News - 2025

ഗര്‍ഭഛിദ്ര ക്ലിനിക്കിന് സമീപത്ത് പ്രാര്‍ത്ഥിച്ചതിന് പിഴ: ഒടുവില്‍ നിയമപോരാട്ടത്തില്‍ റോസയ്ക്കു വിജയം

പ്രവാചകശബ്ദം 21-07-2022 - Thursday

ലിവര്‍പൂള്‍: യുകെയിലെ ലിവര്‍പൂളില്‍ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു സമീപത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എഴുപത്തിയാറുകാരിയായ റോസ ലാലോര്‍ നടത്തിയ നിയമപോരാട്ടം വിജയത്തിലേക്ക്. തന്നെ അറസ്റ്റ് ചെയ്യുകയും, പിഴ വിധിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് എ.ഡി.എഫ് ഇന്റര്‍നാഷണല്‍ യു.കെ എന്ന മനുഷ്യാവകാശ സംഘടനയുടെ സഹായത്തോടെ റോസ ലാലോര്‍ നടത്തിയ നിയമപോരാട്ടമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. നീതിക്ക് വേണ്ടി നടത്തിയ നീണ്ട പോരാട്ടത്തിനൊടുവില്‍ തനിക്കെതിരെ ആരോപിച്ചിരിന്ന കുറ്റങ്ങള്‍ ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നും പ്രാര്‍ത്ഥിക്കുവാനുള്ള മൗലീക അവകാശം നമുക്കെല്ലാവര്‍ക്കും ഉണ്ടെന്ന് കാണിക്കുവാന്‍ വേണ്ടിയാണ് താന്‍ നിയമപോരാട്ടം നടത്തിയതെന്നും റോസ പ്രതികരിച്ചു.

കോവിഡ് പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരുന്ന 2021 ഫെബ്രുവരിയിലാണ് റോസ അറസ്റ്റിലാകുന്നത്. ലിവര്‍പൂളിലെ ഒരു ഭ്രൂണഹത്യ കേന്ദ്രത്തിനു മുന്നില്‍ നിശബ്ദമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന റോസയെ അവിടെ എത്തിയ ഒരു പോലീസുകാരന്‍ ചോദ്യം ചെയ്യുകയായിരുന്നു. വീടിനു പുറത്ത് എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് താന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നടക്കുകയായിരുന്നുവെന്ന് റോസ മറുപടി നല്‍കിയെങ്കിലും, വ്യാജ കുറ്റാരോപണം ഉന്നയിക്കുകയായിരിന്നു. റോസ പ്രതിഷേധം നടത്തുകയായിരുന്നു എന്ന്‍ ആരോപിച്ച് അവരെ അറസ്റ്റ് ചെയ്യുകയും, പിഴ വിധിക്കുകയും ചെയ്തു. എന്നാല്‍ അന്യായത്തെ നിയമപരമായ രീതിയില്‍ റോസ വെല്ലുവിളിച്ചതോടെ റോസ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നു സമ്മതിക്കുവാന്‍ മെര്‍സിസൈഡ് പോലീസ് കോടതിയില്‍ നിര്‍ബന്ധിതരായി.

തങ്ങള്‍ എല്ലാവരും റോസയുടെ വിജയത്തില്‍ സന്തോഷിക്കുന്നുവെന്നും, എന്നാല്‍ നിയമമനുസരിച്ച് ജീവിക്കുന്ന ഒരു സ്ത്രീയെ അവളുടെ പ്രോലൈഫ് അനുകൂല നിലപാട് കാരണം അനാവശ്യമായ ക്രിമിനിനല്‍ നടപടികളിലേക്ക് വലിച്ചിഴക്കുന്നതും, വിവാദ വിഷയങ്ങളിലുള്ള കാഴ്ചപ്പാടിന്റെ പേരില്‍ വ്യക്തികള്‍ അറസ്റ്റിലാകുന്നത് പതിവാകുന്നതും ആശങ്കാജനകമാണെന്നും നിയമപോരാട്ടത്തില്‍ റോസയെ സഹായിച്ച എ.ഡി.എഫ് ഇന്റര്‍നാഷണല്‍ യു.കെ യുടെ ലീഗല്‍ കൗണ്‍സേല്‍ ജെറമിയ ഇഗുന്നുബോലെ ജൂലൈ 18-ന് പ്രസ്താവിച്ചു. റോസയ്ക്കു ലഭിച്ച നീതിയില്‍ അനേകം പ്രോലൈഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »