News - 2025
കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയി കർദ്ദിനാൾ ബാത്തിസ്ത റേ തുടരും
പ്രവാചകശബ്ദം 08-02-2025 - Saturday
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയി കർദ്ദിനാൾ ജിയോവാനി ബാത്തിസ്ത റേയും വൈസ് ഡീൻ ആയി കർദ്ദിനാൾ ലിയോനാർദോ സാന്ദ്രിയും തുടരും. 2020 ജനുവരി മുതൽ ഇരുവരും ഈ സ്ഥാനങ്ങൾ വഹിച്ചുവരികയാണ്. ഇവരുടെ കാലാവധി നീറ്റുവാനുള്ള തീരുമാനം ഫെബ്രുവരി 6ന് വത്തിക്കാൻ പ്രസ് ഓഫീസാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിഷപ്പുമാർക്കുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്, കർദ്ദിനാൾമാരുടെ കോളേജിനുള്ളിലെ ഓർഡർ ഓഫ് ബിഷപ്പ്‌സിൽ അംഗമാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഏതെങ്കിലും മാർപാപ്പ മരണമടയുമ്പോൾ, പ്രസ്തുത വിവരം വിവിധ രാജ്യങ്ങളുടെ തലവന്മാരെയും, നയതന്ത്ര പ്രതിനിധികളെയും അറിയിക്കേണ്ട ചുമതല ഡീനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കോൺക്ലേവിന് മുന്‍പ് നടക്കുന്ന കർദ്ദിനാൾ തിരുസംഘത്തിന്റെ സമ്മേളനങ്ങളിലും ഡീനാണ് അധ്യക്ഷ പദവി വഹിക്കുന്നത്. കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന 'ബിഷപ്പ് കർദ്ദിനാളു'മാരിൽ നിന്നാണ് സാധാരണയായി ഡീനിനെ മാർപാപ്പ തെരഞ്ഞെടുക്കുന്നത്. നേരത്തെ ഡീൻ പദവി അഞ്ചുവർഷമാക്കി ഫ്രാൻസിസ് മാർപാപ്പ ചുരുക്കിയിരുന്നുവെങ്കിലും കർദ്ദിനാൾ ജിയോവാനിയുടെയും കർദ്ദിനാൾ ലിയോനാർദോ സാന്ദ്രിയുടെയും നിയമനം തുടരാന്‍ മാര്‍പാപ്പ അനുവദിക്കുകയായിരിന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️