News - 2024

തിരുവോസ്തി മോഷണം പോയി: നൊവേനയ്ക്കു ആഹ്വാനവുമായി ആഫ്രിക്കന്‍ മെത്രാന്‍

പ്രവാചക ശബ്ദം 10-09-2020 - Thursday

മാങ്ങോച്ചി: ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ സന്യസ്ഥര്‍ താമസിക്കുന്ന മഠത്തിലെ ചാപ്പലില്‍ തിരുവോസ്തിയും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയ സാഹചര്യത്തില്‍ നൊവേനക്ക് ആഹ്വാനം ചെയ്തുകൊണ്ട് പ്രാദേശിക രൂപതാ മെത്രാന്റെ പ്രസ്താവന. ദൈവ സന്നിധിയില്‍ ക്ഷമാപണം നടത്തിയും മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനും നീതി നദി പോലെ ഒഴുകുന്നതിനുമായി മാങ്ങോച്ചി രൂപതാധ്യക്ഷന്‍ മോണ്‍. മോണ്ട്ഫോര്‍ട്ട് സ്റ്റിമയാണ് പ്രാര്‍ത്ഥനാഹ്വാനം നല്‍കിയത്. വൈദികരും, സന്യസ്ഥരും സെപ്റ്റംബര്‍ ഏഴിന് നൊവേന ആരംഭിച്ചെങ്കിലും വിശ്വാസികള്‍ സെപ്റ്റംബര്‍ 14 മുതലാണ് നൊവേന ആരംഭിക്കുക.

തകര്‍ന്ന ഹൃദയത്തോടും, ദൈവം നമ്മളെ തനിച്ചാക്കുകയില്ലെന്ന പ്രതീക്ഷയോടും കൂടിയാണ് താന്‍ ഇതെഴുതുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാന്റെ പ്രസ്താവന ആരംഭിക്കുന്നത്. തിരുവോസ്തി മോഷ്ടിക്കപ്പെട്ടതിനാല്‍ കര്‍ത്താവായ യേശു ക്രിസ്തുവിനോടുള്ള ക്ഷമാപണം നൊവേനയുടെ പിന്നിലെ ലക്ഷ്യമാണെന്ന്‍ ബിഷപ്പ് കുറിച്ചു. മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതുവരെ പ്രാര്‍ത്ഥന മുടക്കരുതെന്നും പ്രസ്താവനയിലുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ‘പോവെറെല്ലെ സിസ്റ്റേഴ്സിന്റെ’ കാങ്കാവോ ഇടവകയിലുള്ള കോണ്‍വെന്റില്‍ മോഷണം നടക്കുന്നത്. മാങ്ങോച്ചി ആസ്ഥാനമാക്കിയുള്ള പോവെറെല്ലെ സിസ്റ്റേഴ്സ് 1983 മുതല്‍ മലാവിയുടെ തെക്കന്‍ മേഖലയില്‍ സേവനം ചെയ്തുവരികയാണ്. സെക്യൂരിറ്റി ഗാര്‍ഡുകളെ കീഴടക്കി ഗേറ്റ് കടന്ന ശേഷം ചാപ്പലില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സക്രാരി തുറന്ന്‍ വാഴ്ത്തിയ തിരുവോസ്തി കൈക്കലാക്കുകയായിരിന്നു. പണം, ലാപ്ടോപ്‌, പേഴ്സ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »