Life In Christ
'ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ അമ്മ' സിസ്റ്റര്‍ റൂത്തിന് യാത്രാമൊഴിയേകി പാക്ക് ജനത
പ്രവാചക ശബ്ദം 23-07-2020 - Thursday
കറാച്ചി: “ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മ” എന്ന പേരില്‍ പാക്കിസ്ഥാനില്‍ പ്രസിദ്ധയായിരിന്ന കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ റൂത്ത് ലെവിസ് കൊറോണ വൈറസുമായുള്ള പോരാട്ടത്തിനൊടുവില്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‍ ജൂലൈ 8ന് കറാച്ചിയിലെ ആഗാഘാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിസ്റ്റര്‍ ജൂലൈ 20നു അന്തരിക്കുകയായിരിന്നു. ഫ്രാന്‍സിസ്കന്‍ മിഷ്ണറീസ് ഓഫ് ക്രൈസ്റ്റ് (എഫ്.എം.സി.കെ) സഭാംഗമായിരിന്നു. ദാര്‍-ഉല്‍-സുകുണ്‍ കേന്ദ്രത്തില്‍ മാനസിക വൈകല്യമുള്ള, ഭിന്നശേഷിയുള്ള കുട്ടികളെ കഴിഞ്ഞ 51 വര്‍ഷമായി പരിചരിച്ചിരിന്ന സിസ്റ്റര്‍ റൂത്തിന് കുട്ടികള്‍ക്കൊപ്പമാണ് രോഗബാധയേല്‍ക്കുന്നത്.
സിസ്റ്ററിന്റെ ആശുപത്രി ചിലവുകള്‍ മുഴുവന്‍ വഹിച്ചതു സിന്ധ് ഗവണ്‍മെന്റായിരിന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിസ്റ്റര്‍ ലെവിസിന്റെ നിസ്തുല സേവനങ്ങള്‍ പരിഗണിച്ചു 'കറാച്ചി പ്രൈഡ് അവാര്‍ഡ്', 'ഹക്കിം മൊഹമ്മദ് സയീദ്' അവാര്‍ഡ് എന്നീ ബഹുമതികള്‍ അവര്‍ക്ക് ലഭിച്ചിരിന്നു. സിസ്റ്റര്‍ ലെവിസിന്റെ നിര്യാണത്തോട് പാക്കിസ്ഥാനിലെ വിവിധ നേതാക്കള്‍ വളരെ വികാരനിര്‍ഭരമായാണ് പ്രതികരിച്ചത്. അധികമാരും അറിയപ്പെടാതിരുന്ന ഒരു നായികയേയാണ് നമുക്ക് നഷ്ടമായതെന്നും സിസ്റ്റര്‍ ചെയ്ത മാനുഷിക സേവനങ്ങളെ പരിഗണിച്ച് അവര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കണമെന്നും ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിന്ധ് പ്രവിശ്യാ പ്രസിഡന്റ് ബിലാല്‍ സര്‍ദാരി പറഞ്ഞു.
“ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികളുടെ തീരാ നഷ്ടം” എന്നാണ് സിന്ധ് പ്രവിശ്യ മന്ത്രി സയദ് മുറാദ് അലി ഷാ പറഞ്ഞത്. ഓരോ വ്യക്തിയോടും, ജീവിയോടുമുള്ള ദൈവ കരുണയുടേയും സ്നേഹത്തിന്റേയും ആധികാരിക സാക്ഷ്യമായിരുന്നു സിസ്റ്ററെന്ന് പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്വൈസര്‍ ഫിറോസ് ഒ.എഫ്.എം പറഞ്ഞു. സിസ്റ്ററിന്റെ മരണം പാകിസ്ഥാന് അകത്തും പുറത്തുമുള്ള സഭാ മിഷനുകളെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണെന്നും സിസ്റ്ററിനൊപ്പം രണ്ടു വര്‍ഷത്തോളം സേവനം ചെയ്തിട്ടുള്ള അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതസംസ്കാരം ഇന്നലെ ജൂലൈ 22-ന് കറാച്ചിയിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍വെച്ചു നടത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക