News - 2024

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍: പൊട്ടിക്കരഞ്ഞ് ദൈവത്തിന് സ്തുതിയെന്നു ആദ്യ പ്രതികരണം

പ്രവാചകശബ്ദം 14-01-2022 - Friday

കോട്ടയം: ബലാല്‍സംഘ ആരോപണത്തിന്റെ പേരില്‍ നിയമ നടപടി നേരിട്ടുക്കൊണ്ടിരിന്ന ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി. സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്. ദൈവത്തിന് സ്തുതിയെന്നായിരിന്നു ബിഷപ്പ് ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. കോടതി മുറിയ്ക്കു പുറത്തുവന്ന ബിഷപ്പ് പൊട്ടിക്കരഞ്ഞുക്കൊണ്ടു അഭിഭാഷകരെ ആലിംഗനം ചെയ്തു.

മിഷ്ണറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ബിഷപ്പിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സെഷന്‍ കോടതി നിരീക്ഷിക്കുകയായിരിന്നു. കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ്പ് ഫ്രാങ്കോ കോടതിയിലെത്തിയിരുന്നു.

2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. വൈക്കം മുൻ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായത്.


Related Articles »