Wednesday Mirror

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ്

ആന്‍റോ അക്കര / പ്രവാചക ശബ്ദം 08-09-2020 - Tuesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രൈസ്തവ വിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ യുവപാസ്റ്റര്‍ രാജേഷ് ഡിഗള്‍, അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ ക്രിസ്തീയസമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു. ക്രിസ്ത്യാനികളെ അക്രമ സംഘങ്ങള്‍ വേട്ടയാടുന്നതുകൊണ്ട് സ്വന്തം ഗ്രാമമായ ബക്കിംഗിയാക്കുള്ള യാത്ര അപകടകരമാണെന്ന് സുഹൃത്തുക്കള്‍ രാജേഷിന് മുന്നറിയിപ്പ് കൊടുത്തിരുന്നു.

സുഹൃത്തുക്കള്‍ ഭയപ്പെട്ടതുപോലെ സംഭവിച്ചു. ക്രൈസ്തവരെ വേട്ടയാടാന്‍ ഊരുചുറ്റിയിരുന്ന ഒരു കശ്മല സംഘം, ആഗസ്റ്റ് 26ന് ബാപുണി എന്ന സ്ഥലത്ത് വച്ച്, പാസ്റ്റര്‍ രാജേഷ് യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞു. 'നീ ക്രൈസ്തവനാണോ?' അക്രമി സംഘത്തലവന്‍ രാജേഷിനോട് ചോദിച്ചു. രാജേഷിന്റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി അവരെ തൃപ്തരാക്കിയില്ല. അവന്‍ പാസ്റ്ററുടെ ബാഗ് പരിശോധിക്കുകയും അതില്‍ നിന്ന് ബൈബിള്‍ കണ്ടെടുക്കുകയും ചെയ്തു.

ക്രിസ്തീയ വിശ്വാസം വെടിഞ്ഞു ഹിന്ദുവായിത്തീരാന്‍ അവര്‍ പാസ്റ്ററോട് ആവശ്യപ്പെട്ടു. തങ്ങളുടെ നേതാവിനെ െ്രെകസ്തവര്‍ കൊലപ്പെടുത്തിയതിനാല്‍ കന്ധമാലില്‍ ഇനി ക്രൈസ്തവരെ വച്ചുപൊറുപ്പിക്കില്ലെന്ന് അവര്‍ ആക്രോശിച്ചു. ഹിന്ദുമതത്തിലേക്ക് പുനര്‍പരിവര്‍ത്തനത്തിനായി സമീപക്ഷേത്രത്തിലേക്ക് അവരെ അനുധാവനം ചെയ്യണമെന്ന് പാസ്റ്ററോട് അവര്‍ ആവശ്യപ്പെട്ടു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു.

ആ ദിവസങ്ങളില്‍ നൂറുകണക്കിന് ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കുന്നതിന്, കശാപ്പുശാലയിലേക്ക് ആട്ടിന്‍കൂട്ടത്തെപോലെ കന്ധമാലിലെ ഗ്രാമാന്തരങ്ങളില്‍ നിന്ന് കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയിരുന്നു. എന്നാല്‍, ആ യുവപാസ്റ്റര്‍ അക്രമികളുടെ ഭീഷണിയിലും മര്‍ദ്ദനത്തിലും പതറിയില്ല. രാജേഷിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ കലി പൂണ്ട അവര്‍ തൊട്ടടുത്തുള്ള ഒരു കുഴിയിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ച് കഴുത്തുവരെ മണ്ണിട്ടു. തല മാത്രം പുറത്ത്. വിശ്വാസം ഉപേക്ഷിക്കുന്നതിനുള്ള അവസാന അവസരമാണിതെന്ന് അവര്‍ പറഞ്ഞു: 'വിശ്വാസം വേണോ ജീവന്‍ വേണോ?' നിര്‍ഭയനായ ആ യുവപാസ്റ്റര്‍ അവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞു. ക്ഷുഭിതരായ അവര്‍ പാറക്കല്ലു കൊണ്ട് പാസ്റ്റര്‍ രാജേഷിന്റെ ശിരസ്സ് തകര്‍ത്തു (എസ്തപ്പാനോസ് : അപ്പ 7 :59 ).

പാസ്റ്ററുടെ സഹയാത്രികനായിരുന്ന തുങ്കുറു മല്ലിക്ക് എന്ന ഹിന്ദു യുവാവ് പാസ്റ്ററുടെ ഭാര്യ അസ്മിതയോട് വിവരിച്ചതായിരുന്നു ഈ ദുരന്ത സംഭവം. ബട്ടഗുഡ ഗ്രാമവാസിയായ ആ യുവാവ് അവസാന നിമിഷത്തിലാണ് കലാപകാരികളുടെ കരാളഹസ്തങ്ങളില്‍നിന്ന് രക്ഷപെട്ടത്.

പാസ്റ്ററോടൊപ്പം പിടികൂടിയ തുങ്കുറുവിനെ മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കാന്‍ ഒരുമ്പെടുന്ന നേരത്ത് ഹിന്ദുവായ ഗ്രാമത്തലവന്‍ ആകസ്മികമായി അവിടെയെത്തി. ഒരു ഹിന്ദുവിനെ ആക്രമിച്ചതിന് അദ്ദേഹം അക്രമിസംഘത്തെ ശകാരിച്ചു. തുങ്കുറു, പാസ്റ്ററുടെ സഹകാരിയായിരുന്നെങ്കിലും ക്രൈസ്തവനായിട്ടില്ലെന്ന് അദ്ദേഹത്തിന് അറിയമായിരുന്നു. ഇതു കേട്ടതോടെ അക്രമിസംഘം അവനെ വിട്ടയച്ചു.

ആ ദിവസങ്ങളില്‍ ആക്രമണം വ്യാപകമായിരുന്നതിനാല്‍ തനിക്ക് ആ ഗ്രാമത്തിലേക്ക് പോകാനായില്ലെന്നും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബന്ധുക്കള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മൃതശരീരം അവിടെ കാണാനായില്ലെന്നും പാസ്റ്ററുടെ വിധവ അസ്മിത വിതുമ്പിക്കൊണ്ട് പറഞ്ഞു. അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളുടെ അമ്മയായ ആ നിര്‍ഭാഗ്യവതി പറഞ്ഞു: 'അദ്ദേഹത്തിന്റെ ശരീരം ഒന്നു കാണാന്‍പോലും എനിക്കു കഴിഞ്ഞില്ല'

അക്രമിസംഘം മൃതശരീരം എടുത്തുമാറ്റി, രഹസ്യമായി കാട്ടില്‍ തള്ളുകയായിരുന്നു. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി പാസ്റ്ററിന്റെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. എന്നാല്‍ മൃതശരീരം കണ്ടെടുക്കുവാന്‍ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞ് കൊലപാതകക്കേസ് എടുക്കുവാന്‍ പോലീസ് വിസമ്മതിച്ചു. അതുകൊണ്ട് കൊല്ലപ്പെട്ടവരുടേതായി ഒഡീഷാസര്‍ക്കാര്‍ 2009 ജനുവരിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 32 ആളുകളുടെ പട്ടികയില്‍ പാസ്റ്റര്‍ രാജേഷിന്റെ പേര് ഉണ്ടായിരുന്നില്ല.

പക്ഷേ, പോലീസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന കൊലപാതകങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍മൂലം പാസ്റ്റര്‍ രാജേഷിന്റെ ഉള്‍പ്പെടെ ആറു പേരുകള്‍ കൂടി കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പടുത്താന്‍ 2009 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പാസ്റ്റര്‍ രാജേഷിന്റെ കൊലപാതകത്തെക്കുറിച്ച് കന്ധമാലിനെക്കുറിച്ചുള്ള എന്റെ ആദ്യ ഗ്രന്ഥത്തില്‍ ' 'Kandhamal - A blot on Indian Secularism' (കന്ധമാല്‍ ഭാരതത്തിന്റെ മതേതരത്വത്തിന് ഒരു കളങ്കം) വിശദമായി പ്രതിപാദിച്ചിരുന്നു. ഈ അന്വേഷണാത്മ ഗ്രന്ഥം, ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തിന്റെ കുലപതിയെന്നറിയപ്പെടുന്ന കുല്‍ദീപ് നയ്യാര്‍ 2009 ഏപ്രില്‍ 9ന് പ്രകാശനം ചെയ്തതോടെ കന്ധമാലില്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന കൊലപാതകങ്ങള്‍ മാധ്യമങ്ങള്‍ എടുത്തുകാട്ടി.

ഇതിന്റെ ഫലമായി മൂന്നാഴ്ചയ്ക്കുള്ളില്‍ ഒഡീഷാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികപ്രകാരം പാസ്റ്റര്‍ രാജേഷിന്റെ വിധവയ്ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടി. രാജേഷ് കൊല്ലപ്പെട്ടതാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചത്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ കൂടി ലഭിക്കുവാന്‍ ആ വിധവയെ അര്‍ഹയാക്കി.

വാസ്തവത്തില്‍, പാസ്റ്റര്‍ രാജേഷിന്റെ കൊലപാതകത്തില്‍പോലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതായിരുന്നു കന്ധമാല്‍ നീര്‍ച്ചുഴിയിലേക്ക് എടുത്ത് ചാടുവാന്‍ എന്നെ പ്രകോപിപ്പിച്ചത്. പാസ്റ്ററിന്റെ കൊലപാതകം പോലീസിനെക്കൊണ്ട് അംഗീകരിപ്പിച്ച് സര്‍ക്കാരില്‍ നിന്ന് അഞ്ചുലക്ഷം ധനസഹായം, ഈ നിരാലംബ കുടുംബത്തിന് വാങ്ങിക്കൊടുക്കുക എന്നതായിരുന്നു ഈ പുസ്തകമെഴുത്തിന് എന്നെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം.

'അവര്‍ വിശ്വാസം ഉപേക്ഷിക്കുവാന്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. പക്ഷെ, ജീവിതത്തില്‍ ഏറ്റവും ഒടുവിലായി ഞാന്‍ ചെയ്യുന്ന സംഗതിയായിരിക്കും അത്,' (വിശ്വാസം 2 കൊറി. 5 :7 , എഫേ 3:17 ) 2008ലെ ക്രിസ്മസ് രണ്ടാഴ്ച മുമ്പ് കാവിപ്പടയുടെ ഭീഷണികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ യുവവിധവ പറഞ്ഞു. ഞാന്‍ അസ്മിതയെ വീണ്ടും കണ്ടുമുട്ടിയത് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം കന്ധമാലിലെ അനാഥരുടെയും വിധവകളുടെയും സമ്മേളനത്തിലാണ്. കാവിപ്പടയുടെ നിരന്തരമായ ഭീഷണിനിമിത്തം അതിനകംതന്നെ പലതവണ താമസം മാറേണ്ടിവന്ന കാര്യം അസ്മിത വെളിപ്പെടുത്തി.

'എന്റെ മക്കളെ ഹോസ്റ്റലില്‍ നിറുത്താതെ എനിക്കു വേറെ വഴിയില്ല. ഇടയ്ക്കിടയ്ക് താമസം മാറേണ്ട സാഹചര്യത്തില്‍ മറ്റെന്താണ് ചെയ്യാന്‍ കഴിയുക? 2012ന്റെ തുടക്കത്തില്‍ റൈക്കിയയ്ക്കടുത്ത് ബന്ധുവിന്റെകൂടെകഴിഞ്ഞിരുന്ന അസ്മിതയുടെ ഈ ചോദ്യം കന്ധമാലിലെ വിധവകളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു.

തുടരും... (അടുത്ത ബുധനാഴ്ച: ക്രൈസ്തവരെ കൊല്ലുന്ന ക്രൂര വിനോദം)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

More Archives >>

Page 1 of 15