News - 2024

നിരപരാധിയായിരിന്നിട്ടും തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നത് 33 വര്‍ഷം; ഇറ്റാലിയൻ പൗരനുമായി പാപ്പയുടെ കൂടിക്കാഴ്ച

പ്രവാചകശബ്ദം 24-08-2024 - Saturday

വത്തിക്കാന്‍ സിറ്റി: മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് ഇടയന്മാരെ നരഹത്യ നടത്തിയെന്ന തെറ്റായി ആരോപിക്കപ്പെട്ട് മൂന്നു പതിറ്റാണ്ട് തടവിലാക്കപ്പെട്ട ഇറ്റാലിയൻ പൗരനുമായി ഫ്രാൻസിസ് മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നലെ വെള്ളിയാഴ്ചയാണ് വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച നടന്നത്. നിലവില്‍ അറുപതു വയസ്സുള്ള ബെനിയാമിനോ സുഞ്ചെഡ്ഡു 30 വര്‍ഷമാണ് വ്യാജ ആരോപണത്തെ തുടര്‍ന്നു ജയിലില്‍ കഴിഞ്ഞത്.

ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിലെ പർവതങ്ങളിൽ രാത്രിയിൽ നടന്ന കുറ്റകൃത്യത്തിൻ്റെ ഏക ദൃക്‌സാക്ഷി, കൊലയാളിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു. ഇദ്ദേഹം ആടുകളെ മേയ്ക്കുന്ന ബെനിയാമിനോയുടെ മേല്‍ കുറ്റം ആരോപിക്കുകയായിരിന്നു. 33 വര്‍ഷത്തെ തടവിന് ശേഷം കൊലപാതകക്കുറ്റം റദ്ദാക്കിയതിന് ശേഷം ജനുവരിയിലാണ് അദ്ദേഹം ജയിൽ മോചിതനായത്.

ഇന്നലെ അപ്പസ്തോലിക് കൊട്ടാരത്തിലെ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കുറ്റവിമുക്തനായ ബെനിയാമിനോ ഫ്രാൻസിസ് മാർപാപ്പയ്ക്ക് തൻ്റെ അഭിഭാഷകനുമായി ചേര്‍ന്ന് എഴുതിയ പുസ്തകത്തിൻ്റെ കോപ്പി നൽകി. “Io Sono Innocente” അഥവാ "ഞാന്‍ നിരപരാധി" എന്നാണ് പുസ്തകത്തിന്റെ പേര്. ദശാബ്ദങ്ങള്‍ നീണ്ട അന്യായമായ ജയിൽവാസത്തില്‍ സഹിക്കാനുള്ള ശക്തി ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അദ്ദേഹം കണ്ടെത്തിയിരിന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


Related Articles »