India - 2025

ബിഷപ്പ് ജോസഫ് കരിയിൽ വിരമിച്ചു; മോൺ. ഷൈജു പര്യാത്തുശേരി കൊച്ചി രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍

പ്രവാചകശബ്ദം 03-03-2024 - Sunday

കൊച്ചി: കൊച്ചി ലത്തീന്‍ രൂപതയുടെ അധ്യക്ഷന്‍ ഡോ. ജോസഫ് കരിയിൽ വിരമിച്ചു. 75 വയസ് പൂർത്തിയായതിനെത്തുടർന്ന് ഇദ്ദേഹം നൽകിയ രാജിക്കത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ അംഗീകാരം നല്‍കുകയായിരിന്നു. 2009 മുതൽ 14 വർഷം കൊച്ചി രൂപതയുടെ അധ്യക്ഷനായിരുന്ന ഡോ. കരിയിൽ 2005-2009 കാലഘട്ടത്തിൽ പുനലൂർ രൂപതയുടെ മെത്രാനായും സേവനം ചെയ്തിട്ടുണ്ട്.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, പിഒസി ഡയറക്ടർ, കെആർഎൽസിബിസി പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനായിരുന്നു ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ ഡോ. ജോസഫ് കരിയിൽ. പുനലൂർ രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം കൊച്ചിയിലേക്ക് നിയോഗിക്കപ്പെട്ടത്.

പുതിയ മെത്രാനെ നിയമിക്കുന്നതുവരെ കൊച്ചി രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്ററായി മോൺ. ഷൈജു പര്യാത്തുശേരിയെ നിയമിച്ചിട്ടുണ്ട്. കണ്ണമാലി സ്വദേശിയായ ഇദ്ദേഹം നിലവിൽ രൂപതാ വികാരി ജനറലായി സേവനമനുഷ്ഠിച്ചു വരികയാണ്. കണ്ണമാലി പര്യാത്തുശ്ശേരി വർഗീസിന്റെയും, സെലിന്റെയും മകനാണ്. പുത്തൻത്തോട് ഗവർമെൻ്റ് സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഫോർട്ട്കൊച്ചി മൗണ്ട് കാർമ്മൽ പെറ്റി സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണ് തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയത്.

1995-ല്‍ വൈദികപട്ടം സ്വീകരിച്ചു. മട്ടാഞ്ചേരി ജീവമാതാ പള്ളി, അരൂർ സെൻ്റ് അഗസ്റ്റിൻ പള്ളി എന്നിവിടങ്ങളിൽ സഹവികാരിയായും മുരിയാൾഡോ സെമിനാരിയിലും, ആലുവ ഹോളി ക്രോസ് സെമിനാരിയിലും വൈസ് റെക്‌ടറായും, ചന്തിരൂർ സെന്റ് മേരീസ്, വയലാർ സെൻ്റ് സേവ്യേഴ്‌സ്, പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ പള്ളികളിൽ വികാരിയായും, കൊച്ചി രൂപതാ ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Related Articles »