India - 2025

മതം പരിവര്‍ത്തന നിരോധന നിയമം: സർക്കാരിനെതിരെ കനത്ത പ്രതിഷേധവുമായി അരുണാചലിലെ ക്രൈസ്തവ സമൂഹം

പ്രവാചകശബ്ദം 08-02-2025 - Saturday

ഇറ്റാനഗർ: വടക്കുകിഴക്കേന്ത്യന്‍ സംസ്ഥാനമായ അരുണാചൽ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിൽ കനത്ത പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം. 1978ൽ സർക്കാർ കൊണ്ടുവന്ന അരുണാചൽ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് നടപ്പാക്കാനുള്ള മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെ നീക്കത്തിൽ അരുണാചൽ ക്രിസ്‌ത്യൻ ഫോറം ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ 17 വരെ പ്രാർത്ഥനാവാരമായി ആചരിക്കുവാനും ഉപവാസ പ്രാര്‍ത്ഥന നടത്താനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

നിയമം പരിഗണനയ്ക്കുവരുമെന്ന് കരുതുന്ന മാർച്ച് ആറിന് നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് സംഘടന വ്യക്തമാക്കി. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ ഉടൻ രൂപീകരിക്കുമെന്ന് പേമ ഖണ്ഡു പ്രഖ്യാപിച്ചിരുന്നു. 1978ൽ പി കെ തുങ്കോൺ മുഖ്യമന്ത്രിയായിരിക്കെയാണ് മതംമാറ്റം തടയുന്ന നിയമം കൊണ്ടുവന്നത്. 1978 ഒക്ടോബർ 25ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല.

46 വർഷമായി അരുണാചൽ ക്രിസ്‌ത്യൻ ഫോറം നിയമനിർമ്മാണത്തെ എതിർത്തിരുന്നുവെന്നും ഇത് നടപ്പാക്കുന്നത് ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്നും എസിഎഫ് പ്രസിഡൻ്റ് തർ മിരി പറഞ്ഞു. പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 30.26 ശതമാനം പേർ ക്രൈസ്തവ വിശ്വാസികളാണ്.


Related Articles »