News - 2024

വിശ്വാസികളെ കൗദാശിക ജീവിതത്തില്‍ സജീവമാക്കുവാന്‍ ആഹ്വാനവുമായി ഇറ്റാലിയന്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 28-07-2020 - Tuesday

റോം: കൊറോണയെ തുടര്‍ന്നു ഇറ്റലിയില്‍ അടച്ചിട്ടിരുന്ന ദേവാലയങ്ങള്‍ തുറന്നപ്പോള്‍ വിശ്വാസികളുടെ പങ്കാളിത്തം കുറഞ്ഞ പശ്ചാത്തലത്തില്‍ കൗദാശിക ജീവിതത്തില്‍ കൂടുതല്‍ സജീവമാക്കുവാന്‍ വിശ്വാസികളെ സഹായിക്കണമെന്ന നിര്‍ദ്ദേശവുമായി ഇറ്റാലിയന്‍ മെത്രാന്‍ സമിതി നേതൃ കമ്മിറ്റി. വിശ്വാസികളുടെ പങ്കാളിത്തം കുറയുവാനുള്ള കാരണങ്ങള്‍ മനസ്സിലാക്കുവാനും, ഞായറാഴ്ച കുര്‍ബാനയിലേക്കും കൂട്ടായ്മകളിലേക്കും ഇടവക ജീവിതത്തിലേക്കും വിശ്വാസികളെ തിരികെ കൊണ്ടുവരുന്നതിന് മുന്‍കരുതലോടെയുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നു മെത്രാന്മാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഭയവും അവ്യക്തതയും വിശ്വാസികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഇവരെ വിശ്വാസ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനു എപ്രകാരം സഹായിക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. സഭാ ജീവിതത്തിന്റെ പുതിയ മാതൃകകള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുവാന്‍ മെത്രാന്മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ദേവാലയങ്ങളില്‍ നടത്താമെങ്കിലും, ജനത്തിരക്ക് ഒഴിവാക്കുന്നതിനായി ഓരോന്നായി നടത്തണം. വിശുദ്ധ കുര്‍ബാന വിതരണത്തിന് ശേഷം വൈദികരുടെ കൈകള്‍ അണുവിമുക്തമാക്കണം, വിശുദ്ധ തൈലലേപനം പഞ്ഞിയോ തുണിയോ ഉപയോഗിച്ചായിരിക്കണമെന്ന നിര്‍ദ്ദേശങ്ങളും കത്ത് മുന്നോട്ട് വെക്കുന്നു.

ഓണ്‍ലൈനിലൂടെ ഇടവക ജനതയുമായുള്ള ബന്ധം നിലനിര്‍ത്തുന്ന പുരോഹിതരെ മെത്രാന്‍ സമിതി അഭിനന്ദിച്ചു. അതേസമയം വൈദികര്‍ ദിവ്യകാരുണ്യം നല്‍കുന്നത് കയ്യുറ ധരിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധന ജൂണ്‍ അവസാനത്തോടെ പിന്‍വലിച്ചെങ്കിലും, വിശുദ്ധ കുര്‍ബാന നാവില്‍ കൊടുക്കുവാന്‍ രാജ്യത്തു ഇപ്പോഴും അനുവാദമില്ല. ഇറ്റലിയില്‍ ഇക്കഴിഞ്ഞ മെയ് 18മുതലാണ് പൊതു വിശുദ്ധ കുര്‍ബാനയര്‍പ്പണം ആരംഭിച്ചത്. ഉപാധികളോടെ നടക്കുന്ന ശുശ്രൂഷകളില്‍ വിശ്വാസികളുടെ സാന്നിധ്യം താരതമ്യേനെ കുറവാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »