Life In Christ - 2025
അഞ്ചു നൂറ്റാണ്ടിന് ശേഷം ട്രോണ്‍ഡ്‌ഹൈം രൂപതയില്‍ ആദ്യത്തെ മെത്രാഭിഷേകം ഒരുങ്ങുന്നു
ദീപിക 07-07-2020 - Tuesday
റോം: പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം നോര്‍വേയിലെ ട്രോണ്‍ഡ്‌ഹൈം രൂപതയില്‍ ആദ്യത്തെ മെത്രാഭിഷേകം ഒക്ടോബര്‍ മൂന്നിന് നടക്കും. നോര്‍വേ സ്വദേശിയും ട്രാപ്പിസ്റ്റ് സന്യാസിയുമായ റവ.ഡോ. എറിക് വാര്‍ദെന്‍റെ മെത്രാഭിഷേകമാണ് അഞ്ചു നൂറ്റാണ്ടിന് ശേഷം രൂപതയില്‍ നടക്കുക. കോവിഡ് രോഗബാധയുടെ സാഹചര്യത്തിലാണ് കഴിഞ്ഞ കൊല്ലം നവംബറില്‍ നിയുക്തനായ അദ്ദേഹത്തിന്റെ മെത്രാഭിഷേകം നീട്ടിവയ്‌ക്കേണ്ടിവന്നത്. ആധ്യാത്മിക ഗ്രന്ഥകാരന്‍കൂടിയായ ഡോ. വാര്‍ദെന്‍ സഭയുടെ പ്രേഷിത സ്വഭാവത്തെക്കുറിച്ചും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ആത്മീയാന്വേഷണങ്ങളെക്കുറിച്ചും പാണ്ഡിത്യമുള്ളയാളാണ്.
നാല്പത്താറുകാരനായ റവ.ഡോ. എറിക് 26ാം വയസിലാണ് കത്തോലിക്കനാകുന്നത്. കേംബ്രിജ് സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മൗണ്ട് സെന്റ് ബര്‍നാര്‍ഡ് ആശ്രമത്തില്‍ അംഗമായി സന്യാസപരിശീലനം നേടി. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് 2011ല്‍ പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. റോമിലെതന്നെ ആന്‍സലം സര്‍വകലാശാലയില്‍ അധ്യാപകനായും വത്തിക്കാന്‍ റേഡിയോനിലയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി കത്തോലിക്കരും തദ്ദേശിയരുമായ പതിനയ്യായിരത്തിലേറെ അംഗങ്ങളാണ് ട്രോണ്‍ഡ്‌ഹൈം രൂപതയില്‍ ഉള്ളത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക