Faith And Reason - 2024

'രാഷ്ട്രത്തിന്റെ ഏക പ്രതീക്ഷ സര്‍വ്വശക്തനായ ദൈവം': അമേരിക്കയില്‍ പ്രാര്‍ത്ഥനാറാലി പ്രഖ്യാപിച്ച് ഫ്രാങ്ക്‌ലിന്‍ ഗ്രഹാം

പ്രവാചക ശബ്ദം 11-08-2020 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ വൈറസും ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ പ്രക്ഷോഭങ്ങളും കൊണ്ട് ജീവിതം ദുസഹമായ അമേരിക്കയ്ക്കു വേണ്ടി ദൈവീക ഇടപെടല്‍ യാചിച്ച് പ്രാര്‍ത്ഥനാ റാലിയുമായി ക്രിസ്റ്റ്യന്‍ ചാരിറ്റി സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും പ്രസിഡന്‍റും പ്രശസ്ത വചനപ്രഘോഷകനുമായ ഫ്രാങ്ക്‌ലിന്‍ ഗ്രഹാം. സെപ്റ്റംബര്‍ 26ന് വാഷിംഗ്‌ടണ്‍ ഡി.സിയില്‍വെച്ച് നടക്കുന്ന ‘പ്രാര്‍ത്ഥനാ റാലി 2020’ യില്‍ പങ്കുചേരുവാന്‍ അമേരിക്കന്‍ ജനതയെ ക്ഷണിച്ചുകൊണ്ടുള്ള ലഘുവീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആയിരകണക്കിന് കുടുംബങ്ങളും, വചനപ്രഘോഷകരും വിശ്വാസികളും റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്വീറ്റില്‍ പറയുന്നു.

അമേരിക്ക അസ്വസ്ഥമാണ്. പക്ഷേ നമുക്ക് പ്രതീക്ഷിക്കുവാന്‍ സര്‍വ്വശക്തനായ ദൈവമുണ്ട്. നാം കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്ന് കൊറോണ മഹാമാരിയെയും സമീപകാല പ്രക്ഷോഭങ്ങളേയും പരാമര്‍ശിച്ചുകൊണ്ട് ഫ്രാങ്ക്ലിന്റെ വീഡിയോയില്‍ പറയുന്നു. ഉച്ചക്ക് രണ്ടു മണിക്ക് ലിങ്കണ്‍ മെമ്മോറിയലില്‍ നിന്നും ആരംഭിക്കുന്ന റാലി 1.8 മൈല്‍ സഞ്ചരിച്ച് കാപ്പിറ്റോള്‍ ബില്‍ഡിംഗിലാണ് അവസാനിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് റാലിയില്‍ പങ്കെടുക്കുമെന്നറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. അന്‍പത് ലക്ഷം ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിനിടെ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു ഉയര്‍ന്നു വന്ന ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭങ്ങളും രാജ്യത്തെ ജനജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. പ്രക്ഷോഭ മറവില്‍ അക്രമികള്‍ വിശുദ്ധരുടെ നിരവധി രൂപങ്ങള്‍ തകര്‍ക്കുകയും, ദേവാലയങ്ങള്‍ ആക്രമിക്കുകയും ചെയ്തതിനു പുറമേ, പോര്‍ട്ട്‌ലാന്‍ഡ് കോര്‍ട്ട്ഹൗസിന് മുന്നില്‍വെച്ച് ബൈബിളും അഗ്നിക്കിരയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്‌ലിന്‍ പ്രാര്‍ത്ഥനാറാലിക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »