News
അവശേഷിക്കുന്ന കത്തോലിക്ക സന്യാസിനികള്‍ ഡിസംബറിനകം രാജ്യം വിടണം: നിക്കരാഗ്വേ ഭരണകൂടത്തിന്റെ അന്ത്യശാസന
പ്രവാചകശബ്ദം 18-12-2024 - Wednesday
മനാഗ്വേ: സ്വേച്ഛാധിപത്യത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയില്‍ അവശേഷിക്കുന്ന കത്തോലിക്ക സന്യാസിനികള്‍ രാജ്യം വിടണമെന്ന് മുന്നറിയിപ്പ്. നിക്കരാഗ്വേ പ്രസിഡൻ്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം ഉള്‍പ്പെടെ വിവിധ സന്യാസ സമൂഹങ്ങളെ നേരത്തെ പുറത്താക്കിയിരിന്നു. രാജ്യത്ത് അവശേഷിക്കുന്ന സന്യാസിനികള്‍ ഡിസംബറോടെ രാജ്യത്തിന് പുറത്തുപോകണമെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. മെത്രാന്മാരെയും വൈദികരെയും സന്യാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ കത്തോലിക്ക സഭ വേട്ടയാടലിന്റെ ഏറ്റവും പുതിയ അധ്യായമായാണ് പ്രഖ്യാപനത്തെ ഏവരും വിലയിരുത്തുന്നത്.
1988 മുതൽ നിക്കരാഗ്വേയിലെ പാവപ്പെട്ടവര്‍ക്ക് ഇടയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയെ 2022-ല്‍ രാജ്യത്തു നിന്നു പുറത്താക്കിയത് ആഗോള ശ്രദ്ധ നേടിയിരിന്നു. രാഷ്ട്രീയ പ്രേരിതമായ കള്ളക്കഥകള്‍ സന്യാസ സമൂഹത്തിന് നേരെ ആരോപിച്ചായിരിന്നു ഡാനിയേൽ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം പുറത്താക്കല്‍ നടപടിയെടുത്തത്. ഇതിന് സമാനമായി മറ്റ് സന്യാസ സമൂഹങ്ങളെയും പുറത്താക്കി. 2022-ൽ അപ്പസ്തോലിക് ന്യൂൺഷ്യോയെ പുറത്താക്കിയതും നൂറുകണക്കിന് വൈദികരും ബിഷപ്പുമാരും രാജ്യം വിടാന്‍ നിർബന്ധിതരായതും മെത്രാന്മാര്‍ക്ക് തടവുശിക്ഷ ലഭിച്ചതും ആശുപത്രികളിൽ വൈദികര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെ സഭയ്ക്കു നേരെ വലിയ വേട്ടയാടലാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ടായിരിന്നു.
ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന സഭാനിലപാടാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ കൊണ്ട് കുപ്രസദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയുടെ ഭരണകൂടം മനുഷ്യത്വരഹിതമായ ഇടപെടല്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്.