News - 2025
ഹാഗിയ സോഫിയ: വികാരഭരിതനായി ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 12-07-2020 - Sunday
റോം: പുരാതന കത്തീഡ്രൽ ദേവാലയമായിരുന്ന 'ഹാഗിയ സോഫിയ' യുടെ മ്യൂസിയം പദവി എടുത്ത് മാറ്റി മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തുർക്കി പ്രസിഡൻ്റിൻ്റെ തീരുമാനത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ചകളിലുള്ള വിശ്വാസികളുമായുള്ള ആഞ്ചലൂസ് പ്രാർത്ഥനക്കിടയിലാണ് പാപ്പ തന്റെ വേദന പ്രകടിപ്പിച്ചത്. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. വാക്കുകള്‍ കിട്ടാതെ പാപ്പ വിഷമിച്ചപ്പോൾ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ ഉണ്ടായിരുന്നവരും നിശബ്ദരായി. പിന്നാലെ ചത്വരത്തില്‍ ഉണ്ടായിരിന്നവര്‍ പാപ്പയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കരഘോഷം മുഴക്കി. തുർക്കിയ്ക്കെതിരെ ലോക രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പാപ്പയും തീരുമാനത്തിൽ ദുഃഖം പ്രകടിപ്പിച്ചിരിക്കുന്നത്.
തുർക്കി തലസ്ഥാനമായ ഇസ്‌താംബുളിലെ ഹാഗിയ സോഫിയ ആറാം നൂറ്റാണ്ടിൽ പണിത പുരാതന ക്രിസ്ത്യൻ കത്തീഡ്രൽ ദേവാലയമാണ്. ശില്പചാതുര്യം കൊണ്ടും ദേവാലയത്തിലെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടും ആഗോള ശ്രദ്ധ നേടിയ ദേവാലയമായിരിന്നു ഇത്. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്റെ സ്ഥാനിക ദേവാലയം കൂടിയായിരുന്നു ഈ കത്തീഡ്രല്‍. 1453-ല്‍ കോൺസ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ കത്തീഡ്രലിനെ മോസ്‌ക് ആക്കി മാറ്റുകയായിരുന്നു. പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അധികാരത്തില്‍ വന്ന മുസ്തഫ കമാല്‍ പാഷ തന്റെ മതേതരനയത്തിന്റെ വലിയ അടയാളമായി 1935-ല്‍ ഇതിനെ മ്യൂസിയം ആക്കി. ഇതിനെയാണ് ആഗോള പ്രതിഷേധം വകവെക്കാതെ തീവ്ര ഇസ്ലാമിക ചിന്തയുള്ള തയിബ് എർദോഗൻ മോസ്‌ക്കാക്കി മാറ്റിയിരിക്കുന്നത്. ജൂലൈ 24നു നിസ്ക്കാരത്തിനായി ദേവാലയം തുറന്നു നല്‍കുമെന്ന് ഏര്‍ദ്ദോഗന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക