News - 2024

വ്യാജ മതനിന്ദക്കുറ്റം: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ

പ്രവാചക ശബ്ദം 09-09-2020 - Wednesday

ലാഹോര്‍: കുപ്രസിദ്ധമായ മതനിന്ദക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവ വിശ്വാസിയ്ക്കു പാക്കിസ്ഥാനിലെ ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശി ആസിഫ് പര്‍വേസ് മസീഹ് (37) ആണു ശിക്ഷിക്കപ്പെട്ടത്. മൂന്നുവര്‍ഷത്തെ തടവും 50,000 രൂപ പിഴയും ഇദ്ദേഹത്തിന് ലാഹോര്‍ സെഷന്‍സ് കോടതി ജഡ്ജി മന്‍സൂര്‍ അഹമ്മദ് ഖുറേഷി വിധിച്ചു. 2013 മുതല്‍ മസീഹ് തടങ്കലിലാണ്. ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥനു മതനിന്ദക്കുറ്റത്തിനു കാരണമായ മെസേജ്' അയച്ചുവെന്ന ആരോപണമാണ് കെട്ടിച്ചമച്ചത്.

ആസിഫ് ജോലി ചെയ്തിരുന്ന വസ്ത്രനിര്‍മാണശാലയില്‍ മേലുദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സയീദ് ഖോക്കര്‍ ആണ് പരാതി നല്കിയത്. അതേസമയം, തന്നെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ട മുഹമ്മദ് സയീദ് മതനിന്ദാക്കുറ്റം ആരോപിക്കുകയായിരുന്നുവെന്ന് മസീഹ് വ്യക്തമാക്കി. സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചശേഷവും ഇദ്ദേഹം മതപരിവര്‍ത്തനത്തിനു ശ്രമിച്ചു. വഴങ്ങാതിരുന്നപ്പോഴാണ് ആരോപണം ഉന്നയിച്ചതെന്ന് മസീഹിന്റെ അഭിഭാഷകന്‍ സെയ്ഫ് ഉള്‍ മലൂക്ക് പറഞ്ഞു. പ്രവാചക നിന്ദയ്ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പാകിസ്ഥാനില്‍ നിലവില്‍ 80 പേരാണ് മതനിന്ദക്കുറ്റത്തില്‍ തടവില്‍ കഴിയുന്നത്. യു.എസ്.സി.ഐ.ആര്‍.എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ പകുതിയിലേറെ പേരും ജീവപരന്ത്യം ശിക്ഷയ്‌ക്കോ വധശിക്ഷയ്‌ക്കോ വിധിക്കപ്പെട്ടവരാണ്. ഇവരിലേറെയും രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്. വ്യാജ മതനിന്ദ കുറ്റം ആരോപിച്ച് എട്ട് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ആസിയ ബീബി എന്ന ക്രൈസ്തവ വനിതയ്ക്കു ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്നു മോചനം ലഭിച്ചിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു രാജ്യത്തു വന്‍ കലാപമാണ് അരങ്ങേറിയത്. പലപ്പോഴും വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഭൂരിപക്ഷ സമൂഹമായ ഇസ്ലാമിലെ തീവ്ര വിഭാഗം ന്യൂനപക്ഷങ്ങളെ മതനിന്ദാ കേസിൽ കുടുക്കുന്നത്. ആസിഫ് പര്‍വേസിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയിലാണ് പാക്ക് ക്രൈസ്തവ സമൂഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »