Wednesday Mirror - 2024
കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം
ആന്‍റോ അക്കര 26-08-2020 - Wednesday
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിന് 200-350 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മനോഹരമായ മലമ്പ്രദേശമാണ് കന്ധമാൽ. ജില്ലയുടെ ജനസംഖ്യയിൽ 52 ശതമാനം വരുന്ന ആദിവാസികളായ 'കാന്ധോ' ഗോത്രവർഗക്കാരുടെ സ്ഥലമെന്നാണ് ഈ പദത്തിൻ്റെ വാച്യാർത്ഥം. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽത്തന്നെ, കന്ധമാൽ മലയോരങ്ങളിൽ ക്രൈസ്തവ മിഷ്ണറിമാർ നിരവധി കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ക്രമേണ ഈ വനമ്പ്രദേശങ്ങളിൽ ഊർജസ്വലതയുള്ള ക്രൈസ്തവസമൂഹം വളർന്നുവന്നു. 2001-ലെ ജനസംഖ്യാ കണക്കനുസരിച്ച് ആ ജില്ലയിലെ ആറര ലക്ഷം ജനങ്ങളിൽ പതിനെട്ടു ശതമാനം ക്രൈസ്തവരാണ്. അതേസമയം ഇന്ത്യയിൽ ക്രൈസ്തവർ വെറും 2.32 ശതമാനമേയുള്ളൂ.
ഈ ഗ്രന്ഥത്തിൽ പലയിടത്തും ക്രൈസ്തവർ കാട്ടിലേക്കു പലായനം ചെയ്തു എന്നു കുറിച്ചിരിക്കുന്നതു കാണാം. ഇത് മനസിലാക്കുന്നതിന് കേരളത്തിൻ്റെയും കന്ധമാലിൻ്റെയും ജനസാന്ദ്രത താരതമ്യപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. 38,000 ചതുരശ്ര കി.മീ. വ്യാപിച്ചു കിടക്കുന്ന കേരളത്തിൽ ഓരോ 1,000 ചതുരശ്ര കി.മീറ്ററിലും 10 ലക്ഷത്തോളം ജനങ്ങൾ നിവസിക്കുന്നുണ്ട്. പക്ഷെ കാനനജില്ലയായ കന്ധമാലിന് കേരളത്തിൻ്റെ അഞ്ചിലൊന്നു വലിപ്പം (8000 ചതുരശ്ര കി.മീ.) ഉണ്ടെങ്കിലും ആ ജില്ലയിൽ ആകർ 6,50,000 ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ചുരുക്കത്തിൽ, ചെറുതും വലുതുമായ ഓരോ ഗ്രാമത്തിനു ചുറ്റിലും കാടുകളായിരുന്നത് കൊണ്ട് അക്രമികളിൽ നിന്ന് രക്ഷ പെടുന്നതിന് കാട്ടിലേക്ക് പലായനം ചെയ്യുന്നതിന് അവർക്ക് അധികം ദൂരം പോകേണ്ടിയിരുന്നില്ല.
കന്ധമാൽ അന്തർ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത് 2007-ലെ ക്രിസ്‌മസ് കാലത്താണ്. ക്രൈസ്തവ കേന്ദ്രങ്ങൾക്ക് നേരെ ക്രിസ്‌മസിൻ്റെ തലേരാത്രി മുതൽ സംഘടിത ആക്രമണങ്ങളുണ്ടായി. നൂറിലേറെ ദൈവാലയങ്ങൾ താറുമാറാക്കി. അനേകം ക്രൈസ്തവസ്ഥാപനങ്ങൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു, നാല് ദിവസങ്ങൾക്കിടെ നാനൂറിലധികം ഭവനങ്ങൾ തകർത്തു. 40 വര്ഷങ്ങളായി ക്രിസ്തുമതത്തിനെതിരെ വൻതോതിൽ പ്രചാരണം അഴിച്ചുവിട്ടിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ക്രൈസ്തവർ ആക്രമിച്ചുവെന്ന കിംവദന്തിയുടെ അടിസ്ഥാനത്തിലാണ് സംഘപരിവാർ ഈ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.
2008 ആഗസ്റ്റ് 23-ന് സ്വാമി കൊല്ലപ്പെട്ടതിന് ശേഷമുള്ള ആഴ്ചകളിൽ അക്രമികൾ സംഹാരതാണ്ഡവമാടി. കൂട്ടക്കൊലകളും അക്രമങ്ങളും കന്ധമാലിനെ പൈശാചിക പാതാളമാക്കി മാറ്റി. കന്ധമാലിന് ക്രിസ്തുമത ചരിത്രത്തിൽത്തന്നെ ഒരു പ്രത്യേക സ്ഥാനം നൽകി. ഈ മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികളെ ക്രൈസ്തവർക്കെതിരെ തിരിച്ചുവിട്ട് വർഗീയശക്തികൾ ക്രൈസ്തവ പീഡനം ആളിപ്പടർത്തി.
തങ്ങളാണ് സ്വാമിയെ കൊന്നതെന്ന് പ്രഖ്യാപിച്ച് മാവോയിസ്റ്റുകൾ ഉത്തരവാദിത്ത്വം ഏറ്റെടുത്തു. എന്നിട്ടും എൺപത്തൊന്നു വയസ്സുകാരനായ സ്വാമി ലക്ഷ്മണാനന്ദയെ വധത്തിനു പിന്നിൽ ക്രിസ്തീയ ഗൂഢാലോചനയാണെന്ന് ശഠിക്കുകയാണ് സംഘപരിവാർ ചെയ്തത്. വിവിധ ക്രൈസ്തവ സഭകളും സഭാവിഭാഗങ്ങളും കൊലപാതകത്തെ അപലപിച്ചത് അവർ കണ്ടില്ലെന്ന് നടിച്ചു.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ പ്രകോപിക്കുന്നതിനായി, കൊലചെയ്യപ്പെട്ട സ്വാമിയുടെ മൃതദേഹം കന്ധമാലിലെ കുഗ്രാമങ്ങളിൽകൂടി പോലും വികാര പ്രക്ഷുബ്ധരായ ജനാവലിയുടെ അകമ്പടിയോടെ കൊണ്ടുനടന്നത് രണ്ടു ദിവസമാണ്. സർക്കാർ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയെ കാറ്റിൽ പറത്തി നടത്തിയ ഈ വിലാപയാത്രയിലുടനീളം പോലീസ് നിശബ്ദ നിരീക്ഷകരായി നിലകൊണ്ടു.
പിന്നീടുള്ള ദിവസങ്ങളിൽ കന്ധമാലിൻ്റെ ഭരണം കയ്യാളിയത് ഹിന്ദുമൗലികവാദികളാണ്. സായുധ സംഘങ്ങൾ അഴിഞ്ഞാടി, ക്രൈസ്തവരെ വേട്ടയാടി. അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ഭവനങ്ങൾക്കും ദൈവാലങ്ങൾക്കും തീവയ്ക്കുകയും ചെയ്തു. ആരംഭത്തിൽ അരങ്ങേറിയ കൊള്ളയ്ക്കും കൊള്ളിവയ്പ്പിനും ശേഷം ആസൂത്രിതമായ ഒരു പദ്ധതി പ്രകാരമുള്ള ദൗത്യമായിട്ടായിരുന്നു സംഹാര പ്രവർത്തനങ്ങൾ കാവിപ്പട, ക്രൈസ്തവകുടുംബങ്ങൾക്ക് അന്ത്യശാസനം നൽകി. ഒന്നുകിൽ വിശ്വാസം പരിത്യജിക്കണം; അല്ലെങ്കിൽ സ്ഥലം വിട്ടുപോകണം.
അന്ത്യശാസനത്തിൻ്റെ കാലാവധി കഴിഞ്ഞതോടെ മുൻനിശ്ചയപ്രകാരം സംഘപരിവാർ നേതൃത്വത്തിൽ സായുധസംഘങ്ങൾ കാപാലികരായി. വിശ്വാസത്തിൽ ഉറച്ചുനിന്ന ക്രൈസ്തവർക്ക് വിശ്വാസം ഉപേക്ഷിക്കുവാൻ ഒരു അവസരം കൂടി നൽകി. ആയിരക്കണക്കിന് ക്രിസ്താനികൾ സർവവും ത്യജിച്ച് കാടുകളിലേക്ക് പലായനം ചെയ്തപ്പോൾ, കൈയിൽ കിട്ടിയ നൂറുകണക്കിന് ക്രൈസ്തവരെ ബലമായി അമ്പലങ്ങളിലേക്ക് കൊണ്ടുപോയി പുനർപക്രൈസ്തവവിശ്വാസം പരിത്യജിക്കുന്നതിൻ്റെ ഭയാനകമായ പ്രതിജ്ഞകൾ നിർബന്ധമായി ചൊല്ലിക്കുകയും ചെയ്തു.
സംഘപരിവാറിൻ്റെ കൽപന ധിക്കരിച്ച് വിശ്വാസത്തിൽ ഉറച്ചു നിന്നവരെ ക്രൂരമായി പീഡിപ്പിച്ചു. ഡസൻ കണക്കിന് ക്രിസ്ത്യാനികൾ അതിക്രൂരമായി കൊല്ലപ്പെട്ടു. ഭാരതത്തിൻ്റെ ചരിത്രത്തിലുണ്ടായ അതിനീചമായ ഈ മതമർദ്ദനത്തിൽ കന്ധമാലിലെ 1,17,000 ക്രൈസ്തവരിൽ പകുതിയിലേറെയും ഭവനരഹിതരായി. വഴിയാധാരമായി ആയിരക്കണക്കിന് ക്രൈസ്തവർ കന്ധമാലിൽ സർക്കാർ സജ്ജമാക്കിയ 26 അഭയാർത്ഥി ക്യാമ്പുകളിൽ താമസമാക്കി.
അവിടെ വെള്ളമോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ആഴ്ചകളോളം താമസിക്കേണ്ടി വന്ന ക്രൈസ്തവരിൽ വളരെപ്പേർ ഇടക്കാല ആശ്വാസമായ 10,000 രൂപ കൈപ്പറ്റിയ ഉടനെ ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്തു. വലിയ നഗരങ്ങളിലെ ചേരികളിൽ അവർ സങ്കേതം തേടി. ഭുവനേശ്വറിലെ സലിയസാഹി എന്ന ചേരിയിൽ മാത്രം കന്ധമാലിൽ നിന്ന് പലായനം ചെയ്ത 10000 -ലേറെ ക്രിസ്ത്യാനികൾ അഭയം കണ്ടെത്തി.
മാസങ്ങൾക്കുശേഷം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുചെന്ന അഭയാർത്ഥികളെ എതിരേറ്റത് ശാഠ്യം പിടിച്ച മൗലിക വാദികൾ ആയിരുന്നു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറുള്ളവരെ മാത്രമേ സ്വന്തം ഗ്രാമങ്ങളിൽ താമസിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അവർ പ്രഖ്യാപിച്ചു. കാരണം, ഹിന്ദു രാഷ്ട്രവാദത്തിൻ്റെ വക്താക്കളായ ബി.ജെ.പി., ഒഡീഷ സർക്കാരിൽ സഖ്യകക്ഷികളായതു കൊണ്ട് , കലാപകാരികൾക്കെതിരെ നടപടി എടുക്കരുതെന്ന് പോലീസിന് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. ഇത് 2009 ജൂൺ 15 -ലെ കൂടിക്കാഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്തിയായിരുന്ന പി ചിദംബരം എന്നോട് സ്ഥിരീകരിച്ചിരുന്നു.
തങ്ങളെ ധിക്കരിച്ച ക്രൈസ്തവർക്കെതിരെ സംഘപരിവാർ അണികൾ ഊരുവിലക്ക് പ്രഖ്യാപിച്ച പല ഗ്രാമങ്ങളും ശ്മാശാനതുല്യമായി വിലക്ക് ലംഘിച്ച് ക്രൈസ്തവർക്ക് ജോലി നൽകുകയോ, അവർക്കുവേണ്ടി പണി എടുക്കുകയോ അവർക്ക് നിത്യോപയോഗ സാധങ്ങൾ വിൽക്കുകയോ ചെയ്ത ഹിന്ദുക്കൾക്ക് പോലും കർശനമായ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വന്നു.
ഹിന്ദുതീവ്രവാദത്തോട് മമത പുലർത്തുന്ന ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ക്രൈസ്തവർക്കെതിരായ ഊരുവിലക്ക് കണ്ടില്ലെന്ന് നടിച്ചു. മാത്രമല്ല, വർഗീയവാദികളുടെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത സ്ഥിതി സംജാതമാക്കുവാൻ പോലീസും കൂട്ടുനിന്നു. സ്വന്തം ഗ്രാമങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ക്രൈസ്തവരെ മാറ്റിത്താമസിപ്പിക്കുന്നതിന് ഈ അധികാരികൾ വിജനപ്രദേശങ്ങളിൽ ക്രൈസ്തവരുടെ മാത്രം കോളനികൾ സൃഷ്ടിച്ചു. ഇങ്ങനെ നിലവിൽ വന്ന നന്ദാഗിരിയിലെ ശാന്തിനഗർ, ടിക്കാ ബലിയിലെ ആനന്ദ് നഗർ തുടങ്ങിയ ക്രൈസ്തവ കോളനികൾ ഭാരതത്തിൻ്റെ ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശമായ മതസ്വാതന്ത്ര്യത്തിനു മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ജ്വലിക്കുന്ന വിശ്വാസം)
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]