Life In Christ - 2025

ബ്രിട്ടീഷ് മലയാളികള്‍ക്ക് അഭിമാന നിമിഷം: രണ്ടു വര്‍ഷത്തിന് ശേഷം ഇന്നും നാളെയും പെര്‍മനന്‍റ് ഡീക്കന്‍ പട്ടം

പ്രവാചക ശബ്ദം 29-07-2020 - Wednesday

യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് പെർമനന്റ് ഡീക്കൻ പദവിയിലേക്ക് രണ്ട് ബ്രിട്ടീഷ് മലയാളികള്‍ കൂടി. ഈസ്റ്റ് ആംഗ്ലിയ കത്തോലിക്ക രൂപതയ്ക്കുവേണ്ടി എറണാകുളം ഞാറയ്ക്കൽ സെന്റ് മേരീസ് ഇടവകാംഗമായ ജേക്കബ് ചെറിയാന്‍, തൊടുപുഴ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ പ്രമീൾ ജോസഫ് എന്നിവരാണ് ഇന്നും നാളെയുമായി പെർമനന്റ് ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. അജപാലന ശുശ്രൂഷയിൽ സഹായിക്കാൻ വിവാഹിതരായ പുരുഷന്മാർക്ക് പ്രത്യേകം പരിശീലനം നൽകിയശേഷം നൽകുന്ന ശുശ്രൂഷാ പദവിയാണ് പെർമനന്റ് ഡീക്കൻ പട്ടം. ദിവ്യബലി അർപ്പണം, കുമ്പസാരം എന്നിവ ഒഴികെയുള്ള അജപാലന ശുശ്രൂഷകൾ നിർവഹിക്കാൻ പെർമനന്റ് ഡീക്കന്മാർക്ക് അധികാരമുണ്ട്.

ഇന്ന് (ജൂലൈ 29) രാവിലെ 11.30ന്‌ ജേക്കബ് ചെറിയാനും നാളെ (ജൂലൈ 30) രാവിലെ 11.30ന് പ്രമീൾ ജോസഫും ഈസ്റ്റ് ആംഗ്ലിക്കൻ ബിഷപ്പ് അലൻ ഹോപ്പ്‌സിന്റെ കൈവെപ്പ് ശുശ്രൂഷവഴി പെർമനന്റ് ഡീക്കൻ പട്ടം സ്വീകരിക്കും. ജൂൺ 13ന് ഒരുമിച്ച് നടക്കേണ്ടിയിരുന്നു അഭിഷേക കർമം, കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രണ്ട് ദിനങ്ങളിലായി പുനക്രമീകരിക്കുകയായിരുന്നു. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള സൗദിയിലെ പ്രവാസ ജീവിതമാണ് ജേക്കബിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ദൈവാനുഭവത്തിലേക്ക് കടന്നുവന്ന അദ്ദേഹം അവിടെ കുടുംബസമേതമുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്ക് നേതൃത്വം വഹിക്കുന്നതിലും വ്യാപൃതനായ അദ്ദേഹം യു.കെയിൽ എത്തിയശേഷവും പ്രാർത്ഥനാകൂട്ടായ്മകളിൽ സജീവമാണ്. വൈറ്റ്മൂറില്‍ പ്രിസണ്‍ മിനിസ്ട്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭാര്യ: റോസിലി ജേക്കബ്‌. മക്കൾ: ഐസക്ക്, അബ്രഹാം, ജോസഫ്.

പാതിവഴിയില്‍ മുടങ്ങിപ്പോയ ദൈവവിളിയിലേക്കുള്ള പുനഃപ്രവേശനമായാണ് തൊടുപുഴ സ്വദേശിയായ പ്രമീൾ ജോസഫ് തന്റെ നിയോഗത്തെ നോക്കികാണുന്നത്. സെമിനാരി പഠനത്തോട് പാതിവഴിയിൽ വിടചൊല്ലി കുടുംബജീവിതം തിരഞ്ഞെടുത്ത പ്രമീൾ പെർമനന്റ് ഡീക്കൻസ് ശുശ്രൂഷയിലൂടെ തന്റെ ദൈവവിളിക്ക് ഉത്തരം കൊടുക്കാനാകുന്നതിന്റെ ആഹ്ലാദത്തിലാണ്. ഹണ്ടിംഗ്ടണിലെ ലിറ്റില്‍ഹേ പ്രിസണ്‍ മിനിസ്ട്രിയിലാണ് പ്രമീൾ ജോസഫ് ശുശ്രൂഷ ചെയ്യുന്നത്. ഭാര്യ ബിജി മോൾ. മക്കൾ: ക്ലെമന്റ്, കാൽവിൻ, ക്ലെറ്റൻ. ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവരുടെ മാനസാന്തരവും അവരുടെ ആധ്യാത്മിക ധാർമിക മൂല്യങ്ങളിലെ ശാക്തീകരണവും മുതൽ അവർക്ക് കൗദാശിക ജീവിതം ഉറപ്പാക്കുന്നതുവരെയുള്ള ശുശ്രൂഷകളാണ് പ്രിസൺ ചാപ്ലൈന്മാരാകുന്ന രണ്ടു ഡീക്കന്മാരില്‍ നിക്ഷിപ്തമായിരിക്കുന്നത്.

2018 ജൂണ്‍ മാസത്തില്‍ 'പ്രവാചകശബ്ദം' ചീഫ് എഡിറ്റര്‍ അനില്‍ ലൂക്കോസ്, ലിവർപൂൾ അതിരൂപതയ്ക്കുവേണ്ടി പെര്‍മനന്‍റ് ഡീക്കന്‍ പട്ടം സ്വീകരിച്ചിരിന്നു. ഇതായിരിന്നു ബ്രിട്ടീഷ് മലയാളികള്‍ക്ക് ഇടയില്‍ അവസാനമായി നടന്ന പെര്‍മനന്‍റ് ഡീക്കന്‍ പട്ട സ്വീകരണം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഇടയില്‍ നിന്നു ശുശ്രൂഷ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനയും ആശംസയും നേര്‍ന്ന് ശുശ്രൂഷകള്‍ക്കായി കാത്തിരിക്കുകയാണ് മലയാളി സമൂഹം.


Related Articles »