Social Media - 2024

പട്ടം കിട്ടിയ ഉടനേ മരിക്കണമെന്നാഗ്രഹിച്ച ആ നാളുകൾ..!

ഫാ. ജെൻസൺ ലാസലെറ്റ് 04-08-2020 - Tuesday

മരിക്കണമെന്നാഗ്രഹിച്ച നാളുകൾ- അങ്ങനെയൊരു ചിന്ത എനിക്കുണ്ടായിരുന്നു; വൈദികനായ ആദ്യ ദിവസങ്ങളിൽ മരിച്ചിരുന്നെങ്കിൽ എത്ര അനുഗ്രഹപ്രദമായിരുന്നു എന്ന ചിന്ത. കാരണം മറ്റൊന്നുമല്ല; വരപ്രസാദ അവസ്ഥയിൽ ആയിരിക്കുമ്പോൾ മരിക്കാനായാൽ സ്വർഗ്ഗത്തിലെത്താൻ കഴിയുമല്ലൊ എന്ന ആഗ്രഹമായിരുന്നു മനംനിറയെ. ഞാനീ കാര്യം എൻ്റെ ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസിലുണ്ട്: ''അച്ചൻ എന്ത് മണ്ടത്തരമാണീ പറയുന്നത്, പട്ടം കിട്ടി ആദ്യ ദിവസങ്ങളിൽ തന്നെ മരിക്കുകയോ....? ശരിയാണ്, അതുവഴി അച്ചൻ ചിലപ്പോൾ സ്വർഗ്ഗത്തിൽ പോകുമായിരിക്കും. എന്നാൽ അച്ചൻ്റെ ശുശ്രൂഷകളിലൂടെ സ്വർഗ്ഗത്തിലെത്തേണ്ടവരുടെ സ്ഥിതി എന്തായിരിക്കും? ഞങ്ങൾ അല്മായർ മരിച്ചാൽ അത്ര കുഴപ്പമില്ല. കുടുംബ ജീവിതം തിരഞ്ഞെടുക്കുന്ന ധാരാളം പേരുള്ളതുകൊണ്ട് സൃഷ്ടികർമ്മം തുടരുക തന്നെ ചെയ്യും.

എന്നാൽ അങ്ങനെയാണോ അച്ചന്മാരുടെ കാര്യം? പത്തും പന്ത്രണ്ടും ചിലപ്പോൾ അതിലധികവും വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമല്ലേ തിരുസഭയ്ക്ക് ഒരു വൈദികനെ കിട്ടുന്നത്? ഒരച്ചൻ മരിച്ചാൽ അതിന് പകരം ഒരാൾ അഭിഷിക്തനാകണമെങ്കിൽ ദൈവജനം വർഷങ്ങളേറെ കാത്തിരിക്കേണ്ടെ? അതു കൊണ്ട്, പെട്ടന്ന് മരിക്കാൻ വേണ്ടിയല്ല പ്രാർത്ഥിക്കേണ്ടത് മറിച്ച്, ഏറെക്കാലം വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്ത്, അനേകം മക്കളെ ദൈവത്തിലേക്കടുപ്പിച്ച് വിശുദ്ധിയോടെ മരിക്കാൻ വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്."

എന്തായാലും അങ്ങനെ പറഞ്ഞ ബേബി പേപ്പനും, ശ്രവിച്ച ഞാനും ഇന്നും ജീവിച്ചിരിപ്പുണ്ട്. അന്നു മുതൽ മരിക്കണം എന്ന ആഗ്രഹത്തേക്കാൾ കർത്താവ് അനുവദിക്കുന്ന കാലമത്രയും നല്ലരീതിയിൽ ജീവിക്കണം എന്നാണ് ആഗ്രഹവും പ്രാർത്ഥനയും. ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ. 'വിളവധികം, വേലക്കാരോ ചുരുക്കമെന്ന് ' (മത്തായി 9 : 37). അതു കൊണ്ട് വിശുദ്ധിയിൽ ജീവിക്കുന്ന ധാരാളം വൈദികരെയും സന്യസ്തരെയും ലഭിക്കാൻ വേണ്ടി വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കാം. ആ ജീവിതാന്തസുകളിലേക്കുള്ള ദൈവവിളികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളിൽ എത്ര പേർ വഴുതി വീണാലും ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു വൈദികനാകണമെന്നു തന്നെയാണ് എൻ്റെ ആഗ്രഹം. അത്രയ്ക്കിഷ്ടപ്പെട്ടുപോയി ഈ ദൈവവിളിയെ. ഒന്നുറപ്പാണ് കർത്താവിൻ്റെ കൃപ മാത്രമാണ് ഈ വിളിയിൽ തുടരാൻ ശക്തി നൽകുന്നത്. ഞാനുൾപ്പെടെയുള്ള എല്ലാ വൈദികർക്കും സന്യസ്തർക്കും വേണ്ടി ഒരു ചെറിയ പ്രാർത്ഥന ചൊല്ലാമോ? നന്ദി!

വൈദികരുടെ മധ്യസ്ഥനായ വിയാനി പുണ്യാളൻ്റെ തിരുനാൾ മംഗളങ്ങൾ!

More Archives >>

Page 1 of 19