Events

രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ സഭക്ക് മുഴുവനും അഭിമാനം പകരുന്ന ആത്മീയ ശുശ്രുഷ : ആർച്ച് ബിഷപ്പ് ഇമെരിറ്റ്സ് കെവിൻ മാക്‌ ഡൊണാൽഡ്.

സ്വന്തം ലേഖകൻ 02-08-2015 - Sunday

ബർമിങ്ങ്ഹാം ബെഥേൽ കണ്‍വൻഷൻ സെന്ററിൽ വച്ച് എല്ലാ മാസവും നടന്നു വരുന്ന Second Saturday കണ്‍വൻഷൻ രാജ്യത്തെ എല്ലാ വിശ്വാസികൾക്കും അഭിമാനം പകരുന്ന ആത്മീയ ശുശ്രുഷയാണന്ന് ആർച്ച് ബിഷപ്പ് ഇമെരിറ്റ്സ് കെവിൻ മാക്‌ഡൊണാൽഡ് പ്രസ്താവിച്ചു. കഴിഞ്ഞ മാസം നടന്ന അഭിഷേകാഗ്നി കണ്‍വൻഷനിലെ ദിവ്യബലിമദ്ധ്യേ നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

അദ്ദേഹത്തിന് നിരവധി തവണ Second Saturday കണ്‍വൻഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ടന്നും അപ്പോഴൊക്കെ അദ്ദേഹം അനുഭവിച്ചറിഞ്ഞ ആഴമായ ദൈവസ്നേഹത്തെ അനുസ്മരിച്ചു കൊണ്ട് ഇത് പരിശുദ്ധാത്മാവ് നയിക്കുന്ന ഒരു ആത്മീയ ശുശ്രുഷയാണന്ന് പ്രസ്താവിച്ചു. ഈ ശുശ്രുഷയിലൂടെ ദൈവം ഈ രാജ്യത്ത് വിതക്കുന്ന വിത്തുകൾ ഒരിക്കലും പാഴായി പോവുകയില്ലന്നും ഇന്നല്ലങ്കിൽ നാളെ അത് ഫലം ചൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ യുകെ ടീം എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച ബർമിങ്ങ്ഹാമിലുള്ള ബെഥേൽ കണ്‍വൻഷൻ സെന്ററിൽ വച്ച് നടത്തി വരുന്ന ഈ ബൈബിൾ കണ്‍വൻഷനിൽ പങ്കെടുക്കുവാൻ മൂവായിരത്തോളം വരുന്ന ജനങ്ങളാണ് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരുന്നത്. വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞ നിരവധി രോഗികൾക്ക് ഈ ബൈബിൾ കണ്‍വൻഷനിലൂടെ സൗഖ്യം നൽകിക്കൊണ്ട് ക്രിസ്തു, താൻ ഇന്നും പ്രവർത്തിക്കുന്ന ദൈവമാണന്നും തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് താൻ ഇന്നും സമീപസ്ഥനാണന്നും വെളിപ്പെടുത്തുന്നു.

ഈ കണ്‍വൻഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും പ്രത്യേക ശുശ്രുഷകളിലൂടെ അനേകം കുട്ടികളാണ് തെറ്റിന്റെ വഴികൾ ഉപേക്ഷിച്ച് മാതാപിതാക്കളെ അനുസരിക്കുന്ന, ദൈവത്തെ സ്നേഹിക്കുന്ന കുട്ടികളായി മാറുന്നത്. ഇഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന ഈ വലിയ കണ്‍വൻഷനിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് നിരവധി ബ്രിട്ടീഷുകാരും മറ്റു ഭാഷക്കാരും കോച്ചുകളിലും കാറുകളിലുമായി ഇവിടെ എത്തിച്ചേരുന്നു.

ഈ മാസത്തെ Second Saturday കണ്‍വൻഷൻ അടുത്ത ശനിയാഴ്ച പതിവുപോലെ ബെഥേൽ കണ്‍വൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുമ്പോൾ തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ഫാ. ജോർജ് പനക്കൽ എന്നിവരോടൊപ്പം ഫാ.സോജി ഓലിക്കലും ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഇഗ്ലീഷിലുള്ള ശുശ്രുഷകൾ Fava Cor Et Lumen Community നയിക്കും. രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ഈ ബൈബിൾ കണ്‍വൻഷൻ വൈകുന്നേരം 4 മണിക്ക് സമാപിക്കും.

കണ്‍വൻഷൻ സെന്ററിന്റെ Adress:

Bethel Convention Centre, West Bromwich, B70 7JW