Social Media

ബയോകെമിക്കൽ എഞ്ചിനീയറായിരുന്ന സജിത് സോളമൻ ഇനി ക്രിസ്തുവിന്റെ പോരാളി

ആന്റണി വർഗീസ് 13-06-2020 - Saturday

"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ സാക്‌ഷികളാണ്‌. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന്‌ ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍" (ഏശയ്യാ 43 : 10).

തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് വേണ്ടി നാല് ഡീക്കൻമാർ നവവൈദികരാകുന്നതും കാത്ത് പ്രാർത്ഥനയോടെ സ്വപ്നം കണ്ടിരിക്കുമ്പോഴാണ് കൊറോണ എന്ന വില്ലൻ കടന്നുവരുന്നതും തിരുപ്പട്ട സ്വീകരണം നീണ്ടുപോകാൻ ഇടവരുത്തിയതും. എങ്കിലും പതറാതെ അവർ കാത്തിരുന്നു ആ സ്വപ്ന നിമിഷത്തിനായി അവിടത്തെ ബലിമേശയിലെ അർപ്പകരായിത്തീരുവാൻ. നാലുപേരും ഒരുമിച്ച് സ്വീകരിക്കേണ്ട തിരുപ്പട്ട കൂദാശ ഇന്നത്തെ സാഹചര്യത്തിൽ ഒറ്റയ്ക്കൊറ്റയ്ക്കായാണ് സ്വീകരിക്കുന്നത്.

അതിൽ ഒന്നാമനായ വെട്ടുകാട് സ്വദേശി ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറായ ഡീക്കൺ സജിത് സോളമന്റെ തിരുപ്പട്ട സ്വീകരണ കൂദാശ ഇന്നലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ വച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപോലീത്ത സൂസൈപാക്യം പിതാവിന്റെ കൈ വപ്പ് ശുശ്രൂഷ വഴി പൗരോഹിത്യത്തിൽ പ്രവേശിച്ചു. ഈ കൊറോണയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ചു പേർ മാത്രമാണ് തിരുപ്പട്ട കൂദാശ കർമ്മത്തിൽ പങ്കെടുത്തത്.

വ്യക്തിപരമായി നവ വൈദികനായ ഫാ സജിത് സോളമനുമായി യാതൊരു ബന്ധവുമില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടറിവ് വളരെ കൂടുതലാണ്. തന്റെ യൗവനകാലം തൊട്ടേ സഭയോടും ഇടവകയോടും ചേർന്നു നിൽക്കുകയും ദൈവത്തിലാശ്രയിച്ച് ചിട്ടയായ പ്രാർത്ഥന ശൈലിയിലൂടെ വളർന്നുവരികയും യുവജന കൂട്ടായ്മകളിലൂടെ സഭയോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും ഐക്യവും അദ്ദേഹം എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാവാം ദൈവം അദ്ദേഹത്തെ യൗവ്വനകാലത്തിൽ തന്നെ കരിസ്മാറ്റിക് തിരുവനന്തപുരം സോണിന്റെ കോ-ഓർഡിനേറ്ററായി ഉയർത്തിയത്.

ഒരുപക്ഷേ ചരിത്രത്തിലാദ്യമായിരിക്കാം ഒരു കൗമാരക്കാരൻ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ തിരുവനന്തപുരം സോണൽ കോർഡിനേറ്ററായി തീരുന്നത്. ജീസസ് യൂത്തിന്റെയും കരിസ്മാറ്റിക്കിന്റെയും സജീവ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നതിൽ സദാ തൽപരനായിരുന്നു. ജീസസ് യൂത്തിന്റെ ജീവിതശൈലിയും കരിസ്മാറ്റിക് നവീകരണ ശൈലിയും അദ്ദേഹത്തെ ഇങ്ങനെ രൂപപ്പെടുത്തിയെടുത്തതിൽ ഒരുപാട് സഹായിച്ചിരുന്നു എന്നതിൽ ഒരു സംശയവുമില്ല.

വിശുദ്ധ ബൈബിളിൽ ബാലനായ സാമുവേലിനേയും ബാലനും ആട്ടിടയനുമായ ദാവീദിനെയും ദൈവം തന്റെ നിയോഗത്തിനായി വിളിച്ച് അഭിഷേകം ചെയ്യുന്നത് കാണാം. അത്തരത്തിൽ തന്നെയാണ് ദൈവം തന്റെ ജനനത്തിനായി ഫാദർ സജിത് സോളമനെ വിളിച്ചതും തെരഞ്ഞെടുത്തതും. യുവത്വത്തിൽ തന്നെ കരിസ്മാറ്റിക്കിന്റെ നേതൃത്വ നിരയിലേക്ക് തന്നേക്കാൾ ഇരട്ടി പ്രായമുള്ളവരുടെ നേതാവായി ഉയർത്തിയപ്പോൾ ദൈവം ഇദ്ദേഹത്തിൽ വിശ്വസ്തനായിരുന്നു. ഈ ദൈവവിളിയുടെ ആഴം മനസ്സിലാക്കിയതു കൊണ്ടും അവിടുത്തെ വിശ്വസ്തതയിൽ പൂർണ്ണനായിരുന്നതു കൊണ്ടുമാവാം ദൈവം അദ്ദേഹത്തെ അതിനേക്കാൾ വലിയൊരു ഇടയ ദൗത്യത്തിലേക്ക് നയിച്ചത്.

ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറായ അദ്ദേഹത്തിന് ഉയർന്ന വരുമാനമുള്ള ജോലിയിൽ പ്രവേശിച്ചു സാമ്പത്തിക ഭദ്രത കൈവരിച്ചു ജീവിക്കാമായിരുന്നു. എന്നാൽ ദൈവത്തിന്റെ വിളിക്ക് കാതോർത്ത് അവിടുത്തെ ഇഷ്ടങ്ങൾക്ക്‌ തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതാണ് ഫാ. സജിത് സോളമൻ ഈശോയ്ക്ക് കൊടുത്ത ഏറ്റവും വലിയ സമ്മാനം.

ഈശോ ഇങ്ങനെ പറഞ്ഞുവയ്ക്കുന്നുണ്ട്. "ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും". അദ്ദേഹത്തിന്റെ വിശ്വസ്തത ദൈവം മാനിച്ചു എന്നതിൽ യാതൊരു തർക്കവും വേണ്ട. മുമ്പത്തേക്കാളും കൂടുതലായി ദൈവ ജനത്തിനുവേണ്ടി ഫാദർ സജിത് സോളമനിലൂടെ പൗരോഹിത്യം വഴി ദൈവത്തിന് എന്തൊക്കെയോ ചെയ്യാനുണ്ട് എന്നതിന്റെ തെളിവാണ് ഈ ഉയർച്ച. മുൻപ് ഒരു ചെറിയ സമൂഹത്തെയാണ് അദ്ദേഹം നയിച്ചതെങ്കിൽ ഇന്നലെ മുതൽ ഒരു വലിയ സമൂഹത്തെ നയിക്കാനാണ് ദൈവം അദ്ദേഹത്തെ നിയോഗിച്ചത്.

മാലോകരെ ഇതാ നിങ്ങളുടെ മുമ്പിൽ ഒരു വൈദികൻ കൂടി. നിങ്ങൾക്ക് പറഞ്ഞു ചിരിക്കാനും കളിയാക്കാനും വാക്കുകളിലൂടെ ആക്രമിക്കാനും ഇതാ നിങ്ങളുടെ മുമ്പിൽ ഒരു വൈദികൻ കൂടി.

പൗരോഹിത്യമാകുന്ന ഈ ദൈവവിളിയിൽ ഉറച്ചുനിൽക്കുവാനും വരുന്ന വെല്ലുവിളികളെ ദൈവത്തിലാശ്രയിച്ചുകൊണ്ട് പൊരുതി ജയിക്കുവാനും തനിക്ക് ഭരമേൽപ്പിക്കപ്പെടുന്ന ദൈവ ജനതയെ ക്രിസ്തുവിലേക്ക് നയിക്കുവാനും അവിടുത്തെ മുൻപിൽ പരിപൂർണ്ണ വിശ്വസ്തനായിരിക്കുവാനും സർവ്വശക്തൻ തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും പരിശുദ്ധാത്മാവ് വഴി സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ജീസസ് യൂത്ത് കൂട്ടായ്മയ്ക്കും കരിസ്മാറ്റിക് നവീകരണത്തിനും ഇത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങൾ. നവ വൈദികന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും സ്നേഹത്തോടെ നേരുന്നു.

More Archives >>

Page 1 of 17