Arts
വ്യാജ പ്രവാചകരുടെ അന്ത്യകാല പ്രവചനങ്ങള്‍ പൊളിച്ചടുക്കി പുണ്യാളന്‍: ഫിയാത്ത് മിഷന്റെ പുതിയ വീഡിയോയും വൈറല്‍
പ്രവാചക ശബ്ദം 10-09-2020 - Thursday
കൊച്ചി: കത്തോലിക്ക സഭയിലെ കാലിക പ്രസക്തിയുള്ള സംശയങ്ങൾക്ക് ലളിതവും മനോഹരവുമായ വിധത്തില്‍ തമാശയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഫിയാത്ത് മിഷൻ പുണ്യാളന്‍ സീരീസ് വീഡിയോ പതിവുപോലെ ഇത്തവണയും വൈറല്‍. എംപറര്‍ ഇമ്മാനുവേല്‍ എന്ന പ്രസ്ഥാനത്തിന്റെ അബദ്ധ പ്രബോധനങ്ങളും അന്ത്യകാല പ്രവചനങ്ങള്‍ എന്ന പേരില്‍ പ്രചരണം നടത്തുന്നവരെയും തുറന്നുക്കാട്ടിക്കൊണ്ടാണ് ഫിയാത്ത് മിഷന്‍ പുണ്യാളന്‍ സീരീസിലെ ഏഴാം വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഒരു സാധാരണ ക്രൈസ്തവ കുടുംബത്തിലെ പരാധീനതകളോടെ ആരംഭിക്കുന്ന വീഡിയോയിൽ മദ്യപാനിയായ ഒരു പിതാവ് ആരുടെയോ നിർബന്ധത്തിനു വഴങ്ങി ഒരു ധ്യാനകേന്ദ്രത്തിൽ പോകുന്നതും തിരിച്ചു വന്നു അന്ത്യകാലമടുത്തെന്നും വീടും സ്ഥലവും ധ്യാനകേന്ദ്രത്തിനു എഴുതികൊടുക്കാൻ പോകുകയാണെന്നുള്ള തീരുമാനം കേട്ട് പുണ്യാളന്റെ അടുത്ത് അഭിപ്രായം ചോദിക്കുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. 'അന്ത്യകാലം അടുത്തു' എന്ന പേരിൽ പലരും ഭയപ്പെടുത്തി കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നതിനെ ചൂണ്ടിക്കാണിച്ചും അതിനു വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളുടെ അടിസ്ഥാനത്തിലുള്ള മറുപടിയും 'പുണ്യാളന്‍' വീഡിയോയെ മനോഹരമാക്കുന്നു.
"എന്നാല്‍, ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മര്‍ക്കോസ് 13:32) എന്ന വചനം ഉള്‍പ്പെടെയുള്ള വസ്തുതകള്‍ നിരത്തിയാണ് പുണ്യാളന്‍റെ വിശദീകരണം. ഒരു മനുഷ്യന്റെ മരണത്തോടെ അവന്റെ അന്ത്യമാകുകയും ക്രിസ്തുവിനെ നേരിൽ കാണാൻ സാധിക്കുകയും ചെയ്യും. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വീണ്ടും വരുമെന്നും വിശ്വസിക്കുന്നുവെന്നുമാണ് വിശ്വാസ പ്രമാണത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നത്. അതുവരെ ദിവ്യബലിയിൽ അവിടുത്തെ ദർശിച്ചു പ്രാർത്ഥനയോടെ ജീവിതത്തിന്റെ അവസാനത്തിനായി ഒരുങ്ങണമെന്നും പുണ്യാളൻ ഓര്‍മ്മിപ്പിക്കുന്നു.
ഭൂമി നൽകി മറ്റു സഭകളിൽ ചേരുന്നതിനേക്കാൾ ക്രിസ്‌തുവിന്റെ സ്വന്തം സഭയോട് ചേർന്ന് നിൽക്കുവാനുള്ള ആഹ്വാനത്തോടെയാണ് പുണ്യാളന്റെ വിശദീകരണം അവസാനിക്കുന്നത്. നര്‍മ്മമുള്ള അനേകം ഭാഗങ്ങളും വീഡിയോയെ രസകരമാക്കുന്നുണ്ട്. യൂട്യൂബിലും വിവിധ ഫേസ്ബുക്ക് പേജുകളിലുമായി പതിനായിരങ്ങളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)