News - 2025

മെല്‍ബണിലെ സീറോ മലബാര്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനകര്‍മം നടത്തി

16-07-2020 - Thursday

മെല്‍ബണ്‍: മെല്‍ബണിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനകര്‍മം ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു. റോമില്‍വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തീഡ്രലിന്റെ അടിസ്ഥാനശില മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും സീറോമലബാര്‍ സഭയിലെ മറ്റു മെത്രാന്മാരുടെയും സാന്നിധ്യത്തില്‍ വെഞ്ചരിച്ചു ബിഷപ്പ് മാര്‍ പുത്തൂരിനു നല്കിയിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, സമീപ ഇടവകകളിലെ വൈദികര്‍, ബില്‍ഡിംഗ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇടവകയിലെ കുടുംബങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം നല്കിയ ചെറിയ കല്ലുകളും അടിസ്ഥാനശിലയോടൊപ്പം കുഴിയില്‍ നിക്ഷേപിച്ചു.

രൂപതാ ചാന്‍സലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, ഫൈനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ്, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. ലൂമെയ്ന്‍ കണ്‍സ്ട്രക്ഷന്‍ എന്ന കന്പനിക്കാണ് നിര്‍മാണച്ചുമതല. മലയാളിയായ ബെനിറ്റ് സേവ്യര്‍ ആണ് ആര്‍ക്കിടെക്റ്റ്. ദേവാലയവും കമ്യൂണിറ്റിഹാളും പള്ളിമുറിയും ഒന്നര വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും. സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനകര്‍മത്തോടനുബന്ധിച്ചു തയാറാക്കിയ സുവനീറിന്റെ പ്രകാശനകര്‍മം വിക്ടോറിയന്‍ പാര്‍ലമെന്റംഗവും ഗവണ്‍മെന്റ് വിപ്പുമായ ബ്രോണ്‍വിന്‍ ഹാഫ്‌പെന്നി എംപി നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാര്‍, ബില്‍ഡിംഗ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles »