News

ക്രൈസ്തവ കൂട്ടക്കൊലയെ സംബന്ധിച്ച് ട്രംപ് തന്നെ ചോദ്യം ചെയ്തെന്ന് നൈജീരിയൻ പ്രസിഡന്‍റിന്റെ വെളിപ്പെടുത്തല്‍

പ്രവാചക ശബ്ദം 15-09-2020 - Tuesday

അബൂജ: വൈറ്റ് ഹൗസിൽ നടന്ന ചർച്ചക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയെ സംബന്ധിച്ച് തന്നെ ചോദ്യം ചെയ്തുവെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വെളിപ്പെടുത്തൽ. രാജ്യതലസ്ഥാനമായ അബുജയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ബുഹാരി ഇങ്ങനെയൊരു സുപ്രധാന തുറന്നുപറച്ചിൽ നടത്തിയതെന്ന് നൈജീരിയൻ പത്രമാധ്യമമായ 'ദിസ് ഡേ' റിപ്പോർട്ട് ചെയ്തു. ആ സമയം ട്രംപിന്റെ ഓഫീസിൽ താൻ തനിച്ചായിരുന്നു ഉണ്ടായിരുന്നതെന്നും എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ കൊല ചെയ്യുന്നതെന്ന് തന്റെ മുഖത്തുനോക്കി അമേരിക്കൻ പ്രസിഡന്റ് ചോദിച്ചുവെന്നും ബുഹാരി പറഞ്ഞു.

ബുഹാരിയുടെ ഭരണകാലയളവിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളെ സംബന്ധിച്ചാണ് ട്രംപ് ചോദ്യമുയർത്തിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ഇസ്ലാമിക ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. വടക്കൻ നൈജീരിയ ബൊക്കോ ഹറാം ഇസ്ലാമിക തീവ്രവാദികളുടെ ഒരു കേന്ദ്രമാണ്. വടക്കുകിഴക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടന ഇപ്പോൾ തീവ്രവാദി പ്രവർത്തനങ്ങൾ നടത്തുന്നത്. കാമറൂൺ തുടങ്ങിയ സമീപ രാജ്യങ്ങളിലേക്കും തീവ്രവാദികളുടെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്.

കൊറോണവൈറസ് നിയന്ത്രണങ്ങളെ ചൂഷണം ചെയ്ത് പുതിയ ഒരു ഉയർത്തെഴുന്നേൽപ്പിനാണ് ബൊക്കോ ഹറാം ഇപ്പോൾ ശ്രമിക്കുന്നത്. ക്രൈസ്തവ വിശ്വാസികളുടെ വലിയൊരു കുരുതിക്കളമായി നൈജീരിയ മാറുകയാണെന്ന് കത്തോലിക്കാ മാധ്യമ സ്ഥാപനമായ ക്രക്സ് റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരും ക്രൈസ്തവർക്ക് നേരെ വലിയ അതിക്രമങ്ങളാണ് വർഷങ്ങളായി നടത്തുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 50,000 മുതൽ 70000 ക്രൈസ്തവ വിശ്വാസികൾ വരെ നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ക്രക്സ് മാധ്യമം ചൂണ്ടിക്കാട്ടി.

പൊതുവേദിയിൽ ഇസ്ലാമിക തീവ്രവാദത്തെ അപലപിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും, ഇസ്ലാമിക വിശ്വാസിയും, മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരനുമായ ബുഹാരി തീവ്രവാദ പ്രവർത്തനത്തിന് തടയിടാനുള്ള നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലായെന്ന ആരോപണം ദേശീയതലത്തിലും, അന്താരാഷ്ട്രതലത്തിലും ശക്തമാണ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ നൈജീരിയയിലെ സർക്കാർ പ്രതിനിധികൾക്ക് പ്രതിഫലം ലഭിക്കുന്നുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്ന് ചിബോക്ക് സ്കൂളിൽ നിന്നും ക്രൈസ്തവ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയതിന്റെ ആറാം വാർഷിക ദിനത്തിന് തൊട്ടുമുമ്പ് മാർച്ച് മാസം നാഷ്ണൽ ജ്യോഗ്രഫിക്കിന് നൽകിയ അഭിമുഖത്തിൽ ഹംസാതു അലാമിൻ എന്ന് നൈജീരിയൻ ആക്ടിവിസ്റ്റ് പറഞ്ഞിരുന്നു.

സർക്കാർ നേതൃത്വവും, സൈന്യവും, തട്ടിക്കൊണ്ടുപോകുന്നവരും ഇതിൽ നിന്നും പണം ഉണ്ടാക്കുന്നുണ്ട്. ബൊക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായവർക്ക് സഹായം എത്തിക്കാൻ സമ്പന്ന രാജ്യങ്ങളും, മറ്റു സന്നദ്ധ സംഘടനകളും വലിയ സാമ്പത്തികസഹായവും രാജ്യത്തിന് നൽകുന്നുണ്ട്. 2014ൽ ചിബോക്ക് വിദ്യാർഥിനികളെ ബന്ദികളാക്കിയ സ്ഥലം ബ്രിട്ടീഷ് വ്യോമസേന കണ്ടെത്തിയിരുന്നു. അവർ വിദ്യാർഥിനികളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും നൈജീരിയൻ സർക്കാർ ഇത് നിരസിക്കുകയായിരുന്നു. ഇതിനെപ്പറ്റി അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണാണ് പിന്നീട് വെളിപ്പെടുത്തിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »