Life In Christ

'അന്നന്നാമ്മ'യെ വിശുദ്ധയാക്കിയ സൗഖ്യത്തിന് കാരണമായ കുഞ്ഞ് ജിനിൽ ഇന്ന് വൈദിക വിദ്യാര്‍ത്ഥി

പ്രവാചക ശബ്ദം 18-07-2020 - Saturday

പാലാ: ഭാരത കത്തോലിക്കാസഭയിലെ പ്രഥമ വിശുദ്ധ, അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ അത്ഭുതസൗഖ്യത്തിന് കാരണമായ കുഞ്ഞ് ജിനിൽ ഇന്ന് വൈദിക വിദ്യാര്‍ത്ഥി. കേവലം രണ്ടാമത്തെ വയസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ അത്ഭുതസൗഖ്യം പ്രാപിച്ച ഈ മകന്‍ പാലാ രൂപതയ്ക്കു കീഴിലാണ് വൈദിക പഠനം നടത്തുന്നത്. 1999 നവംബര്‍ 13നാണ് ജന്മനാ വൈകല്യവുമായി ജനിച്ച കുഞ്ഞ് ജിനിലിന് അത്ഭുതകരമായ രോഗശാന്തി ലഭിക്കുന്നത്.

കുറുപ്പന്തറ ഒഴുതൊട്ടിയിൽ ഷാജിയുടെയും ലിസിയുടെയും മകനായ ജിനില്‍ അകത്തേക്കു വളഞ്ഞിരുന്ന രണ്ടു കാലുകളുമായാണ് ജനിച്ചത്. നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ചികിത്സ ഫലവത്തായില്ല. തുടര്‍ന്നു തങ്ങളുടെ ഇടവകവികാരിയായ ഫാ. ജോസഫ് വള്ളോംപുരയിടത്തിന്റെ നിര്‍ദേശപ്രകാരം ഈ മാതാപിതാക്കള്‍ ഭരണങ്ങാനത്തു വന്ന് ജിനിലിനെ അല്‍ഫോന്‍സാമ്മയുടെ കല്ലറയിന്മേല്‍ കിടത്തി പ്രാര്‍ത്ഥിക്കുകയായിരിന്നു. നാലുമണിവരെ അവര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച് തിരിച്ചുപോയി.

കാപ്പുംതലയിലുള്ള അമ്മവീട്ടിലേക്കാണ് അവര്‍ പോയത്. സന്ധ്യാപ്രാര്‍ത്ഥനസമയത്ത് കുഞ്ഞിനെ തറയില്‍ കിടത്തി അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടി എഴുന്നേറ്റ് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കണ്ടവരെല്ലാം സന്തോഷംകൊണ്ട് കരഞ്ഞുപോയി. മാതാപിതാക്കള്‍ നോക്കിയപ്പോള്‍ കുട്ടിയുടെ രണ്ടു കാല്പാദങ്ങളും നിവര്‍ന്ന് ശരിയായതായി കണ്ടു. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥത്താല്‍ പ്രാര്‍ത്ഥന നടത്തിയ അതേദിവസം തന്നെ ലഭിച്ച സൌഖ്യം മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും അടുത്തറിയുന്ന എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കുട്ടി പ്രാര്‍ത്ഥനാമുറിയിലുള്ള, അല്‍ഫോന്‍സാമ്മയുടെ പടം ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഈ അന്നന്നാമ്മ, അന്നന്നാമ്മ' (അല്‍ഫോന്‍സാമ്മ)യാണ് എന്നെ നടത്തുന്നത് എന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് വിശുദ്ധയുടെ നാമകരണസമിതി വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ഫ്രാന്‍സിസ് വടക്കേല്‍ പിന്നീട് രേഖപ്പെടുത്തിയിരിന്നു.

അത്ഭുതം സ്ഥിരീകരിക്കുവാന്‍ പാലാ രൂപതയിൽ സ്ഥാപിച്ച നാമകരണക്കോടതി 40 സാക്ഷികളിൽ നിന്നും 12 ഡോക്‌ടർമാരിൽ നിന്നും തെളിവെടുത്തു. വത്തിക്കാനിലെ മെഡിക്കൽ കൗൺസിലും തിയോളജിക്കൽ കൗൺസിലും കർദ്ദിനാൾമാരുടെ കൗൺസിലും പരിശോധിച്ചു രോഗശാന്തി അംഗീകരിച്ചതോടെയാണ് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടി അന്തിമ ഘട്ടത്തിലെത്തിയത്. 2008 ഒക്‌ടോബർ 12നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ജിനിലിനും ലഭിച്ചിരിന്നു. ഇപ്പോള്‍ കണ്ണൂർ കുന്നോത്ത് മേജർ സെമിനാരിയിൽ തുടർ പഠനത്തിന് തയാറെടുക്കുന്ന ബ്രദർ ജോർജ് എന്ന ജിനില്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച മാധ്യസ്ഥത്തിന് കാരണമായ അൽഫോൻസാമ്മയുടെ കബറിട ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »