Thursday Mirror

പതിനെട്ടാം നൂറ്റാണ്ടില്‍ യേശുവിനെ നേരിട്ടു കണ്ട മെക്സിക്കന്‍ നിവാസികള്‍

പ്രവാചക ശബ്ദം 08-07-2020 - Wednesday

ധാരാളം മരിയന്‍ പ്രത്യക്ഷീകരണങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. ഫാത്തിമായിലേയും, ഗ്വാഡലൂപ്പയിലേയും ലൂര്‍ദ്ദിലെയും അടക്കം പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള ഒരു നീണ്ട നിര നമ്മുടെ മനസില്‍ മാറി മറഞ്ഞേക്കാം. എന്നാല്‍ നമ്മള്‍ ഒരുപക്ഷേ മെക്സിക്കോയിലെ ജാലിസ്കോ സംസ്ഥാനത്തിലെ ഒക്കോട്ലാനില്‍ നടന്ന ക്രൂശിതനായ ക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് കേള്‍ക്കുവാനിടയില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ജാലിസ്കോ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ അതിശക്തമായ ഒരു ഭൂമികുലുക്കത്തിനു തൊട്ട് മുന്‍പായിട്ടാണ് ‘ഒക്കോട്ലാനിലെ അത്ഭുതം’ എന്നറിയപ്പെടുന്ന ഈ അത്ഭുതം സംഭവിച്ചത്.

1847 ഒക്ടോബര്‍ 3. പാറോക്കിയല്‍ വികാര്‍ ഫാ. ജൂലിയന്‍ നവാരോയുടെ നേതൃത്വത്തില്‍ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിന്റെ സെമിത്തേരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ട് മുന്‍പാണ് സെമിത്തേരിയില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ആ കാഴ്ച കണ്ടത്. വടക്ക് പടിഞ്ഞാറന്‍ മാനത്ത് രണ്ട് വെളുത്ത മേഘങ്ങള്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്. അതില്‍ യേശുവിന്റെ രൂപം. കര്‍ത്താവായ യേശു ആയിരങ്ങള്‍ക്ക് തന്റെ ദര്‍ശന ഭാഗ്യം നല്‍കിക്കൊണ്ട് അരമണിക്കൂറോളം നേരം ആകാശത്ത് തുടര്‍ന്നു. തൊട്ടടുത്ത പട്ടണങ്ങളിലുള്ളവരും ഈ അത്ഭുത കാഴ്ചക്ക് സാക്ഷ്യം വഹിച്ചു. “കര്‍ത്താവേ, കരുണ കാണിക്കണമേ” എന്ന കണ്ണുനീര്‍ പൊഴിച്ചുള്ള നിലവിളികള്‍ മാത്രമായിരുന്നു അവിടെ നിന്നും ഉയര്‍ന്നത്.

പട്ടണത്തിലെ മേയര്‍ അന്റോണിയോ ജിമെനെസ്, ഇടവക വികാരി ഫാ. ജൂലിയന്‍ മാര്‍ട്ടിന്‍ ഡെല്‍ കാംപോ അടക്കമുള്ള നേതാക്കളും ആയിരകണക്കിന് വിശ്വാസികളും ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു. തങ്ങള്‍ കണ്ട കാഴ്ച്ചയെക്കുറിച്ച് ലോകത്തെ അറിയിക്കുവാന്‍ സഭാനേതൃത്വവും വിശ്വാസികളും തീരുമാനിച്ചു. അത്ഭുതത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച മുപ്പതു പേര്‍ ഒപ്പിട്ട അത്ഭുതത്തെക്കുറിച്ച് വിവരിക്കുന്ന വിശദമായ ഒരു രേഖ പിന്നീട് തയ്യാറാക്കി. ക്രിസ്തുവിന്റെ പ്രത്യക്ഷീകരണ അത്ഭുതം സംഭവിച്ച് അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഗ്വാഡലാജാര അതിരൂപതയിലെ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന പെഡ്രോ ലോസാ പാര്‍ദാവേയുടെ നേതൃത്വത്തില്‍ മറ്റൊരു രേഖ തയ്യാറാക്കുകയും അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 30 പേര്‍ അതില്‍ ഒപ്പിടുകയും ചെയ്തു.

പ്രത്യക്ഷീകരണം നടന്നതിന്റെ സ്മരണാര്‍ത്ഥം കരുണയുടെ കര്‍ത്താവിനോടുള്ള ആദരസൂചകമായി 1875-ല്‍ പുതിയൊരു ഇടവക ദേവാലയം ഇവിടെ പണികഴിപ്പിച്ചു. 1911 സെപ്റ്റംബറില്‍ ഗ്വാഡലാജാര അതിരൂപതയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ ജോസ് ഡെ ജീസസ് ഓര്‍ട്ടിസ് റോഡ്രിഗസാണ് ഈ അത്ഭുതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖയില്‍ ഒപ്പുവെച്ചത്. “ഏതാണ്ട് രണ്ടായിരത്തോളം ആളുകളെ സാക്ഷിയാക്കിക്കൊണ്ട് പകല്‍ വെളിച്ചത്തില്‍ സംഭവിച്ച ഈ അത്ഭുതം ഒരു മായാജാലമോ, വ്യാജമോ അല്ല. ഇത് നമ്മള്‍ അംഗീകരിച്ചേ മതിയാവൂ” എന്നാണ് അത്ഭുതത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ കുറിച്ചത്. ഒക്ടോബര്‍ 3 കരുണയുടെ കര്‍ത്താവിന്റെ തിരുനാളായി അതിരൂപതയില്‍ ആഘോഷിക്കുവാനും അദ്ദേഹം ഉത്തരവിട്ടു.

അങ്ങനെ പിറ്റേവര്‍ഷം 1912 മുതലാണ് കരുണയുടെ കര്‍ത്താവിന്റെ തിരുനാള്‍ അതിരൂപതയില്‍ ആഘോഷിക്കുവാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെ നീളുന്ന പതിമൂന്ന്‍ ദിവസത്തെ ആഘോഷമായാണ് ഓരോ വര്‍ഷവും ഇവിടെ തിരുനാള്‍ കൊണ്ടാടുന്നത്. 1997-ല്‍ കരുണയുടെ കര്‍ത്താവിന്റെ അത്ഭുതത്തിന്റെ നൂറ്റിയന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഒക്കോട്ലാനിലെ ജനങ്ങള്‍ക്ക് തന്റെ അപ്പസ്തോലിക ആശീര്‍വാദവും ആശംസ കത്തും നല്‍കിയിരിന്നു.


Related Articles »