News - 2024

'യേശുവിന്റെ രക്തത്തിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്': നിക്കരാഗ്വേയിലെ ദേവാലയത്തില്‍ ബോംബാക്രമണം

പ്രവാചക ശബ്ദം 01-08-2020 - Saturday

മനാഗ്വേ: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തിന് നേരെ അജ്ഞാതന്‍ നടത്തിയ ഫയര്‍ ബോംബാക്രമണത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൂശിത രൂപം കത്തിനശിച്ചു. ഇന്നലെ വെള്ളിയാഴ്ചയാണ് തലസ്ഥാന നഗരമായ മനാഗ്വേയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിന് നേരെ ബോംബാക്രമണം ഉണ്ടായത്. ബ്ലഡ് ഓഫ് ക്രൈസ്റ്റ് ചാപ്പലില്‍ എത്തിയ അക്രമി 'യേശുവിന്റെ രക്തത്തിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്' എന്നലറിക്കൊണ്ട് കയ്യിലിരുന്ന ഫയര്‍ബോംബ്‌ വലിച്ചെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന മൊഴി. തലയും മുഖവും മറയ്ക്കുന്ന വസ്ത്രം ധരിച്ചിരുന്നതിനാല്‍ പ്രതിയെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഇത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തീവ്രവാദി ആക്രമണമാണെന്ന്‍ മനാഗ്വേയുടെ കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ് പറഞ്ഞു.

ആക്രമണത്തില്‍ നശിച്ച ബ്ലഡ് ഓഫ് ക്രൈസ്റ്റ് എന്ന ക്രൂശിത രൂപത്തിന് 382 വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. സംഭവത്തിനു മുന്‍പ് 20 മിനിട്ടോളം അക്രമി കത്തീഡ്രലിന് ചുറ്റും നടന്നു സാഹചര്യങ്ങള്‍ വിലയിരുത്തുന്നത് കണ്ടവരുണ്ട്. ഒരു ജോലിക്കാരനും, ഇടവക വിശ്വാസിയും മാത്രമായിരുന്നു ആ സമയത്ത് ദേവാലയത്തിനകത്ത് ഉണ്ടായിരുന്നത്. ആക്രമണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതും ഇവരാണ്. മനാഗ്വേയിലെ ചിലര്‍ക്കെല്ലാം അറിവുള്ളയാളാണ് ആക്രമണത്തിന് പിന്നിലെന്ന് അല്‍ബാ റാമിറെസ് എന്ന ദൃക്സാക്ഷി പറയുന്നു. പ്രത്യേക മനോഭാവത്തോടുകൂടിയ ചിലരെ സമീപകാലത്ത് ദേവാലയ പരിസരത്ത് കണ്ടിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേവാലയം ആക്രമിക്കപ്പെട്ടതെന്ന വസ്തുത പ്രസക്തമാണ്. കത്തോലിക്ക മെത്രാന്‍മാരും വൈദികരും എതിരാളികളെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഒര്‍ട്ടേഗ ഭരണകൂടം നേരത്തേ ആരോപിച്ചിട്ടുണ്ട്. ഒര്‍ട്ടേഗയെ എതിര്‍ക്കുന്നവര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ മനാഗ്വേയിലെ കത്തീഡ്രല്‍ ഉള്‍പ്പെടെ ചില ദേവാലയങ്ങള്‍ക്കെതിരെ നടപടിയും ഉണ്ടായിരുന്നു. അതേസമയം നിക്കരാഗ്വേയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയായി കൊണ്ടിരിക്കുകയാണ്. മസായജില്ലയിലെ നിണ്ടിരിയിലെ ഔര്‍ ലേഡി ഓഫ് പെര്‍പ്പെച്ച്വല്‍ ദേവാലയവും, ലേഡി ഓഫ് വെരാക്രൂസ് ദേവാലയവും ആക്രമിക്കപ്പെട്ടതും സമീപകാലത്താണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »