Social Media - 2024

സാദിഖലിയുടെ 'കിഴക്കിന്റെ മതേതര രാഷ്ട്രതന്ത്രം'

ഫാ. വര്‍ഗീസ് വള്ളിക്കാട്ട് 25-07-2020 - Saturday

ഏഴാം നൂറ്റാണ്ടു മുതൽ ഇന്നോളം മാറ്റമില്ലാതെ തുടരുന്നതും ഇനിയും എന്നും തുടരണം എന്ന് ഒരു കൂട്ടർ ആഗ്രഹിക്കുന്നതുമായ 'കിഴക്കിന്റെ മതേതര രാഷ്ട്രതന്ത്രം' പാണക്കാട് തങ്ങൾമാരുടെ ഭാഷയിൽ എന്തുതന്നെയായാലും, പതിമൂന്നു നൂറ്റാണ്ടുകൾ നീളുന്ന അനുഭവത്തിൻ്റെ ചരിത്രപുസ്തകത്തിൽ നിന്ന് ലോകം വായിച്ചെടുക്കുന്നത് ഇങ്ങനെയാണ്: ആക്രമിക്കുക, അടക്കിഭരിക്കുക!

അതിനു കഴിയാത്തപ്പോൾ അഭയം ചോദിച്ചു ചെല്ലുക, തക്കം കിട്ടുമ്പോൾ ആക്രമിക്കുക, സകലതും കൊള്ളയടിക്കുക, പുരുഷന്മാരെ കൊല്ലുക, സ്ത്രീകളെയും കുട്ടികളെയും മതം മാറ്റി അടിമകളാക്കുക. യുവതികളെ ലൈംഗിക അടിമകളാക്കി ചന്തയിൽ വിൽക്കുക, സുന്ദരികളെങ്കിൽ നാലുപേരെ വരെ ഭാര്യമാരാക്കുക, ബാക്കിയുള്ളവരെ വെപ്പാട്ടിമാരാക്കുക. മതം മാറാൻ കൂട്ടാക്കാത്തവരെ കൊല്ലുക, അല്ലെങ്കിൽ മതനികുതി ചുമത്തി രണ്ടാം തരം പൗരന്മാർ അഥവാ "ധിമ്മി"കളാക്കുക, അവരെ സമൂഹത്തിന്റെ ഏറ്റവും താഴത്തെ ശ്രേണിയിൽ ബന്ധിച്ചിടുക, അവരുടെ മനുഷ്യാവകാശങ്ങൾ റദ്ദു ചെയ്യുക, സാമൂഹ്യമായി ഒറ്റപ്പെടുത്തുക, മതം മാറുന്നതുവരെ പ്രത്യക്ഷമായും പരോക്ഷമായും ദ്രോഹിക്കുക, ഇത്തരം എല്ലാ വിവേചനങ്ങളും ദൈവത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളതും സത്യത്തിന്റെ പരിപാലനത്തിനായി വിശ്വാസികൾക്ക് നൽകപ്പെട്ടതുമാണ് എന്ന് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കുക. കൊളോണിയൽ പൂർവ ഇന്ത്യയിലെ മുസ്ലീം ഭരണത്തിന്റെ ചരിത്രവും, ഏതാനും ചിലരുടേതൊഴിച്ചാൽ, ഇതിൽനിന്നും തീരെ വ്യത്യസ്തമല്ലായിരുന്നു എന്നതിന് ചരിത്രത്തിൽ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കാണാം.

ഇന്ത്യൻ അനുഭവം ‍

മത-രാഷ്ട്രമല്ലാതെ മറ്റൊരു രാഷ്ട്രമോ മത-രാഷ്ട്രീയത്തിന്റേതല്ലാത്ത മറ്റൊരു രാഷ്ട്രീയമോ മത-രാഷ്ട്രത്തിനുവേണ്ടിയല്ലാത്ത മറ്റൊരു രാഷ്ട്രീയപ്രസ്താവനയോ സാദിഖലിമാരിൽനിന്നു പ്രതീക്ഷിക്കുന്നത്, ഖിലാഫത്തുകാരെ സ്വാതന്ത്യ സമരക്കാരാക്കാൻ ഗാന്ധിജി ഉൾപ്പെടെയുള്ള കോൺഗ്രസുകാർ പരിശ്രമിച്ചു പരാജയപ്പെട്ടതിനെക്കാൾ ദുഷ്കരമായിരിക്കും.

സാത്വികരായ ഒരുപറ്റം നേതാക്കളൊഴികെ, സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രത്യേക ഘട്ടംവരെ തന്ത്രപരമായി കൂടെനിന്നവർ, തക്കസമയമായപ്പോൾ "ഡയറക്റ്റ് ആക്‌ഷൻ" പ്രഖ്യാപിക്കുകയും ആദ്യം കൊൽക്കത്തയിലും പിന്നീട് രാജ്യം മുഴുവനും രക്തപ്പുഴ ഒഴുക്കിയതും തീവ്ര ഇസ്ലാം രാഷ്ട്രീയത്തിന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു. ശുദ്ധമായ ഒരു ഇസ്ലാമികരാജ്യം - പാക്കിസ്ഥാൻ - ഉണ്ടാക്കിക്കൊണ്ട് ഖിലാഫത്തു സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്ന് അവർ വെളിപ്പെടുത്തി. അവർ തങ്ങളുടെ ലക്ഷ്യം നേടിയത് ഇന്ത്യയുടെ നെഞ്ചിൽ ആഴത്തിൽ മുറിവേല്പിച്ചുകൊണ്ടായിരുന്നു. 1921 ലും അതിനു മുൻപും മലബാറിന്റെ മണ്ണിലായിരുന്നു അതിന്റെ ആദ്യ പരീക്ഷണങ്ങൾ അരങ്ങേറിയത്! അതിൽ ഭാഗികവും താൽക്കാലികവുമായ വിജയം നേടാൻ കഴിഞ്ഞപ്പോൾ, അഖിലേന്ത്യാ തലത്തിലേക്ക് ആ പരീക്ഷണത്തെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നത് എന്ന് പാകിസ്ഥാന്റെ സൃഷ്ടിയിലൂടെ വ്യക്തമായി.

'മാപ്പിള ലഹള'യെ 'മലബാർ കലാപ'വും 'കർഷക സമര'വും 'ജന്മി കുടിയാൻ സംഘർഷവു'മൊക്കെയാക്കിത്തീർക്കാൻ പിൽക്കാല ശ്രമങ്ങൾ പലതുണ്ടായി. ജനാധിപത്യത്തിൽ വോട്ടുബാങ്കിൽ കണ്ണുവച്ച മാർക്സിസ്റ്റു ചരിത്രകാരന്മാരാണ് മതസമരത്തെ വർഗ്ഗസമരമാക്കി ചിത്രീകരിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത്‌. എങ്കിലും, മാർക്സിസ്റ്റു സൈദ്ധാന്തികന്മാർ ആ പരിശ്രമങ്ങളെ എക്കാലവും സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൈദ്ധാന്തിക വ്യക്തതയോ പ്രത്യയശാസ്ത്ര അടിത്തറയോ ഇല്ലാത്തതുകൊണ്ടാവാം സമകാലിക മാർക്സിസ്റ്റു സഹചാരികളിൽ ചിലർ ഇപ്പോൾ മലബാർ കലാപത്തിനു വിപ്ലവ പരിവേഷം നൽകാനും കാല്പനികവൽക്കരിക്കാനും കള്ളപ്പണമിറക്കി സിനിമ പിടിക്കാനും മറ്റും തയ്യാറായി നടക്കുന്നത്. അവരുടെ കച്ചവട കണ്ണുകൾക്ക്‌ ലാഭത്തിനപ്പുറമുള്ള മൂല്യങ്ങളൊന്നും ബാധകമല്ലാത്തതുകൊണ്ടുമാവാം.

എന്നാൽ, ഇത്തരം വ്യാഖ്യാനങ്ങളിലൂടെ അവർ ഇന്നാട്ടിലെ സമാധാനപ്രിയരായ ഒരുപറ്റം ഹിന്ദുക്കളെ വർഗീയ ഭ്രാന്തുപിടിപ്പിക്കുന്നതിൽ ഒട്ടും ചെറുതല്ലാത്ത പങ്ക് വഹിച്ചുകൊണ്ടാണിരിക്കുന്നത്. സനാതന ധർമ്മത്തിലും സർവമത സഹോദര്യത്തിലും നവോത്ഥാന മൂല്യങ്ങളിലും അഭിമാനിച്ചിരുന്ന ആധുനിക ഹിന്ദുവിനെ, 'ഹിന്ദുത്വ' എന്നൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ തീവ്ര മത രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നതിൽ, അങ്ങനെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാര്യമായ സംഭാവന നല്കിക്കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ ആർഎസ്എസ് രൂപംകൊണ്ടതും ഇതിനു സമാനമായ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു.

1913 ൽ ഇന്ത്യയിൽ രൂപംകൊണ്ട 'സൊസൈറ്റി ഓഫ് ദി സെർവന്റ്സ് ഓഫ് കഅബ' (Anjuman-i-l Khuddam-i-Kaaba) എന്ന പാൻ ഇസ്ലാമിക പ്രസ്ഥാനത്തെ കൂട്ടുപിടിച്ച് തുർക്കിയുടെ നേതൃത്വത്തിൽ ഖാലിഫേറ്റ് പുനഃസ്ഥാപിക്കാൻ സമരരംഗത്തിറങ്ങിയ ഖിലാഫത്തുകാരോട് നിസ്സഹകരണ പ്രസ്ഥാനവുമായും ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായും സഹകരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്യുകയായിരുന്നു. ഗാന്ധിജി മുന്നോട്ടുവച്ച ഒരേ ഒരു വ്യവസ്ഥ, 'ഹിംസ' പാടില്ല, അഹിംസ മുറുകെ പിടിക്കണം എന്നതായിരുന്നു. എന്നാൽ പിൽക്കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ ഭരണം തങ്ങളുടെ കൈകളിൽ സുഗമമായി വന്നുചേരുകയില്ല എന്നു മനസ്സിലാക്കിയപ്പോൾ, അഹിംസയുടെ മാർഗം വെടിഞ്ഞ് ജിന്ന, "ഡയറക്റ്റ് ആക്‌ഷനു" ആഹ്വാനം ചെയ്‌തു. ഡയറക്റ്റ് ആക്‌ഷൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുപോലും രക്തരൂക്ഷിതമായ കൊൽക്കത്ത കലാപവും കൂട്ടക്കൊലയും വരെ ഗാന്ധിജിയോ കോൺഗ്രസ്‌ നേതാക്കളോ മനസ്സിലാക്കിയില്ല. മുസ്ലീം തീവ്രവാദ രാഷ്ട്രീയത്തിന്റെ 'സ്വത്വം' ഗ്രഹിക്കുന്നതിൽ ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. അതാണ് ചരിത്രം. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് 1925 ൽ ആർഎസ്എസ് നിലവിൽ വന്നത്.

കേരളത്തിൽ സംഭവിക്കുന്നത് ‍

അധികാരം വാളിന്റെ വായ്ത്തലയാൽ നിലനിർത്താൻ കഴിയുവോളം അഥവാ, ആൾബലത്താൽ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയുവോളം മേൽപ്പറഞ്ഞ ചര്യയും, അല്ലാത്ത സാഹചര്യങ്ങളിൽ 'മതേതര, മനുഷ്യാവകാശ, സ്ത്രീ വിമോചന, പ്രകൃതി സംരക്ഷണ' വക്താക്കളായി പ്രത്യക്ഷപ്പെടുന്ന തന്ത്രവും ഈ കൊച്ചു കേരളത്തിലും പട്ടാപ്പകൽ പോലെ ദൃശ്യമാണ്. ഇതു തിരിച്ചറിയാനും പ്രതികരിക്കാനും കൂട്ടാക്കാത്തവരാണ് ഇന്നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും. ഇനി തിരിച്ചറിഞ്ഞാൽത്തന്നെ 'വിലകൂടിയ ഈന്തപ്പഴ'ത്തിന്റെയും 'നയതന്ത്ര ബാഗേജു'കളുടെയും 'കൈവെട്ടുന്ന കാട്ടാളത്ത'ത്തിന്റെയും സ്വാധീനം അവരിൽ ഭൂരിപക്ഷത്തെയും നിശ്ശബ്ദരും അടിമകളുമാക്കും!

ഇന്നത്തെ മുസ്ലീം രാഷ്ട്രീയനേതാക്കൾ തീവ്ര പാൻ ഇസ്ലാമിക് രാഷ്ട്രീയത്തിന്റെ ഇന്ത്യൻ മുഖമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപങ്ങളായ വെൽഫെയർ പാർട്ടിയെയും എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയുമെല്ലാം മറനീക്കി രംഗത്തിറക്കി കേരളത്തെ വീണ്ടും 'മത രാഷ്ട്ര' സ്ഥാപനത്തിന്റെ പരീക്ഷണ ശാലയാക്കാൻ തയ്യാറായിരിക്കുകയാണല്ലോ. മാപ്പിളലഹളയിലൂടെ നടത്തിയ മലബാർ പരീക്ഷണം ഇന്ത്യയുടെ വിഭജനത്തിലാണ് ഭാഗിക വിജയം കണ്ടതെങ്കിൽ, മുസ്ലീം ലീഗിന്റെ പാൻ ഇസ്ലാമിക്‌ പരീക്ഷണം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ എങ്ങിനെയൊക്കെ കലുഷിതമാക്കും എന്നു കാത്തിരുന്നുതന്നെ കാണണം. അന്നു കോൺഗ്രസ്സിനും ഗാന്ധിജിക്കും പറ്റിയ 'പൊളിറ്റിക്കൽ ബ്ലൈൻഡ്‌നെസ് ' വീണ്ടും ചരിത്രത്തിൽ ആവർത്തിക്കുന്നത് കേരളത്തിലെ യുഡിഎഫ് കൂട്ടുകെട്ടിലൂടെയാവുമോ അതോ മത രാഷ്ട്രീയത്തിലൂടെയും വിപ്ലവമുണ്ടാക്കാമെന്നു ചിന്തിക്കുന്ന ന്യു ജെൻ മാർക്സിസ്റ്റുകളുടെ സഹായത്താലാവുമോ എന്നതും കാത്തിരുന്നുതന്നെ കാണണം. ഒരുകാര്യം വ്യക്തമാണ്. കൃത്യമായ ദിശാബോധത്തോടും ദീർഘവീക്ഷണത്തോടും ചാവേർ പോരാളിയുടെ കൃത്യതയോടുംകൂടി ആസൂത്രണം ചെയ്യപ്പെടുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ രാഷ്ട്രീയ നീക്കങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. മറ്റാർക്കതിനുകഴിയും എന്നു പ്രവചിക്കുക സുസാധ്യവുമല്ല.

മലബാർ കലാപം ഇന്നും തുടരുക തന്നെയാണ് എന്നു സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നു. അണിയറയിലെ കരുനീക്കങ്ങൾ മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുകയുമാണ്. എത്രതന്നെ പണിപ്പെട്ട് അതിനു രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചാലും, അതിന്റെ അന്തസത്ത മതപരമായ 'കീഴടക്കൽ' തന്നെയാണ്.

"വിശ്വാസികൾക്ക് ദൈവം എല്ലാം അനുവദിച്ചു നൽകിയിരിക്കുന്നു. അവർ പാപം ചെയ്താലും ദൈവം അവരെ ശിക്ഷിക്കുകയില്ല, അവിശ്വാസികളെ ശിക്ഷിച്ചുകൊള്ളും. ദൈവം കരുണാമയനും എല്ലാം പൊറുക്കുന്നവനുമാണ്"എന്നു വിശ്വസിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ധാരയെ സാധാരണ രാഷ്ട്രതന്ത്രംകൊണ്ടു നേരിടുക എളുപ്പമല്ല. കളിയുടെ നിയമങ്ങൾ എല്ലാ കളിക്കാർക്കും ഒരുപോലെ ബാധകമാകുന്നതാവണമല്ലോ.

ഭാവിയിലെ സമൂഹം എന്തായിരിക്കും? ‍

'കിഴക്കിന്റെ പള്ളിതുറക്കൽ മതേതരത്വം' മഹത്തരമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഹാഗിയ സോഫിയ പള്ളികയ്യേറ്റത്തെ മഹത്വവൽക്കരിക്കാൻ ശ്രമിക്കും മുൻപ് ചരിത്രം അല്പംകൂടി വ്യക്തതയോടെ പഠിക്കാൻ സാദിഖലിയെപ്പോലുള്ളവർ ശ്രമിക്കണം. ചരിത്രം ആലോചിച്ചുണ്ടാക്കിയെടുക്കേണ്ടതോ ഭാവനചെയ്തു നിർമ്മിക്കേണ്ടതോ അല്ല, അത് വായിക്കേണ്ടതും പഠിക്കേണ്ടതുമാണ്. അല്ലാത്തപ്പോൾ, അതു പറഞ്ഞു മനസിലാക്കേണ്ടിവരും. അതിനു മറ്റുള്ളവരെ പഴിക്കരുത്. എർദോഗനെ ന്യായീകരിക്കേണ്ടത്, ഇന്ത്യൻ മത-രാഷ്ട്ര സ്വപ്നവും ലോക വ്യാപകമായ ഇസ്ലാമിക് ഖാലിഫേറ്റും നെഞ്ചേറ്റി ജീവിക്കുന്ന കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ബാധ്യതയായിരിക്കാം. എന്നാൽ, അത്‌ കേരളത്തെയും ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ ഭാവിയെയും മതസമൂഹങ്ങൾ തമ്മിൽ നിലനിൽക്കുന്ന സമാധാനപൂർണമായ സഹവർത്തിത്വത്തെയും അപകടത്തിലാക്കിക്കൊണ്ടാവരുത്. ചരിത്രത്തിനു മരണമില്ല, അത് ഇന്നിന്റെ ശരിതെറ്റുകൾ ക്കു രൂപം നൽകിക്കൊണ്ടിരിക്കും. അതിനെ തമസ്കരിക്കാനോ ഏകപക്ഷീയമായി വ്യാഖ്യാനിക്കാനോ ശ്രമിക്കുന്നതിൽ അപകടമുണ്ട്, എല്ലാവർക്കും.

(കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്)

More Archives >>

Page 1 of 18