News - 2025
അടുത്ത അമേരിക്കന്‍ ദിവ്യകാരുണ്യ കോൺഗ്രസ് 2029-ൽ
പ്രവാചകശബ്ദം 08-02-2025 - Saturday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ദശലക്ഷകണക്കിന് വിശ്വാസികളെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ് നാല് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നടത്തുവാന്‍ തീരുമാനം. 2029-ൽ പതിനൊന്നാമത് ദേശീയ യൂക്കരിസ്റ്റിക് കോൺഗ്രസിന് തയ്യാറെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തങ്ങൾ ആരംഭിച്ചതായി നാഷ്ണല്‍ യൂക്കരിസ്റ്റിക് കോൺഗ്രസ് സിഇഒ ജേസൺ ഷാങ്‌സ് സിഎൻഎയ്ക്ക് അയച്ച ഇമെയിൽ സന്ദേശത്തില്‍ കുറിച്ചു. തങ്ങള്‍ പങ്കുവെച്ച ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം വീണ്ടും ആഘോഷിക്കുന്നതിനായി അമേരിക്കൻ സഭ വീണ്ടും ഒന്നിക്കുന്നതിന് ആഗ്രഹിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
യേശുവിന്റെ കുരിശിലെ ത്യാഗ ബലിക്ക് 2000 വർഷം തികയുന്ന 2033-ല്‍ അടുത്ത ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് 2033 ജൂബിലി വര്‍ഷത്തിന് മുന്‍പ് തന്നെ മറ്റൊരു ദിവ്യകാരുണ്യ കോണ്‍ഗ്രസ് കൂടി നടത്തുവാന്‍ സഭാനേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കൻ മണ്ണിൽ നടന്ന ആദ്യ ദിവ്യകാരുണ്യ കോണ്‍ഗ്രസിനാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയം വേദിയായത്. സീറോ മലബാര്‍ ക്രമത്തില്‍ ഉള്‍പ്പെടെ വിവിധ വിശുദ്ധ കുര്‍ബാനകള്‍, ദിവ്യകാരുണ്യ ആരാധന, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, ദിവ്യകാരുണ്യ പ്രദിക്ഷണം എന്നിവ ഇതിന്റെ ഭാഗമായി നടന്നിരിന്നു.
കഴിഞ്ഞ വേനൽക്കാലത്ത് ഇന്ത്യാനപോളിസിൽ നടന്ന ഒത്തുചേരലിൽ നിന്നു ലഭിച്ച കൃപയിൽ പടുത്തുയർത്താൻ അനേകര്‍ ഉത്സുകരാണെന്നും മുന്‍പത്തെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വിജയത്തിനായി പ്രാർത്ഥിക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്ത എണ്ണമറ്റ വ്യക്തികളാണെന്ന് തിരിച്ചറിയുന്നുണ്ടെന്നും സിഇഒ ജേസൺ ഷാങ്‌സ് പറഞ്ഞു. തങ്ങൾക്കൊപ്പം പ്രാർത്ഥിക്കാൻ തങ്ങളോടൊപ്പം ചേരാൻ സഭാമക്കളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി കാലിഫോർണിയ, കണക്റ്റിക്കട്ട്, മിനസോട്ട, ടെക്സാസ് എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച് നാല് തീർത്ഥാടന റൂട്ടുകളിലായി 6,500 മൈൽ കാല്‍നട ദിവ്യകാരുണ്യ തീര്‍ത്ഥാടനം നടന്നിരിന്നുവെന്നതും ശ്രദ്ധേയമാണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)