News - 2025
ഭ്രൂണഹത്യയ്ക്കിരയായ കുരുന്നുകളുടെ ഓര്‍മ്മയ്ക്കായി മെക്സിക്കോയില്‍ ചാപ്പല്‍
പ്രവാചക ശബ്ദം 03-09-2020 - Thursday
മെക്സിക്കോ സിറ്റി: ഗര്‍ഭഛിദ്രത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മക്കായി ചാപ്പലുമായി മെക്സിക്കന്‍ പ്രോലൈഫ് സംഘടനയായ ‘ലോസ് ഇനോസെന്റെസ് ഡെ മരിയ’. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ഗ്വാഡലാജാരയില് നിര്‍മ്മിച്ച ‘ഗ്രൂട്ടാ ഡെ റാക്വല്‍’ എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ ചാപ്പലിന്റെ ഉദ്ഘാടനം. ഗ്വാഡലാജാരയിലെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജുവാന്‍ സാന്ഡോവല് ഇനിഗുവെസ് ചാപ്പല്‍ വെഞ്ചരിച്ചു. ഗര്‍ഭഛിദ്ര മഹാപാതകത്തില്‍ നിന്ന് വേര്‍പ്പെട്ട കുരുന്നുകളെയും മാതാപിതാക്കളെയും തമ്മില്‍ അനുരജ്ഞനപ്പെടുത്തുക എന്ന ലക്ഷ്യമാണ് ചാപ്പലിന് പിന്നിലുള്ളത്.
നിരവധി മനുഷ്യജീവികളെ ബാധിക്കുന്ന മഹാ അപരാധമാണ് ഗര്‍ഭഛിദ്രമെന്ന് കര്‍ദ്ദിനാള്‍ ജുവാന്‍ സാന്ഡോവല് പറഞ്ഞു. ജനിക്കുവാനിരിക്കുന്നതും ജനിച്ചതുമായ കുരുന്നുകള്‍ക്ക് നേര്‍ക്കുള്ള ആക്രമണം തടയുകയാണ് ഈ ചാപ്പലിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ‘ലോസ് ഇനോസെന്റെസ് ഡെ മരിയ’യുടെ സ്ഥാപക ഡയറക്ടറായ ബ്രെന്‍ഡാ ഡെല്‍ റിയോ പറഞ്ഞു. ജനിച്ചതും, ഗര്‍ഭഛിദ്രം ചെയ്യപ്പെട്ടതുമായ 267 കുരുന്നുകളുടെ മൃതശരീരാവശിഷ്ടങ്ങളും മൃതദേഹങ്ങളും ഇതുവരെ തങ്ങള്‍ മറവ് ചെയ്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
തെക്കന്‍ ജര്‍മ്മനിയിലെ ഫ്രാവുന്ബര്ഗിലെ ആശ്രമത്തിനോട് ചേര്‍ന്ന് ‘ഹാര്പ്പാ ഡെയി കൊയര്‍’ എന്ന സംഘടന സ്ഥാപിച്ച ‘ലാ ഗ്രൂട്ടാ ഡെ റാക്വ’ലില്‍ നിന്നുമാണ് തങ്ങള്‍ക്ക് ഈ ആശയം ലഭിച്ചതെന്നു എ.സി.ഐ പ്രസ്നാക്ക് നല്കിയ അഭിമുഖത്തില്‍ ഡെല്‍ റിയോ പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് വിധേയരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുരുന്നുകളോട് അനുരജ്ഞനപ്പെടുവാനും അവരെ നാമകരണം ചെയ്ത് പേരുകള്‍ ചാപ്പലിനോട് ചേര്‍ന്നുള്ള ‘ഗാര്ഡന് ഓഫ് ദി ക്വീന്‍ ഓഫ് ദി ഇന്നസെന്റ്സ് ഓഫ് മേരി’ പൂന്തോട്ടത്തിന്റെ മതിലുകളില്‍ പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ലാറ്റിന്‍ അമേരിക്കയിലെ ആദ്യ സെമിത്തേരി പണിയുവാനുള്ള പദ്ധതിയും ‘ലോസ് ഇനോസെന്റെസ് ഡെ മരിയ’ക്കുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക