Wednesday Mirror

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ

ആന്‍റോ അക്കര / പ്രവാചക ശബ്ദം 02-09-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കർഷകനായ അഭിമന്യു നായക് ഭാര്യയും നാല് മക്കളുമൊത്ത് ബൊരപാലി ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നത്. സ്വാമിയുടെ കൊലപാതകത്തിൻ്റെ പിറ്റേദിവസം മൗലികവാദികൾ ഈ ഗ്രാമത്തിലുണ്ടായിരുന്ന നാലു ക്രൈസ്തവ കുടുംബങ്ങളെ, ഹിന്ദുമതം സ്വീകരിക്കുക അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കുക എന്ന് ഭീഷണിപ്പെടുത്തി. മുമ്പും ഇത്തരം ഭീഷണികൾ നേരിട്ടിട്ടുള്ളതിനാൽ ക്രൈസ്തവകുടുംബങ്ങൾ അത് കാര്യമാക്കിയില്ല.

നാല്പതുകാരനായ അഭിമന്യു ആഗസ്ത് 26-ആം തീയതി രാത്രി പതിവുപോലെ വീടിനു പുറത്താണ് കിടന്നുറങ്ങിയത്. പാതിരയോടടുത്ത്, ബഹളം കേട്ട് പ്രിയതമ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. അവൾ പുറത്തുവന്നപ്പോൾ വാതിൽപ്പടിയിൽ സായുധരായ ഒരു സംഘത്തെയാണ് കണ്ടത്. "ഹിന്ദുവാകാൻ നീ തയ്യാറുണ്ടോ?" അഭിമന്യുവിൻ്റെ കഴുത്തിൽ വാൾ വച്ചുകൊണ്ട് സംഘത്തലവൻ ചോദിച്ചു. അഭിമന്യു " ഇല്ല എന്നുപറഞ്ഞ ഉടൻതന്നെ അവർ അവൻ്റെ കൈകൾ ബന്ധിച്ച് വലിച്ചിഴച്ചു കൊണ്ടുപോകുവാൻ തുനിഞ്ഞു.

ബഹളംകേട്ട് അഭിമന്യുവിൻ്റെ ജ്യേഷ്ഠൻ പവിത്രയും മകൻ ദുക്തിയും ഓടിയെത്തി. അഭിമന്യുവിനെ വിട്ടയയ്ക്കണമെന്ന് അവർ കേണപേക്ഷിച്ചു. അക്രമിസംഘം തന്നെ വിടില്ലെന്ന് ബോധ്യമായ അഭിമന്യു അവരോട് ഓടി രക്ഷപ്പെടുവാൻ പറഞ്ഞു.

അക്രമികൾ അഭിമന്യുവിനെ ബലം പ്രയോഗിച്ചു കാട്ടിലേക്ക് കൊണ്ടുപോയി., മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി. അഗ്നി അവനെ വിഴുങ്ങിയപ്പോൾ അവർ ഹിന്ദുദൈവങ്ങളുടെ പേരുപറഞ്ഞ് ആർത്തുവിളിച്ചു. മരത്തിൽ കെട്ടുന്നതിന് ഉപയോഗിച്ചിരുന്ന കയറിന് തീ പിടിച്ചതോടെ അഭ്യമന്യു നിലം പതിച്ചു. തീനാളങ്ങളണയ്ക്കുന്നതിനായി അവൻ നിലത്തു കിടന്നുരുണ്ടു.

അഭിമന്യുവിൻ്റെ കാര്യത്തിൽ പ്രിയതമയ്ക്കും മക്കൾക്കും വലിയ ഉത്കണ്ഠയുണ്ടായിരുന്നെങ്കിലും അക്രമികളെക്കുറിച്ചുള്ള ഭീതിമൂലം പാതിരാത്രിയിൽ കാട്ടിൽ പോയി അന്വേഷിക്കാൻ അവർ ധൈര്യപ്പെട്ടില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ വേദനകൊണ്ട് നിലവിളിച്ചു കത്തിക്കാളുന്ന ശരീരവുമായി അഭിമന്യു മുട്ടിന്മേൽ ഇഴഞ്ഞു വീട്ടിലേക്ക് വരുന്നതുകണ്ട്‌ അവർ സ്തബ്ധരായി.

പ്രിയതമ ഭർത്താവിന് വെള്ളം കൊടുത്തു. അഭിമന്യുവിനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതിന് ഹിന്ദുക്കളായ അയൽവാസികളോട് അവൾ സഹായം അഭ്യർത്ഥിച്ചു. "ഞങ്ങൾ നിങ്ങളെ സഹായിച്ചാൽ, അവർ ഞങ്ങളേയും ആക്രമിക്കും." എന്ന് പറഞ്ഞു അവർ ഒഴിഞ്ഞുമാറി. ഏറെ സഹാനുഭൂതി ഉണ്ടായിരുന്നെങ്കിലും പൊള്ളലേറ്റ് മരിക്കുന്ന ക്രിസ്ത്യാനിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിലൂടെ കാവിപ്പടയുടെ ശത്രുത ഏറ്റുവാങ്ങാൻ അയൽക്കാർ തയ്യാറല്ലായിരുന്നു. വേട്ടയാടപ്പെട്ട ക്രൈസ്തവരെ സംരക്ഷിച്ചതിൻ്റെ പേരിൽ രണ്ടു ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അനേകം പേരെ ആക്രമിക്കുകയും ചെയ്തിരുന്നു. ('കോപാവേശത്തിന് ഇരകളായി ഹിന്ദുക്കളും' പേജ് 250.)

പൊള്ളലേറ്റുണ്ടായ തീവ്രവേദനയ്ക്കിടയിലും അഭിമന്യു തൻ്റെ വയസുള്ള മകനായ ടുക്നയോട് ഇളയവരായ മൂന്നു പെൺകുട്ടികളെയും കൂട്ടി പലായനം ചെയ്യാൻ ആവശ്യപ്പെട്ടു. ഭാര്യമാത്രം തൻ്റെ കൂടെ നിന്നാൽ മതി. എന്നാൽ പിതാവിൻ്റെ ദയനീയാവസ്ഥ കണ്ട് ഭയചകിതരായെങ്കിലും മക്കൾ ആ അഭ്യർത്ഥന അനുസരിച്ചില്ല. അധികം വൈകാതെ അഭിമന്യു അബോധാവസ്ഥയിലായി. നേരം വെളുത്തിട്ട് മരണാസന്നനായ അഭിമന്യുവിൻ്റെ അരികിലിരുന്ന് ഭാര്യയും മക്കളും വിലപിക്കുന്നതു കണ്ടിട്ടും ആ മനുഷ്യനെ ആശുപത്രിയിലെത്തിക്കാൻ ആരും മുന്നോട്ടു വന്നില്ല.

മണിക്കൂറുകൾ കഴിഞ്ഞ് ബോധം വന്നപ്പോൾ അഭിമന്യു ഭാര്യയോടു പറഞ്ഞു: "ഞാൻ എന്തായാലും മരിക്കുവാൻ പോകുകയാണ്. ഇനി നിങ്ങൾ ഇവിടെ താമസിക്കരുത്." ഉച്ചയോടുകൂടി അഭിമന്യു മരണമടഞ്ഞു. അതിനു മുൻപ് ടുക്ന മൂന്നു കി.മീ. അകലെയുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന്, തങ്ങളെ സഹായിക്കണമെന്ന് കെഞ്ചിയിരുന്നു. എന്നാൽ പോലീസിൻ്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമുണ്ടായിരുന്നില്ല. അഭിമന്യു മരിച്ചതിനുശേഷം നാട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി ആവർത്തിച്ചു. മൃതദേഹം പട്ടികൾ തിന്നുകയാണെന്നു പറഞ്ഞിട്ടുപോലും പോലീസ് കേട്ടഭാവം നടിച്ചില്ല. അഞ്ചാം ദിവസമാണ് മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോലീസ് സ്ഥലത്തെത്തിയത്.

"എൻ്റെ ഭർത്താവിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കടിച്ചുപറിക്കാൻ വട്ടംകൂടിയ പട്ടികളെ ആട്ടിയോടിക്കാൻ ഈ ഞാൻ ഏറെ കഷ്ടപ്പെട്ടു. സംസ്കാര സമയമായപ്പോഴേക്കും ഞാൻ മുഴുഭ്രാന്തിയെ പോലെയായിരുന്നു." ഈറനണിഞ്ഞ കണ്ണുകളോടെ പ്രിയതമ അനുസ്മരിച്ചു.

ഗ്രാമത്തിലെ ഹിന്ദുക്കൾ സംഭവിച്ചതല്ലാം ഉലുംഗിയ ഗ്രാമത്തിൽ താമസിച്ചിരുന്ന, പ്രിയതമയുടെ സഹോദരനെ അറിയിച്ചു. മൃതദേഹം സം സ്‌കരിച്ചശേഷം അയാൾ സഹോദരിയെ തൻ്റെ വീട്ടിൽ താമസിപ്പിച്ചു. കുട്ടികളെ ഇതിനകം ടിക്കാബലിയിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റിയിരുന്നു. നൂറുകണക്കിന് ക്രൈസ്തവരെക്കൊണ്ട് ആ അഭയാർത്ഥി ക്യാമ്പ് നിറഞ്ഞിരുന്നു.

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ ഭുവനേശ്വറിനു സമീപം ജൻല എന്ന സ്ഥലത്ത് നടത്തിയിരുന്ന കുഷ്ഠരോഗ കേന്ദ്രത്തിലേക്ക് ആ അമ്മയെയും മക്കളെയും മാറ്റി പാർപ്പിച്ചു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വർ ടിക്കാബലിയിൽ നിന്ന് 250 കി.മീ. അകലെയാണ്. കന്ധമാലിൽ നിന്ന് പലായനം ചെയ്യുന്നവരെ സംരക്ഷിക്കാൻ സിസ്റ്റേഴ്സ് അവിടെ ദുരിതാശ്വാസകേന്ദ്രം തുറന്നിരുന്നു. മദർ തെരേസയുടെ ചൈതന്യം തിളങ്ങിനിന്ന പ്രവൃത്തിയായിരുന്നു അത്.

ഹിന്ദുകുടുംബത്തിൽ ജനിച്ചുവളർന്ന ആ വിധവ പറഞ്ഞു:" "എൻ്റെ ഭർത്താവ് സ്വന്തം വിശ്വാസത്തിനു വേണ്ടി മരണം വരിച്ചു, ഞാൻ ഒരിക്കലും ഹിന്ദുവാകില്ല." ക്രിസ്ത്യാനിയായിരുന്ന അഭിമന്യുവിനെ പ്രേമിച്ച് വീട്ടുകാരുടെ എതിർപ്പ് ഗൗനിക്കാതെ വിവാഹം കഴിച്ചതായിരുന്നു പ്രിയതമ. പിന്നീടാണ് അവളും ക്രിസ്ത്യാനിയായത്.

"എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും, ഞാൻ അതൊന്നും സാരമാക്കുന്നില്ല. എൻ്റെ ഗ്രാമത്തെ മറക്കാനും എവിടെപ്പോയി ജീവിക്കാനും എനിക്ക് കഴിയും. ഒരു കാര്യം തീർച്ച, ഞാൻ എന്നും ക്രിസ്ത്യാനി ആയിരിക്കും," തൻ്റെ ഭർത്താവ് രക്തസാക്ഷിയാകേണ്ടി വന്ന വിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള നിശ്ചയദാർഢ്യം പ്രിയതമ ആവർത്തിച്ചു.

അഭിമന്യുവിൻ്റെ രക്തസാക്ഷിത്വത്തിനുശേഷവും ആ കുടുംബത്തിൻ്റെ ദുരിതങ്ങൾ തുടർന്നു. തൻ്റെ പിതാവിൻ്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസിൻ്റെ തുടർ നടപടികൾക്കായി കന്ധമാലിലെ അഭയാർത്ഥി ക്യാംപിൽ തങ്ങിയിരുന്ന മകനായിരുന്നു കാവിപ്പടയുടെ അടുത്ത ലക്‌ഷ്യം. വിവിധ ഓഫീസുകൾ പലതവണ കയറിയിറങ്ങി, രേഖകൾ തയ്യാറാക്കി. സർക്കാരിൽ നിന്ന് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നേടിയെടുക്കുന്നതിന്, 14 വയസ്സുമാത്രമുള്ള ടുക്ന അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്.

ഹിന്ദുമതം ആശ്ലേഷിക്കണമെന്ന് മൗലികവാദികൾ ടുക്നയെ പലതവണ ഭീഷണിപ്പെടുത്തി. അവർ മകനോട് ആക്രോശിച്ച വാക്കുകൾ 'അമ്മ വെളിപ്പെടുത്തി. "നിനക്ക് നിൻ്റെ അച്ഛൻ്റെ വിധിതന്നെ വേണോ?| അപ്പോൾ തൻ്റെ മകൻ പതറാതെ കൊടുത്ത മറുപടി ആ 'അമ്മ അഭിമാനത്തോടെ ആവർത്തിച്ചു: "നിങ്ങൾ എൻ്റെ പിതാവിനെ കൊന്നു. ജീവനോടെ തിരിച്ചുകൊണ്ടുവരിക. അപ്പോൾ ഞാൻ ഹിന്ദുവാകാം."

ഈ അവസ്ഥയിൽ മൂന്നു പെൺമക്കളുടെ ഭാവി സംബന്ധിച്ച് പരിഭ്രാന്തിയുണ്ടോ എന്ന ചോദ്യത്തിന്, "അവരുടെ കാര്യം ദൈവം നോക്കിക്കൊള്ളും" എന്നായിരുന്നു പ്രിയതമയുടെ പ്രതികരണം. പെൺകുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാനാകാതെ വന്നപ്പോൾ അവരെ മഠംവക ഹോസ്റ്റലിൽ ആക്കിയശേഷം പ്രിയതമ മകനോടൊത്ത് കന്ധമാലിൽത്തന്നെ താമസിച്ചു. പെൺമക്കളെ പിരിഞ്ഞിരിക്കുന്നത് കടുത്ത മനോവേദന ഉളവാക്കിയെങ്കിലും വേറെ മാർഗ്ഗമില്ലായിരുന്നു അവൾക്ക്.

തുടരും... (അടുത്ത ബുധനാഴ്ച: പാറക്കല്ലു കൊണ്ട് കൊല്ലപ്പെട്ട പാസ്റ്റര്‍: കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]


Related Articles »