News

വിശുദ്ധ നാടിന്റെ സംരക്ഷണത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍

പ്രവാചക ശബ്ദം 13-08-2020 - Thursday

ജെറുസലേം: യേശു ജനിച്ചു വളര്‍ന്ന വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള സ്തോത്രക്കാഴ്ചയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് വിശുദ്ധ നാടിന്റെ ഉത്തരവാദിത്ത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്‍റെ അഭ്യര്‍ത്ഥന. എല്ലാ വര്‍ഷത്തെയും ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ പരിശുദ്ധ പിതാവിന്‍റെ പേരില്‍ എടുക്കുന്ന സ്തോത്രക്കാഴ്ച ഈ ഒരു ലക്ഷ്യത്തിന് വേണ്ടിയാണ് നീക്കിവെയ്ക്കാറുള്ളത്. ഇത്തവണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് സെപ്തംബര്‍ 13, വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാള്‍ ദിനത്തില്‍ സ്തോത്രക്കാഴ്ചയെടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് ഇറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഫാ. പാറ്റണ്‍ കപ്പൂച്ചിന്‍ സഹായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

പുണ്യനാടിന്‍റെ ആവശ്യങ്ങള്‍ക്കായുള്ള സ്തോത്രക്കാഴ്ച ഈ വര്‍ഷവും എല്ലാവരും ഉദാരമായി നല്‍കണമെന്ന് പാപ്പ പറഞ്ഞ കാര്യം ഓര്‍മ്മിപ്പിച്ച ഫാ. പാറ്റണ്‍, സുവിശേഷത്തിന്‍റെ ചരിത്രം പൂവണിഞ്ഞ മണ്ണ് സംരക്ഷിക്കുവാന്‍ വിശ്വാസികള്‍ ഓരോരുത്തരും നല്‍കുന്ന ചില്ലിക്കാശ് വിലപ്പെട്ടതാണെന്നും പറഞ്ഞു. ക്രൈസ്തവ ലോകം സാഹോദര്യത്തില്‍ കണ്ണിചേരുന്ന മഹത്തായ ഔദാര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പൊതുനിയോഗത്തിനായി സകലരും ഉദാരമായി കൈതുറക്കുന്ന ഒരു ദിവസവും സ്തോത്രക്കാഴ്ചയുമാണിത്. യേശു മാംസം ധരിച്ച വിശുദ്ധ നാടു സംരക്ഷിക്കുന്ന ഈ പുണ്യപ്രവൃത്തിയില്‍ ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ അംഗങ്ങളായ സകലര്‍ക്കും ആത്മാര്‍ത്ഥമായും ഉദാരമായും നല്കുന്ന ചെറിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ. ഫാ. പാറ്റണ്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »