India - 2025
മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ഓൺലൈൻ ലൈബ്രറിക്ക് തുടക്കമായി
പ്രവാചക ശബ്ദം 02-07-2020 - Thursday
സീറോ മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ഓൺലൈൻ ലൈബ്രറിക്ക് തുടക്കമായി. 'മലങ്കരയുടെ ഓൺലൈൻ ഗ്രന്ഥപ്പുര' എന്ന പേരോടു കൂടി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാബാവയാണ് നിര്‍വ്വഹിച്ചത്. പത്തനംതിട്ട ഭദ്രാസന ഇടയൻ ഡോ. ഐറേനിയോസ് പത്തനംതിട്ടയുടെ പ്രഥമ ഇടയൻ ക്രിസോസ്റ്റം പിതാവിന്റെയും സാന്നിദ്ധ്യത്തിലായിരിന്നു ഉദ്ഘാടനം.
മാർ ഈവാനിയോസ് പിതാവിന്റെ അറുപത്തിയേഴാം ശ്രാദ്ധതിരുനാളിന്റെ ഭാഗമായി റാന്നിപെരുനാട് തീർത്ഥാടന ദേവാലയത്തിലെ വിശുദ്ധ കുർബാനക്കും ധൂപ പ്രാർത്ഥനക്കും ശേഷമായിരിന്നു വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. ഒരു വർഷം മുമ്പുതന്നെ വെബ്സൈറ്റ് ട്രയൽ റൺ ആരംഭിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് ഔദ്യോഗികമായി തുടക്കം കുറിക്കാനായത്. 100 കണക്കിന് ലേഖനങ്ങളും പുസ്തകങ്ങളുമാണ് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. കേവലം 100 കെബിയില്‍ താഴെയുള്ള ഫയലുകളായാണ് ഇവ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.