ്വീകരണം കഴിയുന്നത്ര അകന്നുനിന്ന് കൈകൾ നിവർത്തിപ്പിടിച്ച് ഉള്ളംകൈയിൽ വേണം എന്നാണ്. നാവിൽ കുർബാന സ്വീകരിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ഇത് വലിയ വിഷമത്തിനിടയാക്കുമെന്നതിനാൽ ദിവ്യകാരുണ്യം നാവിൽ കൊടുക്കാനുള്ള അനുവാദം കൂടി നൽകണം എന്ന് അപേക്ഷിക്കുന്നു. നമ്മുടെ രക്ഷകനായ ഈശോയുടെ തിരുശരീരവും തിരുരക്തവും നാവിൽ കൊടുക്കുന്നതുവഴിയോ സ്വീകരിക്കുന്നതുവഴിയോ ഏതെങ്കിലുമൊരു രോഗം പകർന്നതായി കഴിഞ്ഞ രണ്ടായിരം വർഷത്തെ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഞങ്ങൾ വായിച്ചിട്ടില്ല. പരിശുദ്ധ കുർബാന രോഗം പരത്തുന്ന ഒന്നല്ല, മറിച്ച് ജീവനും സൗഖ്യവും നല്കുന്നതാണെന്ന ഉറച്ച വിശ്വാസമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്കുവേണ്ടിയാണ് ഞങ്ങൾ ഇത് എഴുതുന്നത്.

നമ്മുടെ അതിരൂപതയിലെ അനേകം വൈദികർ നാവിൽ ദിവ്യകാരുണ്യം കൊടുക്കാൻ തയ്യാറാണ് എന്ന് അങ്ങയെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എങ്കിലും നാവിലുള്ള കുർബാന സ്വീകരണം രൂപതാ ആസ്ഥാനത്തുനിന്ന് വിലക്കിക്കൊണ്ടുള്ള ഒരുത്തരവ് നിലവിലുള്ള സാഹചര്യത്തിൽ അവർക്ക് അത് അനുസരിക്കേണ്ടിവരുന്നു എന്നത് വളരെയധികം ദൗർഭാഗ്യകരമാണ്.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജൂൺ 27 ന്റെ അങ്ങയുടെ സർക്കുലറിൽ ആവശ്യമായ ഭേദഗതികൾ വരുത്തി പുതിയ കല്പന പുറപ്പെടുവിക്കണം എന്നപേക്ഷിച്ചുകൊണ്ട് നിർത്തട്ടെ.

പ്രാർത്ഥനാപൂർവ്വം, എറണാകുളം - അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ.


Related Articles »