Life In Christ
തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അര്‍പ്പിച്ച് പോളിഷ് പ്രസിഡന്റ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍
പ്രവാചക ശബ്ദം 14-07-2020 - Tuesday
വാര്‍സോ: തുടര്‍ച്ചയായ രണ്ടാം തവണയും പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രസെജ് ഡൂഡ തന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് രാജ്യത്തെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തി. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് ബ്ലാക്ക് മഡോണ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപമുള്‍ക്കൊള്ളുന്ന സെസ്റ്റോച്ചോവായിലെ ജസ്ന ഗോരാ ദേവാലയത്തില്‍ നേരിട്ടെത്തി ‘ജസ്നാ ഗോരാ അപ്പീല്‍’ എന്നറിയപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ അദ്ദേഹം പങ്കുചേര്‍ന്നത്. ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. വാള്‍ഡെമാര്‍ പാസ്റ്റുസിയാക്, പ്രസിഡന്‍റിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു.
“ദൈവമേ, ഇന്ന്‍ ഞങ്ങളോടൊപ്പം സന്നിഹിതനായിരിക്കുന്ന പ്രസിഡന്റിനാല്‍ നയിക്കപ്പെടുന്ന ഞങ്ങളുടെ ജന്മദേശത്തെ മുഴുവന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു”- ഫാ. വാള്‍ഡെമാര്‍ പാസ്റ്റുസിയാക് പറഞ്ഞു. ചാപ്പലില്‍ സന്നിഹിതരായിരുന്നവര്‍ കയ്യടികളോടെയാണ് ഈ വാക്കുകള്‍ ഏറ്റെടുത്തത്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് ദേവാലയത്തിന്റെ ക്യൂറേറ്റര്‍ നന്ദി അറിയിച്ചു. സെസ്റ്റോചോവ അതിരൂപതാ സഹായ മെത്രാന്‍ പ്രസിബില്‍സ്കി പ്രസിഡന്റിന് ആശീര്‍വ്വാദം നല്‍കി. രാഷ്ട്ര സേവനത്തിന്റെ പുതിയ ഘട്ടത്തില്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നു ബിഷപ്പ് ആശംസിച്ചു.
ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിശുദ്ധ ഗ്രന്ഥത്തിനും വലിയ വില കല്‍പ്പിക്കുന്ന ആൻഡ്രസെജ്, തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്വവര്‍ഗ്ഗാനുരാഗത്തിനും അബോര്‍ഷനും എതിരെയുള്ള തന്റെ നിലപാട് ഭരണത്തിലേറിയാല്‍ ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിരിന്നു. കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും, സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം വിവാഹമെന്നും അത് അങ്ങനെ തന്നെ നിലനിര്‍ത്തുമെന്നും ഡൂഡ വാഗ്ദാനം ചെയ്തപ്പോള്‍ മുഖ്യ എതിരാളിയും വാഴ്സോ മേയറുമായ റാഫല്‍ ട്രാസ്കോവ്സ്കി സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിന്നത്. ഇന്നലെ വൈകീട്ടാണ് ഡൂഡ പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിവരം നാഷണല്‍ ഇലക്ടോറല്‍ കൗണ്‍സില്‍ ചെയര്‍മാനായ സില്‍വസ്റ്റര്‍ മാര്‍സിനിയാക് പ്രഖ്യാപിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക